'കോണ്‍ഗ്രസിന് വോട്ടുചെയ്തത് സച്ചിനെ മുഖ്യമന്ത്രിയായി കാണാന്‍'; അച്ഛന്‍ പൈലറ്റിനെയും മകന്‍ പൈലറ്റിനെയും കാത്ത ദൗസയിലെ വോട്ടര്‍മാര്‍ പറയുന്നു
Rajastan Crisis
'കോണ്‍ഗ്രസിന് വോട്ടുചെയ്തത് സച്ചിനെ മുഖ്യമന്ത്രിയായി കാണാന്‍'; അച്ഛന്‍ പൈലറ്റിനെയും മകന്‍ പൈലറ്റിനെയും കാത്ത ദൗസയിലെ വോട്ടര്‍മാര്‍ പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd July 2020, 11:28 pm

ജയ്പൂര്‍: സംവരണ സീറ്റാവുന്നതിന് മുമ്പ് പൈലറ്റുമാരുടെ രാഷ്ട്രീയ കോട്ടയായിരുന്നു ദൗസ ലോക്‌സഭാ മണ്ഡലം. കോണ്‍ഗ്രസിന്റെ മുന്‍ നേതാവ് രാജേഷ് പൈലറ്റ്, ഭാര്യ രമ, മകന്‍ സച്ചിന്‍ പൈലറ്റ് എന്നിവരെല്ലാം മികച്ച വിജയം നേടിയ മണ്ഡലം. രാജേഷ് പൈലറ്റിന്റെയും മകന്‍ സച്ചിന്‍ പൈലറ്റിന്റെയും രാഷ്ട്രീയ ഉദയം സസൂക്ഷ്മം നിരീക്ഷിച്ചവര്‍ ഇപ്പോള്‍ പക്ഷേ, പുതിയ നീക്കങ്ങളില്‍ അമ്പരന്ന് നില്‍ക്കുകയാണ്.

ലോക്‌സഭാ മണ്ഡലത്തില്‍നിന്നും മത്സരിച്ച് ജയിച്ചവര്‍ പല ഘട്ടങ്ങളില്‍ മുഖം മാറ്റിയിട്ടുണ്ടെങ്കിലും പൈലറ്റുമാരോടുള്ള ഇവരുടെ കൂറിന് ഇനിയും കുറവൊന്നുമില്ല. സച്ചിന്‍ പൈലറ്റിനോട് വാത്സല്യവും സ്‌നേഹവും ഇപ്പോഴുമുള്ള പല മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുമുണ്ട് ദൗസയില്‍.

‘പാര്‍ട്ടിയുടെ ഏറ്റവും താഴെത്തട്ടുമുതല്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് സച്ചിന്‍ പൈലറ്റ്. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹനായിരുന്നു. എന്നിരുന്നാലും ഉപമുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം തുല്യ ബഹുമാനം അര്‍ഹിക്കുന്നു. സംഭവിച്ചതെല്ലാം നിര്‍ഭാഗ്യകരമാണ്. പാര്‍ട്ടി അദ്ദേഹത്തെ മതിപ്പോടെ കൂടെ നിര്‍ത്തേണ്ടതായിരുന്നു’, രാജേഷ് പൈലറ്റ് വിജയിച്ച ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിന് സാക്ഷിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ വിശ്വപ്രിയ നഗര്‍(88) പറഞ്ഞു.

ഇപ്പോളത്തെ നീക്കങ്ങള്‍ നടത്താന്‍ സാഹചര്യങ്ങളാവാം സച്ചിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രി അശോക് ഗെലോട്ട് അടക്കം ചിലര്‍ വ്യാജ പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നുയിക്കുന്നുണ്ടാവാം. എന്നിരിന്നാലും സച്ചിന്‍ പാര്‍ട്ടിക്കെതിരെ ഒരു വാക്കുപോലും പറയില്ല. താന്‍ കോണ്‍ഗ്രസിന് പുറത്തുപോവില്ലെന്നാണല്ലോ അദ്ദേഹം ഇപ്പോഴും ആവര്‍ത്തിക്കുന്നത്’, വിശ്വപ്രിയ പറഞ്ഞു.

സമാന അഭിപ്രായം തന്നെയാണ് പൈലറ്റ് കുടുംബവുമായി വളരെ അടുപ്പമുള്ള 72 കാരനായ ഗാന്‍ഷ്യം ശര്‍മ്മയും പറയുന്നത്. ‘സച്ചിന്‍ പൈലറ്റ് ജി അദ്ദേഹത്തിന്റെ മണ്ഡലമായ ടോങ്കില്‍നിന്നാണ് മത്സരിച്ചതെങ്കിലും ഞങ്ങള്‍ അദ്ദേഹത്തിന്റെ സഹായം തേടിയിരുന്നു. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ സച്ചിന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ദൗസയിലെ ജനങ്ങളെ ദല്‍ഹിയിലേക്ക് എല്ലായിപ്പോഴും സ്വാഗതം ചെയ്തു. ഗെലോട്ടും കോണ്‍ഗ്രസ് സര്‍ക്കാരിലെ മറ്റുള്ളവരും അദ്ദേഹത്തിനെതിരെ സംസാരിക്കുന്ന രീതി നിര്‍ഭാഗ്യകരമാണ്. പ്രശ്‌നങ്ങളെല്ലാം സംസാരിച്ച് പരിഹരിക്കണമെന്നാണ് എന്റെ അഭിപ്രായം’, ഗാന്‍ഷ്യം ശര്‍മ്മ പറഞ്ഞു.

സച്ചിന്‍ പൈലറ്റുമായുള്ള പ്രശ്‌നത്തെ കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്ന രീതിയോട് ദൗസയിലെ ജനങ്ങള്‍ക്ക് വിയോജിപ്പുണ്ടെന്നും ഇവര്‍ പറയുന്നു. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാവുന്നത് കാണാനാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പലരും കോണ്‍ഗ്രസിന് വോട്ടുചെയ്തതെന്നും നാട്ടുകാര്‍ പറയുന്നു. ‘സച്ചിന്‍ ജി മുഖ്യമന്ത്രിയായി കാണാനാണ് ഞങ്ങള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്തത്. ഇപ്പോള്‍ നേതാക്കള്‍ അദ്ദേഹത്തെ കഴിവില്ലാത്തവനെന്ന് വിളിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മികച്ച സ്ഥാനത്തെത്തിക്കാന്‍ അദ്ദേഹം വളരെയധികം കഷ്ടപ്പെട്ടിരുന്നു’, ദൗസയിലെ മറ്റൊരു വോട്ടര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

‘100 റണ്‍സ് നേടി രാജ്യത്തെ ജയിക്കാന്‍ സഹായിച്ച കളിക്കാരനെപ്പോലെയാണ് അദ്ദേഹം. പക്ഷേ, മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് എപ്പോഴും മറ്റുപലര്‍ക്കാണ് ലഭിക്കുന്നത്. ഗെലോട്ട് നല്ല രാഷ്ട്രീയക്കാരനും മുഖ്യമന്ത്രിയുമാണ്. രാജസ്ഥാന്‍ കോണ്‍ഗ്രസ് കുടുംബത്തിലെ കാരണവരെന്ന നിലയില്‍ പൈലറ്റിനെ കുടുംബത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ് അദ്ദേഹം ചെയ്യേണ്ടത്’, സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റിനെ നേരിട്ടറിയുന്ന സര്‍ദാര്‍ ജസ്പാല്‍ സിങ് പറഞ്ഞു.

2000 ജൂണ്‍ 11ാണ് രാജേ് പൈലറ്റ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. നെഹ് റു കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ദിര ഗാന്ധിയാണ് രാജേഷ് പൈലറ്റിനെ ലോക്‌സഭാ സീറ്റ് നല്‍കി പാര്‍ലമെന്റിലെത്തിച്ചചത്. മകന്‍ സച്ചിന്റെ പൈലറ്റിന്‍രെ വളര്‍ച്ചയിലും നെഹ്‌റു കുടുംബത്തിന് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് 26ാം വയസില്‍ സച്ചിന് യു.പി.എ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം നല്‍കിയത്.

എന്നാല്‍ നിലവില്‍ രാജസ്ഥാനില്‍ നടക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ സോണിയ ഗാന്ധിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടില്ലെന്നാണ് വിവരം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ