| Monday, 27th March 2023, 6:19 pm

വൈസ് ക്യാപ്റ്റനായി സഞ്ജു, ടീമില്‍ ഇടം നേടി ബട്‌ലര്‍; ഇതാണ് രാജസ്ഥാന്റെ പെര്‍ഫെക്ട് ഇലവന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ന്റെ ആരവങ്ങള്‍ക്ക് കൊടിയേറാന്‍ ഇനി നാല് ദിവസത്തെ മാത്രം കാത്തിരിപ്പാണ് ബാക്കിയുള്ളത്. കഴിഞ്ഞ സീസണില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കാനുള്ള വാശിയാണ് ഇത്തവണത്തെ ഐ.പി.എല്ലിനിറങ്ങുമ്പോള്‍ സഞ്ജുവിന്റെ മനസില്‍ ഉണ്ടാവുക.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറെ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്ന ടീമാണ് രാജസ്ഥാന്‍. ഉദ്ഘാടന സീസണില്‍ ഒന്നുമാകാന്‍ പോണില്ല എന്ന് വിലയിരുത്തിയ ടീമിനെ തന്റെ ക്യാപ്റ്റന്‍സിയിലും കോച്ചിങ്ങിന്റെ കരുത്തിലും ഷെയ്ന്‍ വോണ്‍ കിരീടത്തിലേക്കെത്തിച്ചപ്പോള്‍ പിറന്നത് ചരിത്രമായിരുന്നു. തുടര്‍ന്നും രാജസ്ഥാന്‍ കിരീടം നേടുമെന്ന് പലരും കരുതിയെങ്കിലും ഒന്നും നടന്നില്ല.

2008 ആയിരുന്നു ടീമിന്റെ സുവര്‍ണകാലഘട്ടമെങ്കില്‍ 2013 ആയിരുന്നു ടീമിന്റെ ഏറ്റവും മോശം കാലഘട്ടം. മാച്ച് ഫിക്‌സിങ്ങിന്റെ പേരില്‍ രണ്ട് വര്‍ഷം വിലക്ക് നേരിട്ട രാജസ്ഥാന് ശേഷം തങ്ങളുടെ മികച്ച നേട്ടങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. 2008ന് ശേഷം 2022ലാണ് രാജസ്ഥാന്‍ ഐ.പി.എല്ലിന്റെ ഫൈനല്‍ കാണുന്നത്. എന്നാല്‍ വോണ്‍ നേടിക്കൊടുത്ത കിരീടം പിങ്ക് സിറ്റിയെ ചൂടിക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോയി.

ഈ കാലയളവില്‍ നിരവധി മികച്ച താരങ്ങള്‍ രാജസ്ഥാന്റെ ഐക്കോണിക് ജേഴ്‌സികളിലെത്തി. പലരും ടീമിന്റെയും ആരാധകരുടെയും പ്രിയപ്പെട്ടവരായി മാറി. കഴിഞ്ഞ 13 സീസണുകളിലായി കളിച്ചവരില്‍ നിന്നുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ ഓള്‍ ടൈം ഇലവനെ പരിശോധിക്കാം.

ഷെയ്ന്‍ വാട്‌സണ്‍

വാട്‌സണില്ലാത്ത രാജസ്ഥാന്റെ ഒരു ഓള്‍ ടൈം ഇലവന്‍ ചിന്തിക്കാന്‍ പോലും സാധിക്കില്ല. 2008ല്‍ രാജസ്ഥാന്‍ കപ്പുയര്‍ത്തുമ്പോള്‍ അതില്‍ നിര്‍ണായകമായത് വാട്‌സണായിരുന്നു. ആദ്യ സീസണില്‍ പരിക്കിന്റെ പിടിയിലായ വാട്‌സണെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നെങ്കിലും വിമര്‍ശകരുടെ വായടപ്പിച്ചാണ് വാട്‌സണ്‍ കളം നിറഞ്ഞാടിയത്. രാജസ്ഥാന്റെ ഏറ്റവും മികച്ച രണ്ടാമത്തെ റണ്‍വേട്ടക്കാരനും വിക്കറ്റ് വേട്ടക്കാരനും വാട്‌സണ്‍ തന്നെ.

അജിന്‍ക്യ രഹാനെ

2011ല്‍ മുംബൈയില്‍ നിന്നും രാജസ്ഥാനിലെത്തിയ രഹാനെ 2012ല്‍ ടീമിന്റെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനായിരുന്നു. 560 റണ്‍സാണ് താരം ആ സീസണില്‍ നേടിയത്. ഐ.പി.എല്ലിന്റെ ഒരു സീസണില്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ടോപ്പ് ഓര്‍ഡറില്‍ ഒരുകാലത്ത് ടീമിന്റെ വിശ്വസ്തനായിരുന്ന രഹാനെ ഓള്‍ ടൈം ഇലവനില്‍ സ്ഥാനം പിടിക്കും.

രാഹുല്‍ ദ്രാവിഡ്

ആദ്യ സീസണുകളില്‍ ബെംഗളൂരുവിനൊപ്പമായിരുന്ന രാഹുല്‍ ദ്രാവിഡ് 2011ലാണ് രാജസ്ഥാനിലെത്തുന്നത്. 2012ല്‍ താരം ടീമിനെ നയിക്കുകയും ചെയ്തിരുന്നു. രാജസ്ഥാന് വേണ്ടി കളിച്ച മൂന്ന് സീസണുകളിലായി 1324 റണ്‍സാണ് താരം നേടിയത്.

ജോസ് ബട്‌ലര്‍

2018ല്‍ ടീമിനൊപ്പം ചേര്‍ന്ന ബട്‌ലര്‍ രാജസ്ഥാന്റെ ഓള്‍ ടൈം പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിക്കണമെങ്കില്‍ അത്രത്തോളം വലിയ ഇംപാക്ട് തന്നെയാകും താരം ടീമിന് നല്‍കിയത്. 2018ല്‍ താരം 548 റണ്‍സ് നേടുകയും 2015ന് ശേഷം രാജസ്ഥാനെ പ്ലേ ഓഫില്‍ കടക്കുന്നതിന് സഹായിക്കുകയും ചെയ്തു. സ്ഥിരത നിലനിര്‍ത്തിയ ബട്‌ലറിന്റെ കഴിഞ്ഞ സീസണിലെ പ്രകടനം താരത്തിന്റെ ഓള്‍ ടൈം ഇലവനിലെ സ്ഥാനം ഉറപ്പാക്കുന്നു.

സഞ്ജു സാംസണ്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍)

ഷെയ്ന്‍ വോണിന് ശേഷം രാജസ്ഥാന്‍ റോയല്‍സ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍, അതായിരുന്നു സഞ്ജു സാംസണ്‍. 2013ല്‍ രാജസ്ഥാനിലെത്തിയ താരം 206 റണ്‍സ് നേടുകയും മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള സീസണിസലെ ശരാശരി പ്രകടനത്തിന് പിന്നാലെ താരത്തെ ടീം ഒഴിവാക്കിയിരുന്നു. ദല്‍ഹി ഡെയര്‍ഡവിള്‍സിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ 2018ല്‍ രാജസ്ഥാന്‍ തിരികെ വിളിക്കുകയായിരുന്നു. തിരിച്ചുവരവില്‍ 441 റണ്‍സ് നേടുകയും 2021ല്‍ ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുക്കുകയുമായിരുന്നു.

യൂസഫ് പത്താന്‍

രാജസ്ഥാന്‍ റോയല്‍സിനെ ഉദ്ഘാടന ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു യൂസഫ് പത്താന്‍. 435 റണ്‍സാണ് താരം ആദ്യ സീസണില്‍ സ്വന്തമാക്കിയത്. എട്ട് വിക്കറ്റും ആദ്യ സീസണില്‍ താരം സ്വന്തമാക്കിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പിച്ച് ഐ.പി.എല്ലിന്റെ കിരീടം ചൂടിയപ്പോള്‍ ഫൈനലിന്റെ താരമായതും പത്താനായിരുന്നു.

സ്റ്റുവര്‍ട്ട് ബിന്നി

രാജസ്ഥാന്‍ റോയല്‍സ് ആരാധകരുടെ മനസില്‍ എന്നും ഒരു പ്രത്യേക ഇഷ്ടമാണ് സ്റ്റുവര്‍ട്ട് ബിന്നിയോടുള്ളത്. 2011ല്‍ ടീമിലെത്തിയ താരം രാജസ്ഥാന്റെ വിശ്വസ്തരില്‍ പ്രധാനിയായിരുന്നു. 2011 മുതല്‍ 2015 വരെ രാജസ്ഥാനിലെ സ്ഥിര സാന്നിധ്യമായിരുന്ന ബിന്നി, ടീമിന് വിലക്ക് ലഭിച്ചതിന് പിന്നാലെ 2016ല്‍ ബെംഗളൂരുവിലേക്ക് ചേക്കേറുകയും ശേഷം 2018ല്‍ തിരികെ ജയ്പൂരിലെത്തുകയുമായിരുന്നു.

ജെയിംസ് ഫോക്‌നര്‍

പൂനെ വാറിയേഴ്‌സിനും കിങ്‌സ് ഇലവന്‍ പഞ്ചാബിനും വേണ്ടി ഒരോ സീസണ്‍ കളിച്ചതിന് ശേഷമാണ് ഫോക്‌നര്‍ 2013ല്‍ റോയല്‍സിന്റെ ഭാഗമാകുന്നത്. ആ വര്‍ഷം 28 വിക്കറ്റുകള്‍ വീഴ്ത്തിയ താരം ടീമിന്റെ ബൗളിങ് യൂണിറ്റിലെ നിര്‍ണായക സാന്നിധ്യമായിരുന്നു. ആകെ മൂന്ന് സീസണില്‍ രാജസ്ഥാന്റെ ഭാഗമായ ഫോക്‌നര്‍ ഓള്‍ ടൈം ഇലവന്റെ ഭാഗമാകാന്‍ യോഗ്യനാണ്.

ജോഫ്രാ ആര്‍ച്ചര്‍

2018ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായ ഈ ഇംഗ്ലണ്ട് പേസര്‍ സഡന്‍ ഇംപാക്ടായിരുന്നു ഉണ്ടാക്കിയത്. 2020ല്‍ ടീമിനോട് ഗുഡ് ബൈ പറയും മുമ്പ് തന്നെ ആരാധകരുടെ മനസില്‍ പ്രത്യേക സ്ഥാനം നേടാന്‍ താരത്തിന് സാധിച്ചിരുന്നു. രാജസ്ഥാന് വേണ്ടി ആകെ കളിച്ച 35 മത്സരത്തില്‍ നിന്നും 46 വിക്കറ്റാണ് താരം വീഴ്ത്തിയത്.

ഷെയ്ന്‍ വോണ്‍ (ക്യാപ്റ്റന്‍)

ഉദ്ഘാടന സീസണിലെ ഏക വിദേശ ഐക്കണ്‍ താരമായിരുന്ന വോണിന്റെ ചിറകിലേറിയാണ് രാജസ്ഥാന്‍ കപ്പുയര്‍ത്തിയത്. ആദ്യ സീസണില്‍ 19 വിക്കറ്റ് വീഴ്ത്തിയാണ് വോണ്‍ ടീമിന്റെ നെടുംതൂണായത്. തുടര്‍ന്നുള്ള മൂന്ന് സീസണുകളിലായി 14, 11, 13 എന്നിങ്ങനെയായിരുന്നു താരത്തിന്റെ വിക്കറ്റ് നേട്ടം. ടീമിനായി 57 വിക്കറ്റ് വീഴ്ത്തിയ വോണ്‍ തന്നെയാണ് ടീമിന്റെ ഏറ്റവും മികച്ച മൂന്നാമത് വിക്കറ്റ് വേട്ടക്കാരന്‍.

സിദ്ധാര്‍ത്ഥ് ത്രിവേദി

വോണും വാട്‌സണും സഞ്ജുവുമില്ലാതെ എങ്ങനെ രാജസ്ഥാന്‍ റോയല്‍സിന്റെ ഓള്‍ ടൈം പ്ലെയിങ് ഇലവന്‍ അപൂര്‍ണമാകുമോ, അതേ വിടവാണ് സിദ്ധാര്‍ത്ഥ് ത്രിവേദിയുടെ അഭാവം ടീമിലുണ്ടാക്കുക. ആദ്യ സീസണില്‍ 13 വിക്കറ്റ് വീഴ്ത്തിയ താരം തുടര്‍ന്നുള്ള സീസണുകളിലും വിക്കറ്റ് വീഴ്ത്തലിലെ തന്റെ സ്ഥിരത കൈവിടാതെ കാത്തുപോന്നു. രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ (65) താരവും ത്രിവേദി തന്നെ. 2013ല്‍ താരത്തിന് ഒരു വര്‍ഷത്തെ വിലക്ക് ലഭിച്ചതോടെ ത്രിവേദി ഐ.പി.എല്ലിനോട് തന്നെ ഗുഡ്‌ബൈ പറയുകയായിരുന്നു.

Content highlight: Rajastan Royals’ all time eleven

We use cookies to give you the best possible experience. Learn more