| Thursday, 6th August 2020, 5:13 pm

രാജസ്ഥാനില്‍ ബി.ജെ.പിക്കും ബി.എസ്.പിക്കും തിരിച്ചടി, ഗെലോട്ടിന് ആശ്വാസം; ഇന്ന് കോടതിയില്‍ സംഭവിച്ചത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് നേരിയ ആശ്വാസം. കോണ്‍ഗ്രസില്‍ ലയിച്ച ബി.എസ്.പി എം.എല്‍.എമാര്‍ക്കെതിരായ ഹരജികള്‍ രാജസ്ഥാന്‍ ഹൈക്കോടതി തള്ളി. ബി.ജെ.പി എം.എല്‍.എയും ബി.എസ്.പിയും സമര്‍പ്പിച്ച വിവിധ ഹരജികളാണ് ഹൈക്കോടതി തള്ളിയത്.

വിഷയത്തില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഇരുകക്ഷികളും ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ സമര്‍പ്പിച്ച ഹരജികളാണ് തള്ളിയത്. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ച് നേരത്തെ വിലയിരുത്തിയിരുന്നു. ആറ് ബി.എസ്.പി എം.എല്‍.എമാരും കോണ്‍ഗ്രസ് നിയമസഭാംഗങ്ങളായി തുടരുമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെയും നിരീക്ഷണം.

ബി.ജെ.പി എം.എല്‍.എ മദന്‍ ദിലാവര്‍, ബി.എസ്.പി ദേശീയ സെക്രട്ടറി സതീഷ് മിശ്ര എന്നിവരായിരുന്നു ചൊവ്വാഴ്ച സിംഗിള്‍ ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്ത് കോടതിയെ വീണ്ടും സമീപിച്ചത്.

2019 ഡിസംബറില്‍ ആറ് ബി.എസ്.പി എം.എല്‍.എമാരെ കോണ്‍ഗ്രസില്‍ ലയിപ്പിച്ച സ്പീക്കര്‍ സി.പി ജോഷിയുടെ തീരുമാനത്തിനെതിരെയായിരുന്നു ഇരുപാര്‍ട്ടികളുടെയും നീക്കം.

ജസ്റ്റിസ് മഹേന്ദ്ര കുമാര്‍ ഗോയല്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നേരത്തെ സ്പീക്കര്‍ക്കും ആറ് എം.എല്‍.എമാര്‍ക്കും ഓഗസ്റ്റ് 11ന് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍, ഇവരുടെ നിയമസഭാംഗത്വം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്തു.

ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തി ജസ്റ്റിസ് പ്രകാശ് ഗുപ്ത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ബുധനാഴ്ച സ്പീക്കര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ നോട്ടീസിനോട് പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.

ഡിവിഷന്‍ ബെഞ്ചിലെ അപ്പീല്‍ നിലനില്‍ക്കില്ലെന്നാണ് സ്പീക്കര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചത്. എം.എല്‍.എമാര്‍ക്ക് നോട്ടീസുകള്‍ നല്‍കുന്ന പോസ്റ്റ്ഓഫീസായി സ്പീക്കറുടെ ഓഫീസിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും സിബല്‍ പറഞ്ഞു.

ഇതിന് മറുപടിയായി ഡിവിഷന്‍ ബെഞ്ച് ജയ്‌സാല്‍മീറിലെ ജില്ലാ ജഡ്ജി മുഖേന നോട്ടീസ് നല്‍കാനും പത്രങ്ങളില്‍ പരസ്യം ചെയ്യാനും നിര്‍ദ്ദേശം നല്‍കി.

രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഗെലോട്ട് സര്‍ക്കാരിന് കേവല ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തിലാണ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗെലോട്ടും പൈലറ്റും തമ്മിലുള്ള അധികാര തര്‍ക്കങ്ങള്‍ ആരംഭിച്ചപ്പോഴാണ് ബി.എസ്.പിയും ബി.ജെ.പിയും ഈ വിഷയവും ഉയര്‍ത്തി സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more