| Monday, 13th July 2020, 9:45 am

ഇതിനെല്ലാം പിന്നില്‍ ബി.ജെ.പി, ഏതുവിധേനയും അട്ടിമറിക്കാന്‍ ശ്രമം; ആവര്‍ത്തിച്ച് അശോക് ഗെലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം ബി.ജെ.പിയാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. സര്‍ക്കാരിനെ ഏത് വിധേനയും താഴെയിറക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും ഗെലോട്ട് ആരോപിച്ചു.

എം.എല്‍.എമാര്‍ക്ക് പണം നല്‍കി സ്വാധീനിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് നടക്കുന്നത്. നിലവിലെ അവസ്ഥയില്‍ നിലനില്‍പ്പിന് ഭീഷണിയുണ്ട്. എന്നിരുന്നാലും കോണ്‍ഗ്രസ് അഞ്ച് വര്‍ഷം തികച്ച് ഭരിക്കുമെന്നും ഗെലോട്ട് പറഞ്ഞു.

അശോക് ഗെലോട്ട് സര്‍ക്കാരിന് 109 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. പുലര്‍ച്ചെ രണ്ടരയ്ക്ക് ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

‘മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ ദേശീയ നേതാക്കളായ സോണിയജിയുടെയും രാഹുല്‍ജിയുടെയും പിന്തുണയോടെയുള്ള രാജസ്ഥാന്‍ സര്‍ക്കാരിലാണ് പിന്തുണയും വിശ്വാസവുമെന്ന് വ്യക്തമാക്കി 109 എം.എല്‍.എമാര്‍ ഒപ്പുവെച്ച കത്ത് അശോക് ഗെലോട്ടിന് കൈമാറുകയാണ്’, സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ പറഞ്ഞു. ഗെലോട്ടുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അവിനാശ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

മറ്റ് ചില എം.എല്‍.എമാരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അവരും മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചുള്ള കത്തില്‍ ഒപ്പുവെക്കാന്‍ തയ്യാറാണെന്നും അവിനാശ് പാണ്ഡെ പറഞ്ഞു.

സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം പ്രതിനിധി സംഘം ജയ്പൂരിലെത്തിയിട്ടുണ്ട്. രണ്‍ദീപ് സിങ് സുര്‍ജേവാല, അജയ് മാക്കന്‍, കെ.സി വേണുഗോപാല്‍ തുടങ്ങിയവരാണ് പ്രതിനിധി സംഘത്തിലുള്ളത്.

രാജസ്ഥാനില്‍ ഇന്ന് നടക്കുന്ന നിയമസഭാംഗങ്ങളുടെ യോഗത്തില്‍ എം.എല്‍.എമാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കി. യോഗത്തില്‍നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാവിലെ 11മണിക്കാണ് യോഗം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more