''വായ തുറന്നാല്‍ 'സ്വദേശി'യെന്ന് പറയുന്ന മോദി വാക്‌സിന്റെ കാര്യത്തില്‍ അത് മറന്നോ''?; കൊറോണ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് എം.എല്‍.എ
ന്യൂദല്‍ഹി: കൊറോണ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന പ്രസ്താവനയുമായി രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ്. നിവായ് മണ്ഡലത്തിലെ എം.എല്‍.എ ആയ പ്രശാന്ത് ബയര്‍വയാണ് വിവാദപരാമര്‍ശം നടത്തിയത്.
ഇത് ബി.ജെ.പി വാക്‌സിന്‍ ആണെന്നും വാക്‌സിന്‍ വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു. ഇന്ത്യാ ടുഡെ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാക്കാര്യത്തിലും സ്വദേശിവല്‍ക്കരണം വേണമെന്ന് പറയുന്ന മോദി വാക്‌സിന്റെ കാര്യത്തില്‍ ഇതൊന്നും നോക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സ്വദേശി ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് മോദി എപ്പോഴും പറയുമായിരുന്നല്ലോ? വാക്‌സിന്റെ കാര്യത്തില്‍ മാത്രം അക്കാര്യം മറക്കുന്നതെന്താണ്?’ പ്രശാന്ത് ചോദിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പേരില്‍ രാജ്യത്ത് ഇപ്പോഴും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റണമെന്നും പ്രശാന്ത് പറഞ്ഞു. രാത്രികാല യാത്ര നിയന്ത്രണങ്ങളും മാറ്റണമെന്നും ഹോട്ടലുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും പഴയതുപോലെ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും പ്രശാന്ത് പറഞ്ഞു.
എല്ലാ നിയന്ത്രണങ്ങളും എടുത്ത് മാറ്റേണ്ട സമയമായി. രാത്രികാല കര്‍ഫ്യൂകള്‍ കൂടി ഏര്‍പ്പെടുത്തിയതോടെ ഹോട്ടല്‍, ടൂറിസം മേഖല തിരിച്ചടികള്‍ നേരിടുകയാണ്. ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാണ്, പ്രശാന്ത് പറഞ്ഞു.
നേരത്തെ വാക്സിന്‍ സ്വീകരിക്കില്ലെന്ന നിലപാടുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. താന്‍ ഇപ്പോള്‍ വാക്സിന്‍ സ്വീകരിക്കുന്നില്ലെന്നും ബി.ജെ.പിയുടെ വാക്സിനെ വിശ്വസിക്കാനാവില്ലെന്നും അഖിലേഷ് പറഞ്ഞു.
‘ഞാന്‍ ഇപ്പോള്‍ വാക്സിന്‍ സ്വീകരിക്കുന്നില്ല. എങ്ങനെയാണ് ബി.ജെ.പിയുടെ വാക്സിനെ വിശ്വസിക്കാനാവുക. ഞങ്ങളുടെ സര്‍ക്കാര്‍ രൂപവത്കരിക്കുമ്പോള്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ ല്യമാക്കും. ബി.ജെ.പിയുടെ വാക്സിന്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല’, അദ്ദേഹം പറഞ്ഞു.
സമാനമായി കൊവിഡ് വാക്‌സിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പിയും രംഗത്തെത്തിയിരുന്നു. മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് വാക്സിന് അനുമതി നല്‍കിയത് അപകടകരമാണെന്നാണ് തരൂര്‍ പറഞ്ഞത്.
‘തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്റെ പരീക്ഷണം പൂര്‍ത്തിയാക്കാതെ വിതരണത്തിന് അനുമതി നല്‍കിയ നടപടി അപക്വവും അപകടകരവുമാണ്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം’, തരൂര്‍ ട്വീറ്റ് ചെയ്തു.
അതേസമയം ഓക്സ്ഫോര്‍ഡ് വാക്സിനായ കൊവിഷീല്‍ഡുമായി മുന്നോട്ട് പോകാമെന്നും തരൂര്‍ പറഞ്ഞു.
ഉപാധികളോടെയാണ് കൊവിഷീല്‍ഡിനും കൊവാക്സിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഡ്രഗ്‌സ് കണ്‍ട്രോളറാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി കൊവിഷീല്‍ഡ് വാക്സിന് അനുമതി നല്‍കിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘കൊവിഷീല്‍ഡ്’ വാക്സിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി അനുമതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക