ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന സച്ചിന്‍ പൈലറ്റിന് തിരിച്ചടികളെന്ന് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൈലറ്റിന് ഗംഭീര വിജയം നല്‍കിയ ടോങ്ക് മണ്ഡലത്തിലെ വോട്ടര്‍മാര്‍ സമീപ ദിവസങ്ങളില്‍ നടന്ന സംഭവ വികാസങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് ടോങ്ക്. 55,000ത്തിലധികം വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിനായിരുന്നു പൈലറ്റ് ടോങ്കില്‍നിന്നും ജയിച്ചത്. എന്നാല്‍ കോണ്‍ഗ്രസുമായി പൈലറ്റ് നടത്തുന്ന ഉരസലുകളും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളും ടോങ്കിലെ വോട്ടര്‍മാരെ
തെല്ലൊന്നുമല്ല ചൊടിപ്പിച്ചികരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
2018ല്‍ ടോങ്കില്‍നിന്നും മത്സരിക്കാനുള്ള നാമനിര്‍ദ്ദേശം പൈലറ്റിലേക്ക് നീണ്ടത് അവസാന മണിക്കൂറുകളിലായിരുന്നു. പൈലറ്റ് മത്സരിക്കുന്നു എന്ന തീരുമാനം വന്നതോടെ ടോങ്ക് അദ്ദേഹത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. പൈലറ്റിന്റെ വരവോടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുപോകാം എന്ന പ്രതീക്ഷയായിരുന്നു ടോങ്കിന്.
ബി.ജെ.പി പൈലറ്റിനെതിരെ മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ ഇറക്കിയിരുന്നെങ്കിലും ശോചനീയ പരാജയമായിരുന്നു ഫലം.
എന്നാല്‍ ജയിപ്പിച്ചുവിട്ട വോട്ടര്‍മാര്‍ക്ക് നിരാശയാണ് പൈലറ്റ് നല്‍കിയതെന്നാണ് ടോങ്കിലെ ഭൂരിപക്ഷം ആളുകളും ഇപ്പോള്‍ പറയുന്നത്. എം.എല്‍.എയായും ഉപമുഖ്യമന്ത്രിയായും സ്ഥാനം ഏറ്റെടുത്ത ശേഷം പൈലറ്റ് ടോങ്കിനെ പതിയെ മറന്ന പോലെയായി കാര്യങ്ങള്‍. മണ്ഡലത്തിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനം പോലും കുറഞ്ഞിരുന്നെന്ന് ടോങ്കിലെ ജനങ്ങള്‍ പറയുന്നു. എന്നിട്ടും ടോങ്ക് പൈലറ്റിനോട് ഒരു വിരോധവും കാണിച്ചില്ല. പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയും ഉപമുഖ്യമന്ത്രി സ്ഥാനവും വഹിക്കേണ്ടി വരുന്ന ഒരാളുടെ തിരക്കുകള്‍ മനസിലാക്കാന്‍ മാത്രം ടോങ്കിലെ ജനത അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നെന്ന് കോണ്‍ഗ്രസ് മൈനോരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്റര്‍ മൊഹിന്‍ റഷീദ് പറഞ്ഞു.
‘പക്ഷേ, മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാരെയും ചതിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഒടുവിലത്തെ നീക്കം അംഗീകരിക്കാനാവില്ല’, റഷീദ് പറഞ്ഞു. പൈലറ്റിന്റെ ചിത്രമുള്ള പോസ്റ്ററുകളെല്ലാം ടോങ്കില്‍നിന്നും വോട്ടര്‍മാര്‍ നീക്കിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു.
‘മതേതര സര്‍ക്കാരിനെ താഴെയിറക്കാനുള്ള പൈലറ്റിന്റെ നിലപാടിനോടുള്ള പ്രതിഷേധമാണത്. സ്വതന്ത്രനായോ ബി.ജെ.പി ടിക്കറ്റിലോ ഇനി അദ്ദേഹം മത്സരിക്കാനിറങ്ങിയാല്‍ എതിര്‍ ചേരിയില്‍ ഞാനടക്കമുണ്ടാവും’, ടോങ്കില്‍നിന്നുള്ള അഭിഭാഷകന്‍ റയീസ് അഹമ്മദ് പറഞ്ഞു.
അതേസമയം, പൈലറ്റ് പാര്‍ട്ടിയില്‍ അവഗണിക്കപ്പെട്ടു എന്ന അഭിപ്രായമാണ് ടോങ്കിലെ പൈലറ്റിന്റെ ശക്തി കേന്ദ്രങ്ങളില്‍ പ്രധാനിയായിരുന്ന മുന്‍സിപല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അലി അഹമ്മദ് പങ്കുവെക്കുന്നത്. ‘ഞങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കണമായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ വഴിയില്‍ സര്‍ക്കാര്‍ ചില തടസങ്ങള്‍ സൃഷ്ടിച്ചു. സ്വയം തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്രമോ അവകാശമോ അദ്ദേഹത്തിന് കൊടുത്തില്ല’, അഹമ്മദ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ