| Tuesday, 14th July 2020, 9:42 am

'ഞങ്ങള്‍ ശക്തി തെളിയിക്കും, മുഖ്യമന്ത്രിയുടെ വീട്ടിലല്ല, നിയമസഭയില്‍'; വെല്ലുവിളിയും അവകാശവാദവുമായി പൈലറ്റ് ക്യാമ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരവെ നിയമസഭയില്‍ തങ്ങളുടെ ശക്തി തെളിയിക്കുമെന്ന് സച്ചിന്‍ പൈലറ്റിന്റെ പക്ഷം. മുഖ്യമന്ത്രിയുടെ വീട്ടിലല്ല, നിയമസഭയിലാണ് തങ്ങള്‍ ശക്തി കാണിക്കുകയെന്നും പൈലറ്റിനെ പിന്തുണയ്ക്കുന്ന വിഭാഗം അറിയിച്ചു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്റെ വസതിയിലേക്ക് നൂറ് എം.എല്‍.എമാരെ എത്തിച്ച് ശക്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൈലറ്റിന്റെ പക്ഷം ശക്തി തെളിയിക്കുമെന്ന് കാണിച്ച് രംഗത്തെത്തിയത്.

‘ഞങ്ങള്‍ ശക്തി പ്രകടിപ്പിക്കും. അത് മുഖ്യമന്ത്രിയുടെ വസതിയിലല്ല, നിയമസഭയിലായിരിക്കും. അവര്‍ക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍ എം.എല്‍.എമാരെയും കൊണ്ട് ഗവര്‍ണറുടെ പക്കലേക്കല്ലേ പോകേണ്ടത്, എന്തിനാണ് ഹോട്ടലിലേക്ക് പോയത്?,’ പൈലറ്റിന്റെ വിശ്വസ്തര്‍ ചോദിക്കുന്നു.

30 എം.എല്‍.എമാര്‍ തനിക്കൊപ്പമാണെന്ന സച്ചിന്‍ പൈലറ്റിന്റെ അവകാശ വാദത്തിന് പിന്നാലെയായിരുന്നു ഗെലോട്ടിന്റെ ശക്തി പ്രകടനം.

ഇന്ന് രാജസ്ഥാനില്‍ കോണ്‍ഗ്രസ് വീണ്ടും നിയമകക്ഷി യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. സച്ചിന്‍ പൈലറ്റിന് ഒരു അവസരം കൂടി നല്‍കാന്‍ ഉദ്ദേശിച്ചാണ് യോഗം. തര്‍ക്കങ്ങളും പ്രശ്നങ്ങളും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പരിഹരിക്കാം എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇന്ന് രാവിലെ പത്തുമണിക്കാണ് യോഗം.

ഗെലോട്ടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള സ്വതന്ത്രര്‍ അടക്കമുള്ള എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് യോഗം ചേരുക.

16 എം.എല്‍.എമാരുമായി ദല്‍ഹിയില്‍ത്തന്നെ തുടരുകയാണ് സച്ചിന്‍ പൈലറ്റ്. ഗെലോട്ടിന് ഭൂരിപക്ഷം കുറഞ്ഞെന്നും 106 എം.എല്‍.എമാര്‍ കൂടെയുണ്ട് എന്ന വാദം അതിശയോക്തിപരമാണെന്നുമാണ് പൈലറ്റ് വാദിക്കുന്നത്. 30 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് പൈലറ്റ് ക്യാമ്പ് അവകാശപ്പെടുന്നത്.

തിങ്കളാഴ്ച നടന്ന യോഗത്തില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ ഗെലോട്ട് 106 എം.എല്‍.എമാരുണ്ടെന്ന രീതിയില്‍ ശക്തി പ്രകടനം നടത്തിയിരുന്നു. 200 അംഗ നിയമസഭയില്‍ 101 പേരുടെ പിന്തുണയാണ് ആണ് കേവല ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more