ന്യൂദല്‍ഹി: രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പിയുടെ അട്ടിമറി നീക്കങ്ങളെ പരാജയപ്പെടുത്തും. ഇതിനായി സംസ്ഥാനത്തെ സി.പി.ഐ.എം എം.എല്‍.എമാര്‍ ഗെലോട്ടിനെ പിന്തുണയ്ക്കുമെന്നും യെച്ചൂരി അറിയിച്ചു.
സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് മറ്റൊരു മാനം വന്നിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. ‘മഹാമാരിയുടെ സമയത്ത് സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമായിട്ടുണ്ട്. ഗോവ, കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സര്‍ക്കാരുകളെ ബി.ജെ.പി എങ്ങനെയാണ് നേരിട്ടതെന്നും ഇപ്പോള്‍ അവര്‍ രാജസ്ഥാനില്‍ എന്താണ് ചെയ്യുന്നതെന്നും കാണുന്നുണ്ടല്ലോ’, യെച്ചൂരി പറഞ്ഞു.
സി.പി.ഐ.എം കേന്ദ്രകമ്മറ്റി യോഗത്തിലാണ് യെച്ചൂരി ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തിയത്. ഭരണഘടനാ തത്വം പാലിക്കാത്തതിന്റെ പേരില്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്രയെയും അദ്ദേഹം വിമര്‍ശിച്ചു.
എം.എല്‍.എമാരടക്കം കുതിരക്കച്ചവടം നടത്താന്‍ ശ്രമിക്കുന്നെന്ന ആരോപണങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തില്‍ മന്ത്രിസഭ വിശ്വാസവോട്ടെടുപ്പിന് ആവശ്യപ്പെട്ടിട്ടും ഗവര്‍ണര്‍ ഭരണഘടനാ തത്വങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
രാജസ്ഥാന്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടും അദ്ദേഹം വ്യക്തമാക്കി. ‘വിഷയത്തില്‍ സി.പി.ഐ.എമ്മിന്റെ നിലപാട് വ്യക്തമാണ്. കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. ഞങ്ങളുടെ രണ്ട് എം.എല്‍.എമാരോടും ഈ നിലപാട് പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്’, യെച്ചൂരി അറിയിച്ചു.
ബി.ജെ.പിയുടെ ഗൂഢാലോചന പരാജയപ്പെടുത്തുന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എമ്മിന് രണ്ട് എം.എല്‍.എമാരാണ് രാജസ്ഥാനിലുള്ളത്.
അതേസമയം, കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ