| Saturday, 1st April 2023, 5:38 pm

രാജസ്ഥാനില്‍ ഗ്യാസ് വില 500 രൂപയാക്കി കുറച്ചു; പ്രഖ്യാപനം നടത്തി കോണ്‍ഗ്രസ് ട്വീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ഇന്ന് മുതല്‍ പാചക വാതക സിലിണ്ടര്‍ 500 രൂപക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ്.
പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രാജസ്ഥാന്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ ട്വീറ്റിലാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനമുള്ളത്.

‘രാജസ്ഥാന്‍ നിവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, ഇന്ന് മുതല്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിങ്ങള്‍ക്ക് 500 രൂപക്ക് ഗാര്‍ഹിക സിലിണ്ടര്‍ ലഭ്യമാക്കും. മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ കാരണം ഗ്യാസ് വില കുതിച്ചുയരുമ്പോഴാണ് ജനങ്ങള്‍ക്ക് ആശ്വാസമായി കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്,’ എന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രാജസ്ഥാനില്‍ സിലിണ്ടര്‍ വില കുറക്കുമെന്ന സൂചന നല്‍കിയിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ ഓരോ ബി.പി.എല്‍ കുടുംബത്തിനും 500 രൂപ നിരക്കില്‍ വര്‍ഷം തോറും 12 സിലിണ്ടര്‍ ലഭ്യമാക്കുമെന്നായിരുന്നു ഗെഹ്‌ലോട്ടിന്റെ പ്രഖ്യാപനം.

ആയിരത്തിന് മുകളില്‍ വില വരുന്ന എല്‍.പി.ജി സിലിണ്ടറുകള്‍ പകുതി വിലക്ക് തരാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്നാണ് വിലക്കുറവ് പ്രാബല്യത്തില്‍ വരുത്തി കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതിനിടെ കോണ്‍ഗ്രസ് തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ് നടത്തിയ നാടകമാണ് പെട്ടെന്നുള്ള വിലകുറക്കലെന്നാണ് ആരോപണമുയരുന്നത്. സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന സര്‍ക്കാര്‍ വിരുദ്ധ വികാരത്തെ മൂടി വെക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്നായിരുന്നു ബി.ജെ.പി വിമര്‍ശനം.

Content Highlight: rajastan gobvernment reduse cylinder  prize

We use cookies to give you the best possible experience. Learn more