| Wednesday, 11th December 2024, 6:24 pm

ന്യൂജന്‍ സിനിമകള്‍ വരുന്നതിന്റെ തുടക്കത്തില്‍ വന്ന ചിത്രം; അത് ചെയ്യേണ്ടായിരുന്നുവെന്ന് തോന്നിപോയി: രാജസേനന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജസേനന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 72 മോഡല്‍. ഗോവിന്ദ് പത്മസൂര്യയും ശ്രീജിത്ത് വിജയും ഒന്നിച്ച സിനിമയില്‍ മധു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. അകം, ഓഗസ്റ്റ് ക്ലബ് എന്നീ സിനിമകള്‍ക്കൊപ്പം പുറത്തിറങ്ങിയ ചിത്രം 1972ലെ ഒരു അംബാസഡര്‍ മോഡലിനെ അടിസ്ഥാനമാക്കിയാണ് കഥ പറഞ്ഞത്.

വളരെ നല്ല സബ്‌ജെക്റ്റായിരുന്നെങ്കിലും കാസ്റ്റിങ്ങില്‍ പാളിപോയ സിനിമയാണ് 72 മോഡല്‍ എന്ന് പറയുകയാണ് സംവിധായകന്‍ രാജസേനന്‍. സൗഹൃദവും ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയും പറഞ്ഞ ചിത്രം ന്യൂ ജനറേഷന്‍ സിനിമകള്‍ വരുന്നതിന്റെ തുടക്കത്തില്‍ ചെയ്തതായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പക്ഷെ 72 മോഡലും തന്റെ റേഡിയോ ജോക്കി എന്ന സിനിമയും കാസ്റ്റിങ് കാരണം ശരിയാകാതെ പോയെന്നും അതിന്റെ പേരില്‍ നിര്‍മാതാവിനെ ഒരിക്കലും കുറ്റം പറയാന്‍ സാധിക്കില്ലെന്നും രാജസേനന്‍ പറഞ്ഞു. ചെയ്യേണ്ടായിരുന്നു എന്ന് തോന്നിപ്പോയ സിനിമകള്‍ കരിയറില്‍ ഉണ്ടായിട്ടുണ്ടോയെന്ന ചോദ്യത്തിന് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി നല്‍കുകയായിരുന്നു സംവിധായകന്‍.

‘ചെയ്ത ശേഷം ചെയ്യേണ്ടായിരുന്നു എന്ന് തോന്നിപ്പോയ സിനിമകള്‍ എന്റെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. അത് ഒരിക്കലും ആ സിനിമയുടെ കഥയുടെ പ്രശ്‌നമോ അല്ലെങ്കില്‍ സ്‌ക്രിപ്റ്റിന്റെ പ്രശ്‌നമോ അല്ല. കാസ്റ്റിങ് പാളിപ്പോയ ഒരു സിനിമയുണ്ട്. റേഡിയോ ജോക്കി എന്നാണ് ആ സിനിമയുടെ പേര്. അതില്‍ കാസ്റ്റിങ്ങായിരുന്നു പ്രശ്‌നം.

അതുപോലെ തന്നെ തോന്നിയിട്ടുള്ള മറ്റൊരു സിനിമയാണ് 72 മോഡല്‍. അതിന്റേത് വളരെ നല്ല സബ്‌ജെക്റ്റായിരുന്നു. ഒന്നാന്തരം സബ്‌ജെക്റ്റായിരുന്നു. ന്യൂ ജനറേഷന്‍ സിനിമകള്‍ വരുന്നതിന്റെ തുടക്കത്തില്‍ വന്ന സിനിമയാണ് 72 മോഡല്‍. സൗഹൃദമൊക്കെ വെച്ച് ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയായിരുന്നു ആ സിനിമയില്‍ പറഞ്ഞത്.

പക്ഷെ അതിന്റെയും കാസ്റ്റിങ് ശരിയായില്ല. രണ്ട് സിനിമയും അതിലെ കാസ്റ്റിങ് കാരണമാണ് പരാജയപ്പെട്ടത്. പക്ഷെ അതിന്റെ പേരില്‍ നിര്‍മാതാവിനെ ഒരിക്കലും കുറ്റം പറയാന്‍ സാധിക്കില്ല. അതിന്റെ കുറ്റവും ഉത്തരവാദിത്തവും ഞാന്‍ തന്നെ ഏറ്റെടുക്കുകയാണ്. അത് ഞാന്‍ മുമ്പ് പറഞ്ഞിട്ടുമുണ്ട്,’ രാജസേനന്‍ പറഞ്ഞു.

Content Highlight: Rajasenan Talks About His 72 Model Movie

We use cookies to give you the best possible experience. Learn more