മോഹൻലാൽ – പ്രിയദർശൻ, മമ്മൂട്ടി – ജോഷി കൂട്ടുകെട്ടുകൾ പോലെ മലയാളത്തിലെ മറ്റൊരു ഹിറ്റ് കോമ്പോയായിരുന്നു ജയറാം – രാജസേനൻ. മേലെപ്പറമ്പിൽ ആൺവീട്, ആദ്യത്തെ കണ്മണി, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ തുടങ്ങി ഈ കൂട്ടുകെട്ടിൽ പിറന്ന സിനിമകളിൽ ഭൂരിഭാഗവും വലിയ വിജയമായിരുന്നു. 2006ൽ ഇറങ്ങിയ കനക സിംഹാസനമായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം.
പലപ്പോഴും രാജസേനനും ജയറാമും തമ്മിൽ പിരിഞ്ഞുവെന്ന തരത്തിൽ റൂമറുകൾ പുറത്ത് വന്നിരുന്നു. എന്നാൽ രണ്ടുപേരും ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഈയിടെ നടന്ന ജയറാമിന്റെ മകളുടെ വിവാഹ ചടങ്ങിലും രാജസേനൻ പങ്കെടുത്തിരുന്നില്ല. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് രാജസേനൻ.
ജയറാമിന്റെ മക്കളെ ചെറുപ്പം മുതൽ അറിയാമെന്നും താനും അവരെ ചെറുപ്പത്തിൽ താലോലിച്ചിരുന്നുവെന്നും രാജസേനൻ പറയുന്നു. കാളിദാസ് ജയറാം സിനിമകൾ ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ടെന്നും എന്നാൽ മനുഷ്യനാവുമ്പോൾ ചില സൗന്ദര്യ പിണക്കമെല്ലാം ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമൃത ടി.വിയിൽ ആനീസ് കിച്ചൻ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജസേനൻ.
‘ഞങ്ങൾ ഒരുമിച്ച് പതിനാറ് സിനിമകൾ ചെയ്തിട്ടുണ്ട്. ജയറാമിന്റെ മക്കൾ എന്ന് പറഞ്ഞാൽ ജനിച്ച സമയം മുതൽ ഞങ്ങൾ എടുത്ത് താലോലിക്കുകയൊക്കെ ചെയ്തവരാണ്. ഞാനും എന്റെ ഭാര്യയുമൊക്കെ അവരെ ഒരുപാട് താലോലിച്ചിട്ടുണ്ട്.
അവർ ഉയരങ്ങളിലേക്ക് പോവുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഇപ്പോൾ കാളിദാസ് സിനിമകളൊക്കെ ചെയ്യുന്നത് കാണുമ്പോൾ എനിക്കൊത്തിരി സന്തോഷം തോന്നാറുണ്ട്.
അവൻ അഭിനയിച്ച എന്റെ വീട് അപ്പൂന്റേം എന്ന ചിത്രമൊക്കെ ചെയ്യുന്ന സമയത്ത് എന്തൊരു ആഹ്ലാദമായിരുന്നു ഞങ്ങൾക്ക്. അത് കഴിഞ്ഞ് സംസ്ഥാന അവാർഡൊക്കെ കിട്ടി. നല്ല മിടുക്കനായിട്ടൊക്കെ വന്നില്ലേ.
പിന്നെ മനുഷ്യനല്ലേ എവിടെയെങ്കിലും ചില സൗന്ദര്യ പിണക്കമൊക്കെ വരാം. ജയറാമിന്റെ മകളുടെ കല്യാണത്തിന് ഞാൻ വന്നില്ല എന്നത് സത്യം തന്നെയാണ്,’രാജസേനൻ പറയുന്നു.
Content highlight: Rajasenan Talk About Relation With Jayaram