തൊണ്ണൂറുകളില്‍ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്ഥാനം ഉണ്ടായിരുന്ന സംവിധായകനാണ് രാജസേനന്‍. മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ കൂട്ടുകെട്ടുകള്‍ പോലെ മലയാളികള്‍ ആഘോഷിച്ച ഒന്നായിരുന്നു രാജസേനനും ജയറാമും ഒന്നിക്കുന്ന സിനിമകള്‍. ജയറാമിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റുകള്‍ പലതും രാജസേനന്റെ സംഭാവനയായിരുന്നു.
ഒരു നടന്‍ എന്ന നിലയില്‍ ജയറാം ലുക്ക് മാറ്റാന്‍ അധികം സമ്മതിക്കാറില്ലായിരുന്നുവെന്നും ഏത് വസ്ത്രം ധരിച്ചാലും ജയറാം അണിയുമ്പോള്‍ അതിന് വലിയ റിച്ച്‌നസ് തോന്നുമെന്നും രാജസേനന്‍ പറയുന്നു.
നടന്‍ പ്രേം നസീറിനും ഈ പ്രശ്‌നയുണ്ടായിരുന്നുവെന്നും സൗത്ത് ഇന്ത്യയില്‍ അദ്ദേഹത്തോളം ഫിഗറുള്ള ഒരു നടന്‍ പിന്നീട് ഉണ്ടായിട്ടില്ലെന്നും രാജസേനന്‍ കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്നിനോട് സംസാരിക്കുകയായിരുന്നു രാജസേനന്‍.
‘ജയറാം അങ്ങനെ ലുക്കൊന്നും മാറ്റാന്‍ സമ്മതിക്കില്ലായിരുന്നു. നാടന്‍പെണ്ണും നാട്ടുപ്രമാണിയും എന്ന ചിത്രത്തില്‍ കുറച്ച് എണ്ണ മുടിയില്‍ തേപ്പിച്ചിരുന്നു. അത് തേച്ചതിന്റെ ഗുണം ആ സിനിമയില്‍ കിട്ടി.
ചിലരുടെ ഫിഗറിന്റെ ഒരു സംഭവമുണ്ട്. ചില ബോഡി ലാംഗ്വേജ് പ്രധാനപ്പെട്ടതാണ്. ചില നടന്മാരെ നമ്മള്‍ എത്ര ഡള്‍ ആക്കാന്‍ നോക്കിയാലും ആവത്തില്ല. ജയറാമിന് കവിള്‍ ഇത്തിരി കൂടുതലാണ് അതുപോലെ വട്ടമുഖമാണ്. അത്യാവശ്യം നല്ല നിറമാണ്. അതിനകത്ത് നമ്മള്‍ എന്ത് ചെയ്താലും, അതിപ്പോള്‍ ഒരു 150 രൂപയുടെ ഉടുപ്പ് ഇട്ട് കൊടുത്താലും പുള്ളി അതിടുമ്പോള്‍ അയ്യായിരം രൂപയുടെ ഉടുപ്പായി മാറും.
ഇതേ പ്രശ്‌നം നസീര്‍ സാറിനും ഉണ്ടായിരുന്നു. നസീര്‍ സാറും സത്യന്‍ മാഷും ഉണ്ടാവുന്ന ഒരു സീന്‍ എടുത്താല്‍ നമുക്കത് മനസിലാവും. സത്യന്‍ സാര്‍ ചുമ്മാ ഒരു മുണ്ടും ഒരു തോര്‍ത്തും ഉടുത്താല്‍ കര്‍ഷകനായി മാറും. എന്നാല്‍ നസീര്‍ സാറിനൊക്കെ എന്ത് എടുത്ത് കൊടുത്താലും തിളങ്ങുന്ന ആ ഒരു ചന്ദ്രന്റെ മുഖവും ആ സൗന്ദര്യവും അതുപോലെ ഉണ്ടാവും. ഏത് ആംഗിള്‍ എടുത്താലും പളുങ്ക് പോലെയല്ലേ ഇരിക്കുന്നത്.
നസീര്‍ സാറിന്റെ നിറത്തിന്റെ ഒരു പ്രശ്‌നം കൂടെയുണ്ട്. വല്ലാത്തൊരു കളര്‍ അല്ലേ അദ്ദേഹത്തിന്. പിന്നെ പുള്ളിയുടെ മുഖത്തിന്റെ ഒരു ഷേപ്പും എടുത്ത് പറയണം. എനിക്ക് തോന്നുന്നത് ഒരു സൗത്ത് ഇന്ത്യന്‍ നടന്മാര്‍ക്കും പുള്ളിയുടെ ഒരു ഫേസും ഫിഗറും കിട്ടിയിട്ടില്ല എന്നാണ്.
നെഞ്ചത്ത് കുറച്ച് രോമം കുറവാണെന്ന് പറഞ്ഞ് പണ്ടൊക്കെ ചില ചെറുപ്പക്കാര്‍ അദ്ദേഹത്തെ കളിയാക്കിയിട്ടുണ്ട്. അത് കുശുമ്പ് കൊണ്ടാണ്. കാണാന്‍ കൊള്ളാവുന്ന ആണ്‍പിള്ളേരോടൊക്കെ മറ്റുള്ളവര്‍ക്ക് അസൂയയാണ്.
നസീര്‍ സാറോടൊക്കെ വലിയ കുശുമ്പായിരുന്നു. പുള്ളി വടക്കന്‍ പാട്ടിലെ കുഞ്ഞിരാമന്‍ എന്നൊരു കഥാപാത്രം ചെയ്തതിന് ശേഷം വര്‍ഷങ്ങളോളം ഇവിടുത്തെ യുവ തലമുറ അദ്ദേഹത്തെ കുഞ്ഞിരാമന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അതൊക്കെ അസൂയയായിരുന്നു. കാരണം അദ്ദേഹത്തെ പെണ്ണുങ്ങളായിരുന്നു ആരാധിച്ചിരുന്നത്,’ രാജസേനന്‍ പറയുന്നു.