മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് രാജസേനന്‍. കടിഞ്ഞൂല്‍ കല്യാണം, മേലേപ്പറമ്പില്‍ ആണ്‍വീട്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, മേഘസന്ദേശം തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ രാജസേനന്‍ അണിയിച്ചൊരുക്കി. എന്നാല്‍ 2000ത്തിന് ശേഷം രാജസേനന്റെ ചിത്രങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോകുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. തന്റെ സിനിമകളില്‍ ഒഴിവാക്കാനാകാത്ത നടനാണ് ഒടുവില്‍ ഉണ്ണികൃഷ്ണനെന്ന് പറയുകയാണ് രാജസേനന്‍.
ആദ്യകാലത്ത് താന്‍ ചെയ്ത എല്ലാ സിനിമകളിലും ഓടുവില്‍ ഉണ്ണികൃഷ്ണന്‍ ഉണ്ടായിരുന്നെന്നും ഇനി അദ്ദേഹത്തെ വിളിക്കേണ്ടതില്ലെന്നും താന്‍ തീരുമാനിച്ചുവെന്നും രാജസേനന്‍ പറഞ്ഞു. അതിന് ശേഷം താന്‍ ചെയ്ത സിനിമയായിരുന്നു കഥാനായകനെന്നും അതിന്റെ എഴുത്ത് ഒരുഘട്ടത്തില്‍ നിന്നുപോയെന്നും രാജസേനന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ കഥാപാത്രവും മനസില്‍ തെളിഞ്ഞുവനെന്നും എന്നാല്‍ ശങ്കുണ്ണി എന്ന കഥാപാത്രത്തിന്റെ കാര്യത്തില്‍ വ്യക്തത വന്നില്ലായിരുന്നെന്നും രാജസേനന്‍ പറഞ്ഞു.
തന്റെ മനസില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മുഖം മാത്രമേ വന്നിരുന്നുള്ളൂവെന്നും എന്നാല്‍ അത് എങ്ങനെ മറ്റുള്ളവരോട് പറയുമെന്ന് സംശയിച്ച് ഇരുന്നെന്നും രാജസേനന്‍ കൂട്ടിച്ചേര്‍ത്തു. ആ സിനിമയുടെ എഴുത്തുകാര്‍ തന്നെ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ പേര് പറഞ്ഞെന്നും അദ്ദേഹത്തെ ആ സിനിമയിലേക്ക് വിളിച്ചെന്നും രാജസേനന്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു രാജസേനന്‍.
‘എന്റെ എല്ലാ സിനിമയിലും ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഉണ്ടായിരുന്നു. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ഇനി പുള്ളിയെ വിളിക്കണ്ട എന്ന് ഞാന്‍ തീരുമാനമെടുത്തു. വേറെ ആര്‍ക്കും അവസരം കൊടുക്കുന്നില്ല എന്ന പരാതി വരണ്ടല്ലോ എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. അതിന് ശേഷം ഞാന്‍ ചെയ്ത സിനിമയായിരുന്നു കഥാനായകന്‍. മണി ഷൊര്‍ണൂറും രാജന്‍ കിഴക്കേതിലും ഞാനും കൂടെ ചേര്‍ന്നാണ് ആ സിനിമയുടെ റൈറ്റിങ്ങിന് ഇരുന്നത്. ബാക്കി എല്ലാ കഥാപാത്രങ്ങളെപ്പറ്റിയും നന്നായി എഴുതാന്‍ പറ്റി.
പക്ഷേ ശങ്കുണ്ണി എന്ന ക്യാരക്ടറിന്റെ ഒരു ഡയലോഗ് പോലും ഞങ്ങള്‍ക്ക് എഴുതാന്‍ പറ്റിയില്ല. എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോള്‍ അവര്‍ രണ്ടുപേരും ഒടുവില്‍ ഉണ്ണികൃഷ്ണന്റെ പേര് പറഞ്ഞു. ഇത് എങ്ങനെ ഞാന്‍ പറയും എന്ന ചിന്തയില്‍ ഇരിക്കുകയായിരുന്നു. കാരണം, ആ ക്യാരക്ടര്‍ ചെയ്യാന്‍ ഉണ്ണികൃഷ്ണന്‍ ചേട്ടനല്ലാതെ വേറെ ആളില്ല. അദ്ദേഹത്തിന് മാത്രമേ അത്തരം ക്യാരക്ടേഴ്‌സ് ചെയ്ത് ഫലിപ്പിക്കാന്‍ കഴിയൂ,’ രാജസേനന്‍ പറഞ്ഞു.
Content Highlight: Rajasenan shares his bond with Oduvil Unnikrishnan