കഥ കേൾക്കാതെയാണ് മലയാളി മാമന് വണക്കം എന്ന ചിത്രത്തിലെ കഥാപാത്രം നടൻ കലാഭവൻ മണി ചെയ്തതെന്ന് സംവിധായകൻ രാജസേനൻ. ആ വേഷം ചെയ്യാൻ ഒരുപാട് നടന്മാരെ ആലോചിച്ചെന്നും കലാഭവൻ മണിക്ക് നൽകാനിരുന്ന ഗെറ്റപ്പ് മറ്റൊന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിൽ രാജൻ പി.ദേവ് ചേട്ടൻ വന്നതും നരേന്ദ്ര പ്രസാദ് ചേട്ടൻ വന്നതുമൊക്കെ വളരെ ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ്. പക്ഷെ, മലയാളി മാമന് വണക്കം എന്ന ചിത്രത്തിൽ മണി വന്നത് അങ്ങനെയല്ല. മണി ചെയ്ത കഥാപാത്രം ചെയ്യാൻ ഒരുപാട് പേരെ ആലോചിച്ചു. ആ സമയത്ത് മണിയും ഞാനും പടം ചെയ്തിട്ട് കുറച്ച് ഗ്യാപ് വന്നിട്ടുണ്ടായിരുന്നു. ദില്ലി വാല രാജകുമാരൻ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ ഇതൊക്കെ ചെയ്തതിന് ശേഷം കുറച്ച് ഗ്യാപ് വന്നു, അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. മൂന്നാല് പടങ്ങളിൽ മണി ഇല്ലായിരുന്നു. അപ്പൊ ഇടക്കൊക്കെ എനിക്ക് മണിയുടെ മുഖം ഓർമവരും.
ആദ്യകാലങ്ങളിൽ എന്റെ മേക്കപ്മാൻ എം. മോഹൻ ആയിരുന്നു. മലയാളി മാമന് വണക്കം സിനിമ ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുൻപ് മോഹൻ മരിച്ചു. അതിന് മുൻപ് ഒരു വിഗ്ഗ് മണിക്ക് വേണ്ടി ചെയ്യാൻ ഞാൻ ഏൽപ്പിച്ചിട്ടുണ്ടായിരുന്നു. ഒരു റോൾ ഉണ്ടെന്ന് ഞാൻ മണിയെ ഫോണിൽ വിളിച്ചുപറഞ്ഞു. ‘അയ്യോ, സാറിന്റെ പടമല്ലേ എനിക്ക് കഥ ഒന്നും കേൾക്കണ്ട ഞാൻ ആ വേഷം ചെയ്‌തോളാം’ എന്നാണ് മണി അന്ന് പറഞ്ഞത്. കുറച്ച് നീളമുള്ള മുടിയുള്ള ഒരു തമിഴ് കഥാപാത്രമാണെന്ന് ഞാൻ പറഞ്ഞു.
എം. മോഹന്റെ മരണത്തിനു ശേഷം ജയമോഹൻ മേക്കപ് ഏറ്റെടുത്തു. ഷൂട്ടിങ് തുടങ്ങിയ അന്ന് മണി വിഗ്ഗ് വെച്ച്നോക്കി. അത് പക്ഷെ ചേർന്നില്ല. അപ്പോൾ ജയ് മോഹൻ ചെന്നിട്ട് മണിയെ കൊണ്ടുപോയി മുന്നിലത്തെ മുടി ഷേവ് ചെയ്തിട്ട് കാണിച്ചു. അത്കണ്ട് ഞാൻ ഞെട്ടിപ്പോയി. കൃത്യമായിട്ട് ഞാൻ ഉദ്ദേശിച്ച കഥാപാത്രം. അപ്പൊ ആ വിഗ്ഗ് വേണ്ടിവന്നില്ല. ജയറാം വന്ന് കണ്ടു, പുള്ളിയും പറഞ്ഞു അത് മതിയെന്ന്. അങ്ങനെയാണ് ആ കഥാപാത്രം ജനിച്ചത്,’ രാജസേനൻ പറഞ്ഞു.
Content Highlights: Rajasenan on Kalabhavan Mani