ആനന്ദ് തെല്‍തും ദെ ജയിലിനു മുന്നില്‍ നില്‍ക്കുകയാണ്
Opinion
ആനന്ദ് തെല്‍തും ദെ ജയിലിനു മുന്നില്‍ നില്‍ക്കുകയാണ്
രാജശ്രീ ആര്‍
Tuesday, 22nd January 2019, 4:25 pm

താനിനി പുറം ലോകം കണ്ടേക്കില്ല എന്നൊരു ഭീതി ആനന്ദ് തെല്‍തും ദെ ലോകത്തോട് മുഴുവന്‍ പങ്കുവെച്ചത് കഴിഞ്ഞദിവസമാണ്. ഐ.ഐ.ടി പ്രൊഫസര്‍, ബി.പി സി.എല്ലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, പെട്രോനെറ്റിന്റെ മുന്‍ എം.ഡി, ഇരുപത്തിയാറോളം പുസ്തകങ്ങളുടെയും നിരവധി ലേഖനങ്ങളുടെയും രചയിതാവ്, എക്കണോമിക് & പൊളിറ്റിക്കല്‍ വീക്ക്‌ലിയിലെ കോളമിസ്റ്റ്, ജാതി, വര്‍ഗ്ഗം, രാഷ്ട്രീയം എന്നിവയെക്കുറിച്ച് മൗലിക ചിന്താഗതികളുള്ള ബുദ്ധിജീവി, വിദ്യാഭ്യാസ-മനുഷ്യാവകാശ പ്രവര്‍ത്തകന്‍ – ഡോ.ആനന്ദ് തെല്‍തും ദെ ഇതൊക്കെയാണ്.

പക്ഷേ ഇപ്പോള്‍ അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത് അര്‍ബന്‍ മാവോയിസ്റ്റ് എന്ന ആരോപണം ചുമത്തപ്പെട്ട് യു.എ.പി.എ അനുസരിച്ചുള്ള അറസ്റ്റ് പ്രതീക്ഷിക്കുന്ന വ്യക്തി എന്ന നിലയിലാണ്. വിചാരണയില്ലാതെ തടവില്‍ സൂക്ഷിക്കാനുള്ള കുറ്റങ്ങള്‍ ആരോപിച്ചുകൊണ്ട് പൂന പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡോ.ആനന്ദ് തെല്‍തും ദെ സമര്‍പ്പിച്ച അപേക്ഷ തള്ളിക്കൊണ്ട് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാന്‍ സമയം കൊടുക്കുകയാണ് സുപ്രീം കോടതി ചെയ്തത്. തനിക്കെതിരെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കൃത്രിമമായ തെളിവുകളെപ്പറ്റി തേല്‍ തെല്‍തും ദെയ്ക്ക് കൃത്യമായ ധാരണയുണ്ട്.

കൊടും കുറ്റവാളിക്കു പോലും ലഭിക്കുന്ന നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ട് ഒരു സാധാരണ പൗരനെ അയാളുടെ വേറിട്ട സ്വരത്തിന്റെ പേരില്‍ സാവധാനം ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടം തയ്യാറെടുക്കുന്ന കാഴ്ച ഭീതിദമാണ്. ആനന്ദ് തെല്‍തും ദെയെപ്പോലെ പൊതുമണ്ഡലത്തില്‍ ഏറ്റവും സജീവമായി തുടരുന്ന ഒരു ചിന്തകനെ – ഭരണഘടനാ ശില്പിയുടെ ബന്ധുവും കൂടിയാണ് അദ്ദേഹം – ഭരണകൂടം ഇത്രത്തോളം ഭയപ്പെടാനുള്ള കാരണമെന്താവും?

ഭരണകൂടത്തെ ആത്മാര്‍ത്ഥമായി സേവിച്ചിട്ടും തനിക്കെതിരെ ഉന്നതതലത്തില്‍ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നുവെന്നും സഹായാഭ്യര്‍ത്ഥനയില്‍ അദ്ദേഹം ഖേദിക്കുന്നുണ്ട്.

തെല്‍തും ദെയ്ക്ക് എതിരായുള്ള നീക്കങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും കൃത്യമായ ആസൂത്രണത്തോടു കൂടിയുള്ളതുമാണ് എന്നര്‍ത്ഥം. വികസിത ഗുജറാത്തിന്റെ സ്രഷ്ടാവായി മാറാന്‍ മോദി സംഘടിപ്പിച്ച പബ്ലിക്ക് റിലേഷന്‍ പണികളെക്കുറിച്ച് തെല്‍തും ദെ ഒരു ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്.

790 മുസ്‌ലീങ്ങളും 254 ഹിന്ദുക്കളും കൊല ചെയ്യപ്പെട്ട ഗുജറാത്ത് വംശഹത്യയെ ഗോധ്ര സംഭവത്തിന്റെ സ്വാഭാവിക പ്രതികരണമായാണ് മോദി ചിത്രീകരിച്ചത്. തനിക്കെതിരെ വധശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്നാരോപിച്ച് വ്യാജ ഏറ്റുമുട്ടലുകളിലൂടെ അനഭിമതരെ ഒഴിവാക്കുകയും ചെയ്തു. രാഷ്ട്രീയമായി ചുവടു പതറുമ്പോഴൊക്കെ നില ഭദ്രമാക്കാന്‍ ഇത്തരം ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഭരണകൂടം ഉപയോഗിക്കുന്നുവെന്ന ആരോപണം പുതിയതല്ല. വംശഹത്യ നടക്കുന്ന ഗുജറാത്തിലൂടെ സഞ്ചരിച്ച ഓര്‍മ്മ തെല്‍തും ദെ പങ്കു വയ്ക്കുന്നുണ്ട്. ചെറുപ്പക്കാരുടെ ചെറുസംഘങ്ങളാണ് റോഡ് നിയന്ത്രിക്കുകയും വാഹന പരിശോധന നടത്തുകയും ചെയ്തിരുന്നത്. ഈ ചെറുപ്പക്കാര്‍ ഹിന്ദുത്വ തീവ്രവാദത്തിന്റെ ഏറ്റവും തീക്ഷ്ണമായ മുഖമാണ്. ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കൊലക്കേസിനു പിന്നിലെ യാഥാര്‍ത്ഥ്യം അന്വേഷിച്ചിരുന്നവരില്‍ താനും ഉള്‍പ്പെട്ടിരുന്നതായി തെല്‍തും ദെ സാക്ഷ്യപ്പെടുത്തുന്നു. ഏറ്റവും അസ്വാസ്ഥ്യജനകമായ കണ്ടെത്തലുകള്‍ക്കും അനുഭവങ്ങള്‍ക്കും ശേഷമാണ് എങ്ങോട്ടാണ് ഞങ്ങള്‍ പോകേണ്ടത് എന്ന ഏറ്റവും അരക്ഷിതമായ ചോദ്യം അദ്ദേഹം ഉയര്‍ത്തുന്നത്. അന്ന് ഗുജറാത്തില്‍ ഒതുങ്ങിയിരുന്ന മോദിയുടെ അധികാരം ഇന്ദ്രപ്രസ്ഥത്തിലേക്ക് വ്യാപിക്കുമ്പോള്‍ വേട്ടയാടപ്പെടാന്‍ ഈ ചോദ്യം തന്നെ ധാരാളം.

 

ദേശാഭിമാനം എന്ന തുറുപ്പുചീട്ടിനെക്കുറിച്ച് മോദി ഭരണത്തിലല്ല തെല്‍തും ദെ ആദ്യമായി വിമര്‍ശനമുന്നയിക്കുന്നത്. അജ്മല്‍ കസബ് തൂക്കിലേറ്റപ്പെടുന്നതിനു മുമ്പായി ആര്‍തര്‍ റോഡ് ജയിലിലേക്ക് അയാളെ കൊണ്ടുവരുന്നതിനേര്‍പ്പെടുത്തിയ സുരക്ഷയ്ക്ക് 35 കോടി രൂപയാണ് യു.പി.എ ഗവണ്‍മെന്റ് ചെലവാക്കിയത്. കര്‍ഷക ആത്മഹത്യകള്‍കൊണ്ടു ഗതികെട്ട, ആവശ്യത്തിന് കക്കൂസുകളില്ലാത്ത ഒരു രാജ്യം ഏതു ഭീഷണി മറികടക്കാനാണ് ഈ കോടികള്‍ പൊടിച്ചതെന്ന ചോദ്യം അത്ര നിസ്സാരമല്ല.

ഭരണകൂടത്തിന്റെ അധികാരവും സ്ഥിരതയും ചോദ്യം ചെയ്യപ്പെടുമ്പോള്‍ നീതിന്യായ വ്യവസ്ഥയെ ഉപയോഗിച്ചു കൊണ്ട് അത് മറികടക്കാനുള്ള ശ്രമം ബില്ല രംഗകേസ് (സഞ്ജയ് – ഗീത കൊലക്കേസ് -1978) മുതല്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങള്‍ സുരക്ഷിതരാണെന്ന ധാരണ ഉണ്ടാക്കുകയാണ് അത്തരം നീക്കങ്ങളുടെ ലക്ഷ്യം. അതിവേഗം വിചാരണകള്‍ കഴിഞ്ഞ് നാലു വര്‍ഷത്തിനുള്ളില്‍ത്തന്നെ പ്രതികളെ തൂക്കിലേറ്റി. ജനഹിതം കൂടി കണക്കിലെടുത്തു കൊണ്ടുള്ള നീക്കമായി അതിനെ രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും വിലയിരുത്തിയിട്ടുണ്ട്.

അജ്മല്‍ കസബ് കേസിലും സമാനമായ സാഹചര്യം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായ ഉജ്ജ്വല്‍ നിഗം താരപദവിയിലേക്ക് ഉയര്‍ന്നു. എന്നാല്‍ അദ്ദേഹം തന്നെ കൈകാര്യം ചെയ്ത ഖേര്‍ ലാഞ്ജി ഇരട്ടക്കൊലപാതകക്കേസിന്റെ കാര്യത്തില്‍ ഈ ജനഹിതവും താരപദവിയും പ്രവര്‍ത്തിച്ചില്ല. ഇരകള്‍ ദളിത് സ്ത്രീകളായിരുന്നുവെന്നതാണ് തെല്‍തും ദെ കണ്ടെത്തുന്ന കാരണം.

എന്തുകൊണ്ടാണ് ദളിതര്‍ അണ്ണാ ഹസാരെയുടെ സമരങ്ങളോട് താല്‍പര്യം കാണിക്കാതിരുന്നത്?

അണ്ണാ ഹസാരെയുടെ സമരങ്ങളും അഴിമതി വിരുദ്ധനായ രക്ഷകന്റെ പരിവേഷവും ഒരു പരിധിവരെ മാധ്യമങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് സമ്മതിക്കുമ്പോഴും ഈ ചോദ്യം പ്രസക്തമാണ്. ഇന്ത്യന്‍ രാഷ്ടീയത്തില്‍ ഹിന്ദുത്വയ്ക്ക് ചുവടുറപ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതില്‍ ഹസാരെയും കൂട്ടരും പ്രത്യക്ഷമായോ പരോക്ഷമായോ വഹിച്ച പങ്ക് ചെറുതല്ല. ദളിതരെ മാറ്റിനിര്‍ത്താനും സംവരണത്തിനെതിരെ അര്‍ഹതാവാദം ഉന്നയിക്കാനും അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങളും കാമ്പയിനുകളും എങ്ങനെ ബുദ്ധിപൂര്‍വമായും ഫലപ്രദമായും ഉപയോഗിക്കപ്പെട്ടുവെന്ന് പരിശോധിക്കേണ്ടതാണ്.സാമ്പത്തിക സംവരണത്തെക്കുറിച്ചുള്ള യോജിപ്പുകളുടെയും വിയോജിപ്പുകളുടെയും പശ്ചാത്തലത്തില്‍ അത് പ്രസക്തവുമാണ്.

നവലിബറല്‍ വിപ്ലവത്തെക്കുറിച്ച് ആനന്ദ് തെല്‍തും ദെ 2011 ല്‍ എഴുതിയ ഒരു ലേഖനം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. അദ്ദേഹത്തിലെ ധനകാര്യ – മാനേജ്‌മെന്റ് വിദഗ്ദ്ധനെയും ക്രാന്തദര്‍ശിയായ രാഷ്ട്രീയ നിരീക്ഷകനെയും വെളിച്ചത്തു കൊണ്ടുവരുന്നതാണ് ഈ ലേഖനം. 1990 മുതല്‍ ഹിന്ദുത്വ വാദികള്‍ ബി.ജെപിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയമായി വിലപേശല്‍ ശക്തിയുള്ളവരായി മാറിത്തുടങ്ങി എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ ഏല്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള കൃത്യമായ ബോധ്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇന്ത്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ ലാഭനഷ്ടക്കൊയ്ത്തുകള്‍ കൂടി അദ്ദേഹം വിലയിരുത്തുന്നുണ്ട്.

രണ്ടാം യു.പി.എ സര്‍ക്കാറിന്റെ ദൗര്‍ബല്യങ്ങളുടെയും നയപരമായ വീഴ്ചകളുടെയും ചുവടുപിടിച്ചു കൊണ്ട് അതിനെതിരായി ഉയര്‍ന്ന പ്രതിഷേധസ്വരങ്ങളെ ബി.ജെ.പിയും സംഘപരിവാറും ഹൈജാക്ക് ചെയ്യുകയായിരുന്നു. അധികാരത്തിലെത്തിയതോടൊപ്പം തന്നെ ഹിംസാത്മകമായ ഹിന്ദുത്വവാദത്തെ രാജ്യത്തുടനീളം വ്യാപിപ്പിക്കാനും അവര്‍ക്ക് സാധിച്ചു. ഉയര്‍ന്ന വിദ്യാഭ്യാസം, അതും ഇംഗ്ലീഷ്, സാങ്കേതിക – വിദ്യാഭ്യാസം സിദ്ധിച്ച ഉയര്‍ന്ന ജാതിക്കാരായ യുവാക്കളായിരുന്നു അഴിമതി വിരുദ്ധ പോരാട്ടങ്ങളിലെ മുഖ്യ ജനക്കൂട്ടം. ഇതൊരു സവിശേഷ മദ്ധ്യവര്‍ഗ്ഗമാണ്, ഇന്ത്യയുടെ ഭൂതകാല സമ്പത്തില്‍ അഭിരമിക്കുകയും താല്‍ക്കാലികമായ സാമ്പത്തിക വളര്‍ച്ചകളില്‍ അഭിമാനിക്കുകയും ചെയ്ത ഈ യുവാക്കള്‍ അവരുടെ മുന്‍ തലമുറ നേരിട്ട സംഘര്‍ഷങ്ങളെക്കുറിച്ച് അജ്ഞരായിരുന്നു.

അഴിമതിക്കെതിരായ പോരാട്ടത്തെ രാജ്യത്തെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് അവര്‍ കണ്ടത്. സംവരണമാണ് അഴിമതിക്ക് ഇട കൊടുക്കുന്നത് എന്നും അര്‍ഹതയെ സംവരണം അട്ടിമറിക്കുന്നുവെന്നും വിശ്വസിച്ച ജനക്കൂട്ടമാണ് മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി ജന്തര്‍മന്തറിലും രാംലീല മൈതാനത്തും അണ്ണാ ഹസാരെയെ കേള്‍ക്കാന്‍ തടിച്ചുകൂടിയത്. ഭാരത മാതാവിനെ ഹിന്ദു ദേവതയായി അവതരിപ്പിക്കുന്നത് ഈ ജനക്കൂട്ടത്തിന്റെ മുന്നിലാണ്. സമരനേതാക്കന്മാരില്‍ പലരും സംവരണവിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നവരുമാണ്. ഇതുണ്ടാക്കാവുന്ന പ്രതിച്ഛായാ നഷ്ടത്തെപ്പറ്റി ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് ഉപവാസം അവസാനിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ അണ്ണാ ഹസാരെക്ക് ഇളനീര്‍ കൊടുക്കാന്‍ ദളിത്, മുസ്‌ലിം വിഭാഗങ്ങളില്‍ നിന്ന് രണ്ടു പേരെ തെരഞ്ഞെടുക്കുന്നത്. അത് വ്യക്തമായും സംഘപരിവാറിന്റെ നിക്ഷേപത്തില്‍ നിന്നായിരുന്നുവെന്ന് തെല്‍തും ദെ നിരീക്ഷിക്കുന്നുണ്ട്.

ആദിവാസി ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളും ദളിതരും അഴിമതിയെ അനുകൂലിക്കുന്നതു കൊണ്ടല്ല അവര്‍ അണ്ണ ഹസാരെയുടെ സമരത്തോട് ആഭിമുഖ്യം കാണിക്കാതിരുന്നത്. ആ സമരത്തിന്റെ രക്ഷാകര്‍തൃത്വത്തെക്കുറിച്ച് അവരില്‍ ചിലരെങ്കിലും സംശയാലുക്കളായതുകൊണ്ടാണ്.
ചുരുക്കത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ എക്കാലത്തെയും മുഖ്യധാരാ വിഷയങ്ങളായ ദേശാഭിമാനം, അഴിമതി വിരുദ്ധത, സംവരണം, ദളിത് പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ ആനന്ദ് തെല്‍തും ദെ സ്വീകരിച്ച വേറിട്ടതും സത്യസന്ധമായതുമായ നിലപാടുകളാണ് അദ്ദേഹത്തെ വിചാരണകളില്ലാതെ തടവില്‍ സൂക്ഷിക്കാന്‍ ഭരണകൂടത്തെ നിര്‍ബ്ബന്ധിക്കുന്നതെന്ന് പറയേണ്ടി വരും. നവ ലിബറല്‍ നയങ്ങളുടെയും അഴിമതിയുടെയും ഹിന്ദുത്വ പ്രീണനത്തിന്റെയും കാര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് ബി.ജെ.പി അധികാരത്തില്‍ വരുന്നതിനു മുമ്പ് തന്നെ ഉറക്കെപ്പറഞ്ഞ ഒരാള്‍ എന്ന നിലയില്‍ പ്രത്യേകിച്ചും.