| Monday, 27th July 2020, 11:02 am

രാജസ്ഥാനില്‍ നിയമസഭ ചേരാനുള്ള ഗെലോട്ടിന്റെ ശുപാര്‍ശ മടക്കി ഗവര്‍ണര്‍; നടപടി ജനാധിപത്യത്തെ തടയലെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനില്‍ നിയമ സഭ ചേരാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളി ഗവര്‍ണര്‍ കല്‍രാജ് മിശ്ര. കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ടാണ് ഗവര്‍ണര്‍ ശുപാര്‍ശ മടക്കി അയച്ചത്.

നേരത്തെയും ഗെലോട്ട് സര്‍ക്കാര്‍ നിയമസഭ വിളിച്ച് ചേര്‍ക്കാനായി നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ മടക്കി അയച്ചിരുന്നു. അന്നും ആറ് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടായിരുന്നു ശുപാര്‍ശ മടക്കിയത്.

ജൂലൈ 31 മുതല്‍ നിയമസഭാ സമ്മേളനം ചേരേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞിരുന്നത്. വിശ്വാസ വോട്ടെടുപ്പല്ല, പകരം ഇപ്പോള്‍ പ്രധാനം കൊവിഡ് നിയന്ത്രണമാണെന്നും ഇത് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു ഗെലോട്ട് പറഞ്ഞത്.

അതേസമയം ഗവര്‍ണര്‍ മനഃപൂര്‍വ്വം ശുപാര്‍ശ മടക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇത് ജനാധിപത്യത്തെ തടയലാണെന്നും മനഃപൂര്‍വ്വമാണ് നിയമസഭ വിളിച്ച് ചേര്‍ക്കുന്നതില്‍ നിന്ന് തടയുന്നതെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ് വി പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട സച്ചിന്‍ പൈലറ്റിന്റെയും 18 എം.എല്‍.എമാരുടെയും അയോഗ്യത സംബന്ധിച്ച കേസില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്ത് രാജസ്ഥാന്‍ സ്പീക്കര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി ഇന്ന് പരിഗണിക്കും.

മൂന്നംഗ ബെഞ്ച് ആയിരിക്കും കേസ് പരിഗണിക്കുക. സ്പീക്കറെ ഉപദേശിക്കാനുള്ള അവകാശം ഹൈക്കോടതിക്ക് ഉണ്ടോ എന്ന കേസാണ് സുപ്രീംകോടതി ഇന്ന് കേള്‍ക്കാന്‍ പോകുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more