'എന്റെ മേല്‍ അനീതി നടക്കുന്നു, അത് അനുവദിക്കില്ല'; അഹമ്മദ് പട്ടേലിനോട് സച്ചിന്‍ പൈലറ്റ് പറഞ്ഞതിങ്ങനെ
Rajastan Crisis
'എന്റെ മേല്‍ അനീതി നടക്കുന്നു, അത് അനുവദിക്കില്ല'; അഹമ്മദ് പട്ടേലിനോട് സച്ചിന്‍ പൈലറ്റ് പറഞ്ഞതിങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th July 2020, 3:18 pm

ന്യൂദല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ തിരക്കിട്ട ചര്‍ച്ചകളിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഇന്ന് ചര്‍ച്ച നടത്തും. സംസ്ഥാനത്തെ പ്രതിസന്ധികളുടെ ആക്കം കൂട്ടിക്കൊണ്ട് പൈലറ്റും 16 എം.എല്‍.എമാരും ദല്‍ഹിയിലെത്തിയിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലുമായി സച്ചിന്‍ പൈലറ്റ് ശനിയാഴ്ച വൈകീട്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അശോക് ഗെലോട്ട് തന്നെ അരികുവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും തന്റെ മേല്‍ അനീതി നടത്താന്‍ അനുവദിക്കില്ലെന്നും പൈലറ്റ് അഹമ്മദ് പട്ടേലിനോട് പറഞ്ഞു. പൈലറ്റിനു മേല്‍ നീതികേട് സംഭവിക്കില്ലെന്ന ഉറപ്പാണ് പട്ടേല്‍ പൈലറ്റിന് നല്‍കിയിരിക്കുന്നത്.

ഗെലോട്ടും പൈലറ്റും തമ്മിലുള്ള അസ്വാരസ്യങ്ങളില്‍ ആശങ്കയിലായിരിക്കുകയാണ് കോണ്‍ഗ്രസ്. രാജസ്ഥാനില്‍ മറ്റൊരു മധ്യപ്രദേശ് ആവര്‍ത്തിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

അതിനിടെ, സച്ചിന്‍ പൈലറ്റ് ലോക്ഡൗണ്‍ സമയത്ത് ബി.ജെ.പിയുമായി ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണവുമായി ഗെലോട്ടും രംഗത്തെത്തിയിട്ടുണ്ട്. പണമെറിഞ്ഞ് തന്റെ എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നാണ് ഗെലോട്ട് പറയുന്നത്. അതിന് പിന്നില്‍ മോദിയും അമിത് ഷായുമാണെന്നും അദ്ദേഹം പറയുന്നു.

2018ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതു മുമ്പുതന്നെ ഗെലോട്ടും പൈലറ്റും തമ്മിലുള്ള പ്രശ്‌നം ആരംഭിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടി ഹൈക്കമാന്‍ഡ് ഗെലോട്ടിനെ മൂന്നാം വട്ടം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതോടെ അസ്വസ്ഥതയേറുകയായിരുന്നു.

2013 ലെ ദയനീയ പരാജയത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിച്ചതില്‍ പ്രധാന പങ്കുവഹിച്ച തന്നെ തഴഞ്ഞ നീക്കമാണ് പൈലറ്റിനെ ചൊടിപ്പിച്ചത്.

അധികാരമേറ്റെടുത്തതിന് ശേഷം വകുപ്പ് വിഭജനത്തെച്ചൊല്ലിയും തര്‍ക്കം തുടര്‍ന്നു. തുടര്‍ന്ന് അന്നത്തെ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെട്ടു. ധനകാര്യം, ആഭ്യന്തരം തുടങ്ങിയ ഒമ്പത് വകുപ്പുകള്‍ ഗെലോട്ട് കൈക്കലാക്കിയതായിരുന്നു പ്രശ്‌നമുണ്ടാക്കിയത്.

പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗെലോട്ട് ജെയ്പൂര്‍ സീറ്റ് മകന്‍ വൈഭവിനുവേണ്ടി മാറ്റിവെച്ചതും പൈലറ്റിനെ അസ്വസ്ഥനാക്കി. ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം സച്ചിന്‍ പൈലറ്റ് ക്യാമ്പ് ഗെലോട്ടിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ