| Saturday, 19th January 2019, 2:46 pm

വെളുത്ത തൊപ്പി, കറുത്ത തൊപ്പി, നീല തൊപ്പി

രാജശ്രീ ആര്‍

1967 ല്‍ മഹാരാഷ്ട്രയിലെ യാവത് മല്‍ ജില്ലയിലെ ഒരു സ്‌കൂളിലെ സംഭവം. സ്‌കൂളിന്റെ യൂണിഫോമിന്റെ ഭാഗമായിരുന്നു വെളുത്ത നെഹ്‌റു തൊപ്പി. എന്നാല്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ വെളുത്ത തൊപ്പിയ്ക്കു പകരം ആര്‍.എസ്.എസ് പ്രവര്‍ത്തകരുടേതിന് സമാനമായ കറുത്ത തൊപ്പി വച്ചു കൊണ്ട് സ്‌കൂളിലെത്തിത്തുടങ്ങി. അവരെല്ലാം ധനികരായ ബ്രാഹ്മണ കുടുംബാംഗങ്ങളും ആര്‍.എസ് എസ് ചിന്താഗതിക്കാരു മായിരുന്നു. വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ നിന്ന് ബ്രാഹ്മണരെ പെട്ടെന്ന് തിരിച്ചറിയാവുന്ന വിധത്തില്‍ കറുത്ത തൊപ്പിക്കാരുടെ എണ്ണം പെരുകി.

ദളിത് കര്‍ഷകരുടെ മകനായ ഒരു ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് സ്‌കൂളിന്റെ അന്തരീക്ഷത്തില്‍ പെട്ടെന്നുണ്ടായ ശ്രേണീ വ്യത്യാസം പൊറുക്കാനായില്ല. ഒഴിവു സമയങ്ങളില്‍ സിനിമാ ഹോര്‍ഡിംഗുകള്‍ക്ക് പെയിന്റടിച്ചു സമ്പാദിച്ച പണം കൊണ്ട് നൂറു നീലത്തൊപ്പികള്‍ അവന്‍ സംഘടിപ്പിച്ചു. തന്റെ കൂട്ടുകാരുമായി ചേര്‍ന്ന് അവ ധരിച്ചു കൊണ്ട് സ്‌കൂളിലെത്തി. സ്വാഭാവികമായും അച്ചടക്കവും യൂണിഫോമും പ്രശ്‌നമായി. ഹെഡ്മാസ്റ്റര്‍ വിളിപ്പിച്ചു. കറുത്ത തൊപ്പി വച്ച് കുട്ടികള്‍ സ്‌കൂളിലെത്തിയപ്പോള്‍ ഇല്ലാത്ത എന്ത് അച്ചടക്കപ്രശ്‌നമാണ് നീലത്തൊപ്പി കൊണ്ടുണ്ടാവുക എന്ന് പയ്യന്‍ ചോദിച്ചു. കറുത്ത തൊപ്പിക്കാരായ ബ്രാഹ്മണക്കുട്ടികളുടെ രക്ഷിതാക്കളോട് സംസാരിക്കാമെങ്കില്‍ മാത്രമേ നീലത്തൊപ്പിയെക്കുറിച്ച് തങ്ങള്‍ പുനരാലോചിക്കുകയുള്ളൂ എന്ന് ഒമ്പതാം ക്ലാസ്സുകാരന്‍ പ്രഖ്യാപിച്ചു.

ഹെഡ്മാസ്റ്റര്‍ എന്തു ചെയ്തുവെന്നറിയില്ല, പിറ്റേന്നു മുതല്‍ കറുത്ത തൊപ്പികള്‍ അപ്രത്യക്ഷമായി.

അതൊരു സമരമായിരുന്നോ എന്ന് അറിയില്ല, പക്ഷേ അതിന് ചില നിര്‍ണ്ണായക ലക്ഷ്യങ്ങളുണ്ടായിരുന്നു. അത് ഞങ്ങള്‍ നേടി എന്നാണ് അമ്പതു വര്‍ഷത്തിനിപ്പുറം ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കുമ്പോള്‍ ആ പഴയ ഒമ്പതാം ക്ലാസ്സുകാരന്‍ പറഞ്ഞത്.

അന്നു പത്തി മടക്കിയ ചില ക്രൗര്യങ്ങള്‍ ആ നീലത്തൊപ്പിക്കാരന്‍ പയ്യനെ ഇന്നു വീണ്ടും വളഞ്ഞിട്ട് കൊത്താന്‍ ശ്രമിക്കുന്നുണ്ട്.
അയാളുടെ പേര് ആനന്ദ് തേല്‍തുംബ്‌ഡേ എന്നാണ്.

നിശ്ശബ്ദത വലിയ കുറ്റമാണ്.

അയിത്താചരണത്തിന്റെ കെടുകാലത്ത് താഴ്ന്ന ജാതിക്കാര്‍ ജലസ്രോതസ്സുകള്‍ തൊട്ടശുദ്ധമാക്കുന്നുവെന്ന് ജാതിഹിന്ദുക്കളുടെ ആക്രോശമുണ്ടായിരുന്നു.

1923 ല്‍ ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ , ഗവ. ഉടമസ്ഥതയിലുള്ള പൊതു ഇടങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ആരെയും തടയരുതെന്ന് നിയമം പാസ്സാക്കി. എന്നാല്‍ ജാതി ഹിന്ദുക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അത് നടപ്പാക്കാനായില്ല. 1927 ല്‍ അംബേദ്കര്‍ മഹാഡില്‍ ഒരു യോഗം നടത്തുകയും തന്റെ അനുയായികളുമായി മുനിസിപ്പാലിറ്റി വകയായ ചൗദര്‍ ടാങ്കിലെ വെള്ളം കുടിച്ചു കൊണ്ട് പ്രത്യക്ഷ സമരം തുടങ്ങുകയും ചെയ്തു. ഉയര്‍ന്ന സമുദായക്കാര്‍ പാല്, തൈര് ,നെയ്യ് , ഗോമൂത്രം, ചാണകം ( പഞ്ചഗവ്യം തന്നെ) എന്നിവ 108 പാത്രങ്ങളിലെടുത്ത് ടാങ്കില്‍ കലക്കി ശുദ്ധി വരുത്തി വീണ്ടും ടാങ്ക് ഹിന്ദു സമുദായത്തിന് ഉപയോഗിക്കാന്‍ യോജിച്ചതാക്കി!

അതും പോരാഞ്ഞ് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവ് സമ്പാദിച്ച് വാട്ടര്‍ ടാങ്ക് ഉപയോഗിക്കുന്നതില്‍ നിന്ന് അയിത്തജാതിക്കാരെ വിലക്കുകയും ചെയ്തു. നിശ്ചയിച്ച സത്യഗ്രഹം മാറ്റി വച്ചെങ്കിലും ഈ കേസ് തുടര്‍ന്നു വാദിച്ച് അംബേദ്കര്‍ ജയിച്ചു. ഈ സംഭവം വിവരിച്ചിട്ട് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തേല്‍തുംബ്‌ഡേ, ഈ കേസിലെ വിധി മറിച്ചായിരുന്നെങ്കിലത്തെ അവസ്ഥയെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. ഹിന്ദുക്കളുടെ വിശ്വാസവും ആചാരവുമാണ് കോടതി അവസാന വാക്കായി കണ്ടിരുന്നതെങ്കില്‍ ഇന്ത്യയുടെ സാമൂഹിക മുന്നേറ്റ ശ്രമങ്ങളെ അത്തരം വിധികള്‍ ശക്തമായി പിന്നോട്ടു വലിച്ചേനെ എന്നദ്ദേഹം നിരീക്ഷിക്കുന്നു .

” അത് കൊളോണിയല്‍ കാലം. ഒരു നൂറ്റാണ്ടിനിപ്പുറം ഭരണഘടനയെപ്പിടിച്ചുള്ള ആണയിടലുകളുടെ നീണ്ട പരമ്പരയ്ക്കു ശേഷവും ഹിന്ദുക്കളുടെ വിശ്വാസം, സംസ്‌കാരം, വിധി എന്നിവ ഒരു രാജ്യത്തിന്റെ രാഷ്ട്രീയത്തെയും ന്യൂനപക്ഷങ്ങളോടുള്ള ഇടപെടലുകളെയും ഭരിക്കുന്നു. ദേശീയ സ്വഭാവത്തെയും സെക്യുലറിസത്തെയും പ്രതിനിധാനം ചെയ്യുന്നു. ഹിന്ദു സമുദായത്തിന്റെ വിശ്വാസത്തെയും വിധികളെയും മുന്‍നിര്‍ത്തി സതിയും ശൈശവ വിവാഹവുമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്താല്‍ എന്തായിരിക്കും സ്ഥിതി ? ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതിയെ പകരം വയ്ക്കാനുള്ള നീക്കങ്ങളാണ് ചുറ്റും നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അയോദ്ധ്യ കേസിലെ കോടതി ഉത്തരവിനെ കാണേണ്ടത്. ഒരു വെറും സ്വത്തു കൈവശാവകാശ തര്‍ക്കമായി കണ്ട് പരിഹരിക്കേണ്ട പ്രശ്‌നം ഭയത്തിലേക്കും ഭീതിയിലേക്കും നീങ്ങുന്നു .”

2010 ല്‍ തേല്‍തുംബ്‌ഡേ എഴുതിയ Retrograde Judgement Rewards Hindutva Zealots എന്ന ലേഖനത്തിന്റെ പ്രസക്തഭാഗങ്ങളാണ്. മസ്ജിദ് പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടുകളെ Floor Show എന്നാണ് ലേഖനത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളത് എന്നത് മറ്റൊരു കൗതുകം. ശബരിമല വിധിയെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കുശേഷം നാം ഗൗരവത്തോടെ സംസാരിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഒമ്പതു വര്‍ഷം മുമ്പേ അദ്ദേഹം പറഞ്ഞു വച്ചത്. എന്തൊരു പ്രവചനാത്മകത, നിശിതനിരീക്ഷണം!

യു.എ.ഇ അല്ലേ വന്നുള്ളൂ, തോക്ക് ചൂണ്ടാഞ്ഞത് ഭാഗ്യം.

രാജശ്രീ ആര്‍

We use cookies to give you the best possible experience. Learn more