| Tuesday, 4th August 2020, 5:44 pm

'അവരാദ്യം ബി.ജെ.പിയുടെ ആതിഥ്യം ഉപേക്ഷിക്കട്ടെ, ബാക്കിയെല്ലാം അത് കഴിഞ്ഞ്'; കടുപ്പിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ വിമത എം.എല്‍.എമാര്‍ക്കു മുമ്പില്‍ ഉപാധികള്‍ നിരത്തി കോണ്‍ഗ്രസ്. രാഷ്ട്രീയ നാടകങ്ങള്‍ക്ക് തുടക്കമിട്ട 19 എം.എല്‍.എമാര്‍ക്കും പാര്‍ട്ടിയുമായി മുന്നോട്ടുപോകണമെന്നുണ്ടെങ്കില്‍ ആദ്യം ഹരിയാനയിലെ ഖട്ടര്‍ സര്‍ക്കാരിന്റെ ആതിഥ്യവും ബി.ജെ.പിയുടെയും ഹരിയാന പൊലീസിന്റെയും സംരക്ഷണവും ഒഴിവാക്കണമെന്ന് പാര്‍ട്ടി ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. അങ്ങനെ ചെയ്താല്‍ എംഎല്‍.എമാരുമായി ചര്‍ച്ച നടത്താമെന്നും അദ്ദേഹം അറിയിച്ചു.

വിമതര്‍ക്കായി കോണ്‍ഗ്രസിന്റെ വാതിലുകള്‍ തുറന്നിട്ടുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അവരാദ്യം ബി.ജെ.പിയുടെ ആതിഥ്യവും സൗഹൃദവും ഹരിയാന പോലീസിന്റെ സുരക്ഷയും ഉപേക്ഷിക്കണമെന്നായിരുന്നു സുര്‍ജേവാലയുടെ മറുപടി.

കോണ്‍ഗ്രസ് എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ജയ്‌സാല്‍മീറിലെ ഹോട്ടലിന് പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

‘നിരപരാധികളായ കുട്ടികളെ കൊലപ്പെടുത്തുകയും സ്ത്രീകള്‍ കൂട്ട ബലാത്സംഗത്തിന് ഇരയാവുകയും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പതിവാകുകയും ചെയ്യുന്ന ഹരിയാനയില്‍ അവര്‍ക്കൊന്നും പൊലീസിന്റെ യാതൊരു സംരക്ഷണവുമില്ല. എന്നാല്‍ 19 എം.എല്‍.എമാര്‍ക്കായി ആയിരത്തോളം പൊലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. വിമത എം.എല്‍.എമാര്‍ക്ക് ബി.ജെ.പി സുരക്ഷ ഒരുക്കുന്നു. എന്താണിതിന്റെ അര്‍ത്ഥം?’, അദ്ദേഹം ചോദിച്ചു.

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ ബീഹാര്‍ പൊലീസിന്റെ ഇടപെടലിനെയും സുര്‍ജേവാല വിമര്‍ശിച്ചു. അന്വേഷണം മഹാരാഷ്ട്ര പൊലീസിന്റെ പരിധിയില്‍ത്തന്നെ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ക്രമസമാധാന പാലനം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ബീഹാര്‍ സര്‍ക്കാരിനും പൊലീസിനും ബലമായി നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ല. അത്തരം നടപടി അരാജകത്വത്തിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more