സിക്കര്‍: സി.പി.ഐ.എമ്മിനു പുത്തനുണര്‍വ്വുമായി രാജസ്ഥാനിലെ വിദ്യാര്‍ത്ഥി- കര്‍ഷക പോരാട്ടങ്ങള്‍. സംസ്ഥാനത്തെ ക്യാമ്പസുകളിലേക്ക് നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ചരിത്ര വിജയം നേടിയതിനു പിന്നാലെ സംസ്ഥാനത്ത് ആരംഭിച്ച കര്‍ഷക പോരാട്ടവും ബഹുജന പങ്കാളിത്തം കൊണ്ട് ജനശ്രദ്ധയാകര്‍ഷിക്കുകയാണ്.
ഈ മാസം ആദ്യം നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സംഘപരിവാറിന്റെ ശക്തികേന്ദ്രങ്ങളിലടക്കം 21 കോളേജുകളിലാണ് എസ്.എഫ്.ഐ മികച്ച വിജയത്തോടെ യൂണിയന്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 4 കോളേജുകളില്‍ മാത്രമാണ് സംഘടനക്ക് യൂണിയന്‍ ഉണ്ടായിരുന്നത്. അതാണ് ഇത്തവണ 21 എന്ന വലിയ ഭൂരിപക്ഷത്തിലേക്ക് എസ്.എഫ്.ഐ ഉയര്‍ത്തിയത്.
ഈ മാസം ഒന്നുമുതലാണ് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ രാജസ്ഥാനില്‍ കര്‍ഷക പ്രക്ഷോഭം ആരംഭിച്ചത്. വിവിധ സമര കേന്ദ്രങ്ങളില്‍ പതിനായിരങ്ങളാണ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിച്ചേരുന്നത്. സമര രംഗത്ത് സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇറങ്ങിയതോടെ രാജസ്ഥാന്റെ തെരുവുകള്‍ ചുവന്നിരിക്കുകയാണ്.
കര്‍ഷക വായ്പ പൂര്‍ണമായി എഴുതി തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കുക, അലഞ്ഞുതിരിയുന്ന കാലികള്‍ കൃഷി നശിപ്പിക്കുന്നതിന് പരിഹാരമായി കശാപ്പ് നിരോധന നിയമം പിന്‍വലിക്കുക, കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.
കര്‍ഷകരുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി അംഗനവാടി തൊഴിലാളികളും വിവിധ ട്രാന്‍സ്പോര്‍ട്ടേഷന്‍ യൂണിയനുകളും വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരുലക്ഷത്തോളം പേരാണ് ഇവരുടെ മാര്‍ച്ചില്‍ പങ്കെടുത്തത്.
സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെ അതീജിവിച്ചാണ് പതിനായിരക്കണക്കിന് കര്‍ഷകര്‍ തെരുവിലിറങ്ങുന്നത്. വസുന്ധര രാജെ സര്‍ക്കാരിന്റെ പ്രതീകാത്മക “ശവദാഹം” നടത്തിക്കൊണ്ടായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ പലയിടത്തെയും പ്രക്ഷോഭം.
വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ആദിവാസികളുടെയും ദളിതരുടെയും ചെറുകിട കച്ചവടക്കാരുടെയും സംഘടനകള്‍ മുമ്പൊന്നും ഇല്ലാത്ത രീതിയിലാണ് സമരത്തില്‍ അണിചേരുന്നത്. സ്ത്രീപങ്കാളിത്തവും സമരത്തെ ദേശീയ ശ്രദ്ധയിലേക്ക് നയിക്കുകയാണ്.
മിക്കയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച് സര്‍ക്കാര്‍ സമരം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതിനെയൊക്കെ തരണം ചെയ്താണ് കര്‍ഷകര്‍ സമരത്തിനെത്തിയത്. സമരത്തില്‍ പങ്കെടുക്കുന്നവരെ ജാമ്യംകിട്ടാത്ത വകുപ്പുകള്‍ ചുമത്തി ജയിലിലടയ്ക്കുകയാണ് സര്‍ക്കാറിപ്പോഴും.
You Must Read This: അജയ്യതയുടെ പ്രയാണം; അതിജീവനത്തിന്റെ പോര്‍മുഴക്കം; ലോങ് മാര്‍ച്ച് സമാപനത്തിലേക്ക്
ഉത്തര്‍പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായി കര്‍ഷക കടങ്ങള്‍ എഴുതി തള്ളുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലും കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്തുവന്നത്.
“ആത്മഹത്യ ചെയ്യുന്നത് ഭീരുത്വമാണെന്നാണ് ഞങ്ങളുടെ വിശ്വാസം. ഞങ്ങള്‍ അത് ചെയ്യില്ല. പകരം ഞങ്ങളുടെ ആവശ്യങ്ങള്‍ അനുവദിച്ചുകിട്ടാനായി ജീവന്‍പോലും ത്യജിക്കു”മെന്ന് പ്രക്ഷോഭം നയിക്കുന്ന സിക്കാറിലെ സി.പി.ഐ.എം നേതാവും അഖിലേന്ത്യ കിസാന്‍ സഭ പ്രസിഡന്റുമായ അംറ റാം പറഞ്ഞു.
കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ബി.ജെ.പി സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ സമര രംഗത്തിറങ്ങുന്ന രാജസ്ഥാന്‍ ജനതയും ക്യാമ്പസുകളിലെ എസ്.എഫ്.ഐ തേരോട്ടവും സംസ്ഥാനത്തെ സി.പി.ഐ.എം ഘടകത്തിന് നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല.