സിനിമയില്‍ നിര്‍മാതാവാണ് പ്രധാനമെന്നും അതിന് ശേഷമേ സംവിധായകനും മറ്റ് ടെക്‌നീഷ്യന്‍മാരും വരുന്നുള്ളൂ എന്നും സംവിധായകന്‍ രാജസേനന്‍. ദി പ്രൈംവിറ്റ്‌നസ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം നിയന്ത്രിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം നിര്‍മാതാവിനാണെന്നും സംവിധായകന്‍ അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടതെന്നും രാജസേനന്‍ പറഞ്ഞു.
‘ആറ് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഞാന്‍ ഒരു സിനിമ ചെയ്തു. സിനിമയില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി എന്നും മേക്കിംഗിലും കഥപറയുന്ന സമ്പ്രദായത്തിലും ലൊക്കേഷനിലെ ഇടപെടലുകളിലും ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്നും ഒക്കെ അറിഞ്ഞ്, പേടിച്ചാണ് ഞാന്‍ ഈ സിനിമ ചെയ്തത്.
ഇപ്പോള്‍ മാര്‍ക്കറ്റില്‍ നില്‍ക്കുന്ന ആര്‍ടിസ്റ്റുകളാണ് ആ സിനിമയില്‍ കൂടുതലുമുള്ളത്. ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജോയ് മാത്യു, ജഗദീഷ്, വി.കെ ബൈജു, ബാലാജി ഇങ്ങനെ നീണ്ട ഒരു നിര അതിനകത്തുണ്ടായിരുന്നു. ഒരു പ്രശ്‌നവും അവരെക്കൊണ്ട് എനിക്കുണ്ടായിട്ടില്ല. അസോസിയേറ്റ് ഡയറക്ടേഴ്‌സും അസിസ്റ്റന്‍സും അടക്കം ഒരാള്‍പോലും സിഗരറ്റ് വലിക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല.
എനിക്ക് ഈ കാലഘട്ടത്തില്‍ അങ്ങനെയൊരു സിനിമ ചെയ്യാന്‍ പറ്റി. ഇനി ചെയ്യുകയാണെങ്കിലും അങ്ങനെയേ ഉണ്ടാകൂ. കാരണം, സിനിമയുടെയൊക്കെ പിന്നില്‍ നമ്മളെയൊക്കെ ശമ്പളം തന്ന് കൊണ്ടുപോകുന്ന ഒരാളുണ്ട്, നിര്‍മാതാവ്. ആ നിര്‍മാതാവിനോട് ഡയറക്ടറും ആര്‍ടിസ്റ്റും ടെക്‌നീഷ്യന്‍സും കടപ്പെട്ടിരിക്കണം. കാരണം നമുക്ക് തൊഴില്‍ തരുന്നത് നിര്‍മാതാവാണ്.
നമുക്ക് മാര്‍ക്കറ്റ് ഉണ്ടായിട്ട് നമ്മള്‍ സ്വന്തമായി പ്രൊഡ്യൂസ് ചെയ്ത് പ്രൊഡ്യൂസര്‍ എന്ന തസ്തിക ഒഴിവാക്കാം എന്ന് പറയുന്നത് നല്ല കാര്യമല്ല. കാരണം, പണ്ട് മുതലേ ഹോളിവുഡ് സിനിമകളില്‍ നമ്പര്‍വണ്‍ എന്ന് പറയുന്നത് നിര്‍മാതാവാണ്. അതിന് ശേഷമാണ് സംവിധായകനടക്കം എല്ലാവരും വരുന്നത്. അങ്ങനെയായിരുന്നു മലയാളം സിനിമയിലും എവിടെയൊക്കെയോ ചില പ്രശ്‌നങ്ങള്‍ വന്നതിന്റെ മാറ്റങ്ങള്‍ ഇപ്പോള്‍ കാണുന്നുണ്ട്. ഇതെല്ലാം നിയന്ത്രിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം നിര്‍മാതാവിനാണ്. സംവിധായകന്‍ അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യുകയും വേണം,’ രാജസേനന്‍ പറഞ്ഞു.
content highlights: Rajasenan talks about producers