| Wednesday, 5th July 2023, 9:23 am

ആ ചിത്രത്തിനായി മോഹന്‍ലാല്‍ ഏറെ നാള്‍ ക്ലാസിക്കല്‍ ഡാന്‍സ് അഭ്യസിച്ചിട്ടുണ്ട്; അത് സ്വീകരിക്കപ്പെട്ടു: രാജസേനന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുരുഷന്മാര്‍ സിനിമയില്‍ ക്ലാസിക്കല്‍ ഡാന്‍സ് ചെയ്യുന്നതിനോട് മലയാളികള്‍ക്ക് താല്‍പര്യമില്ലെന്ന് നടന്‍ രാജസേനന്‍. എന്നാല്‍ പല ലെജന്‍ഡുകളും ചെയ്തിട്ടുണ്ടെന്നും അവ സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

‘മലയാളികള്‍ക്ക് പുരുഷന്മാര്‍ ക്ലാസിക്കല്‍ ഡാന്‍സ് ചെയ്യുന്നതിനോട് പൊതുവെ താല്‍പര്യമില്ല. പ്രത്യേകിച്ചും സിനിമയില്‍ ചെയ്യുന്നതിനോട്. പക്ഷെ ലെജന്‍ഡുകള്‍ ചെയ്തിട്ടുണ്ട്. എന്റെ അച്ഛന്‍ ഡാന്‍സ് മാസ്റ്റര്‍ ആണ്. ഞാന്‍ ഡാന്‍സ് പഠിച്ചിട്ടുണ്ട്. നേരത്തെ പെര്‍ഫോമര്‍ ആയിരുന്നു. പിന്നെ സിനിമയില്‍ വന്നപ്പോള്‍ അതൊക്കെ വിട്ടു. സിനിമയില്‍ വന്നതിന് ശേഷം ഒരിക്കല്‍ പോലും സ്‌റ്റേജില്‍ കയറി ഡാന്‍സ് പെര്‍ഫോമന്‍സ് ചെയ്തിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

വളരെ നാള്‍ ക്ലാസിക്കല്‍ ഡാന്‍സ് അഭ്യസിച്ചതിന് ശേഷമാണ് കമലദളത്തില്‍ മോഹന്‍ലാല്‍ ഡാന്‍സ് ചെയ്തതെന്നും അത് അംഗീകരിക്കപ്പെട്ടെന്നും രാജസേനന്‍ പറഞ്ഞു.

‘നമ്മുടെ ഹീറോസ് ആദ്യം മുതലേ ക്ലാസിക്കല്‍ ഡാന്‍സ് ചെയ്യുന്നവരല്ല. തമിഴിലൊക്കെ കമല്‍ഹാസന്‍ ചെയ്യും. അങ്ങനെ വലിയ വലിയ ഹീറോസ് ചെയ്തിട്ടുണ്ട്. ഇവിടെ ഡാന്‍സ് ബേസ് ചെയ്ത് കൂടുതല്‍ ചെയ്തത് വിനീതാണ്. സത്യന്‍, മധു, പ്രേംനസീര്‍ മുതല്‍ ആരും ഡാന്‍സിലേക്ക് വന്നിട്ടില്ല. പിന്നെ മോഹന്‍ലാലാണ് വന്നത്. അദ്ദേഹത്തിന്റെ ടാലെന്റില്‍ അതൊക്കെ ഓക്കെയാണ്.

കമലദളത്തില്‍ ഡാന്‍സ് ചെയ്യാനായി അദ്ദേഹം വളരെ നാള്‍ ക്ലാസിക്കല്‍ ഡാന്‍സ് അഭ്യസിച്ചിട്ടുണ്ട്. എന്നിട്ടാണ് പുള്ളി അത് ചെയ്തത്. അത് അംഗീകരിക്കപ്പെട്ടു, പെര്‍ഫെക്ട് ആയി ചെയ്തത് കൊണ്ടാണ് അംഗീകരിക്കപ്പെട്ടത്. മോഹന്‍ലാല്‍ എന്ന സ്റ്റാര്‍ഡം ഉണ്ട്. മോഹന്‍ലാല്‍ വെറുതെ കയ്യെടുത്താലും അത് ലൈക്ക് ചെയ്യുന്ന ഒരു ഫാന്‍ ഫോളോയിങ് കേരളത്തിലുണ്ട്. വെറുതെയൊന്ന് നോക്കി ചിരിച്ചാല്‍ കൂടെ ചിരിക്കുന്ന ഓഡിയന്‍സുണ്ട്. ഒരു ഡയലോഗ് ഷൗട്ട് ചെയ്ത് പറഞ്ഞാല്‍ അതിനുള്ള മറുപടി തിയറ്ററില്‍ നിന്നും പറയുന്നവരുണ്ട്. അത്തരമൊരു ആക്ടര്‍ ആണ്. അങ്ങനത്തെ ഒരു ആക്ടര്‍ അത് ചെയ്തപ്പോള്‍ സ്വീകരിച്ചു,’ രാജസേനന്‍ പറഞ്ഞു.

അഭിമുഖത്തില്‍ കശ്മീര്‍ ഫയല്‍സ്, കേരള സ്റ്റോറി എന്നീ ചിത്രങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ഈ രണ്ട് ചിത്രങ്ങളും താന്‍ കണ്ടിട്ടില്ലെങ്കില്‍ പോലും അത് രണ്ടും ചില യാഥാര്‍ഥ്യങ്ങളും അതിശയോക്തികളും മുന്നോട്ട് വെക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘കശ്മീര്‍ ഫയല്‍സ്, കേരള സ്റ്റോറി എന്നീ രണ്ട് പടങ്ങളും ഞാന്‍ കണ്ടിട്ടില്ല. എങ്കിലും ഒന്ന് പറയാന്‍ പറ്റും, ഈ രണ്ട് പടങ്ങളും ചില യാഥാര്‍ഥ്യങ്ങളും അതിശയോക്തികളും മുന്നോട്ട് വെക്കുന്നുണ്ട്. സിനിമ ഒരിക്കലും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മാത്രമുള്ള മീഡിയം അല്ല. അവിടെ ഹിന്ദുത്വമോ അല്ലെങ്കില്‍ മറ്റെന്ത് പറഞ്ഞാലും യാഥാര്‍ത്ഥ്യങ്ങളോടൊപ്പം അതിശയോക്തിയും ഉണ്ടാകും,’ രാജസേനന്‍ പറഞ്ഞു.

Content Highlight: Rajasenan talks about Mohanlal dance

We use cookies to give you the best possible experience. Learn more