അവിടെ ജഗതിച്ചേട്ടന്‍ കയ്യില്‍നിന്നൊരു സാധനമിട്ടു, ചിരി വന്നിട്ട് ഞാന്‍ ക്യാമറയുടെ അടുത്തുനിന്ന് ഓടി: രാജസേനൻ
Entertainment
അവിടെ ജഗതിച്ചേട്ടന്‍ കയ്യില്‍നിന്നൊരു സാധനമിട്ടു, ചിരി വന്നിട്ട് ഞാന്‍ ക്യാമറയുടെ അടുത്തുനിന്ന് ഓടി: രാജസേനൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th July 2023, 5:07 pm

മേലേപ്പറമ്പിൽ ആൺ വീട് എന്ന ചിത്രത്തിൽ ജഗതിയുടെ ഡയലോഗ് അവതരണം കേട്ട് ചിരിച്ചുകൊണ്ട് ഓടിയിട്ടുണ്ടെന്ന് സംവിധായകൻ രാജസേനൻ. ‘വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി’ എന്ന ഡയലോഗ് സംഭാഷണത്തിൽ ഉണ്ടായിരുന്നെങ്കിലും ഡയലോഗ് പല തവണ ഉരുവിടുന്നതായി ചെയ്തത് ജഗതിയുടെ ആശയം അണെന്നും ഒപ്പം അഭിനയിച്ചവരിൽ വരെ ആ സീൻ ചിരി പടർത്തിയെന്നും രാജസേനൻ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി എന്ന ഡയലോഗ് തീർച്ചയായും രഖുനാഥ് പാലേരി എഴുതിയതാണ്. അദ്ദേഹം ഒറ്റ തവണ മാത്രമാണ് ഡയലോഗ് എഴുതിയിട്ടുള്ളു. അമ്പിളി ചേട്ടൻ അതൊരു അഞ്ചാറ് തവണ പറഞ്ഞു. ഷൂട്ടിങ് കണ്ടുകൊണ്ടിരുന്ന ഞങ്ങളെ വരെ ചിരിപ്പിച്ചുകളഞ്ഞു. ചിരി വന്നിട്ട് ഞാൻ ക്യാമറയുടെ അടുത്തുനിന്ന് ഓടിക്കളഞ്ഞു, എനിക്ക് കട്ട് പറയാൻ പോലും പറ്റിയില്ല. ആനന്ദ കുട്ടനാണ് കട്ട് പറഞ്ഞത്.

ഞാൻ ദൂരെ മാറിയിരുന്ന് നോക്കുമ്പോൾ കുട്ടേട്ടൻ (വിജയ രാഘവൻ) ഇരുന്ന് കുലുങ്ങുന്നു. പുള്ളി ആ സീൻ കണ്ടിട്ട് ചിരിക്കുന്നതാണ്.

ആ ഡയലോഗ് പറയുമ്പോൾ ഞാൻ കുറച്ച് കേറ്റി പറഞ്ഞോട്ടെയെന്ന് മാത്രമാണ് അമ്പിളി ചേട്ടൻ ചോദിച്ചത്. ഇങ്ങനെയങ്ങോട്ട് കയറ്റുമെന്നൊന്നും ഞങ്ങൾ വിചാരിച്ചില്ല. പുള്ളി കയ്യിൽ നിന്നുമിട്ട ഡയലോഗാണ് അത്. എന്തൊരു എക്സ്പ്രെഷൻ ആയിരുന്നു. അത് തീർച്ചയായും അമ്പിളി ചേട്ടന്റെ അത്ഭുതകരമായ പ്രകടനം തന്നെയായിരുന്നു. അതുകൊണ്ടാണ് ആളുകൾ ഇന്നും അത് പറഞ്ഞുകൊണ്ട് നടക്കുന്നത്,’ രാജസേനൻ പറഞ്ഞു.

അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ചിത്രത്തിൽ നരേന്ദ്ര പ്രസാദിനെയും രാജൻ പി.ദേവിനെയും കളിയാക്കുന്നതിനായി ഉപയോഗിക്കുന്ന ‘ചെകുത്താൻ കയറിയ വീട്’ എന്ന ഗാനം പാടിയിരിക്കുന്നത് താൻ അണെന്നും ഗാനത്തിന്റെ ഒറിജിനൽ ലഭ്യമല്ലായിരുന്നതുകൊണ്ടാണ് താൻ പാടിയതെന്നും രാജസേനൻ പറഞ്ഞു.

‘അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലെ ‘ടേപ്പ് റെക്കോർഡർ വർക്ക് ചെയ്യുന്നില്ല’ എന്ന ഡയലോഗ് കിടിലം തന്നെയാണ്. അത് റാഫി-മെക്കാർട്ടിന്റെ മാത്രം ഡയലോഗുകൾ ആണ്. അത് അവർക്കേ എഴുതാൻ പറ്റുകയുള്ളു. ഒരു സാധനം എന്തിനു വേണ്ടി കൊണ്ടുപോകുന്നോ അത് നടക്കുന്നില്ലെന്ന് പറഞ്ഞാൽ കോമഡിയല്ലേ (ചിരിക്കുന്നു). അത് ഉഗ്രൻ സീക്വൻസാണ്, ഞങ്ങൾ പൊട്ടിചിരിച്ചിട്ടുണ്ട് അതൊക്കെ കണ്ടിട്ട്.

ആ സിനിമയിലെ ‘ചെകുത്താൻ കയറിയ വീട് എന്ന ഗാനം ഒറിജിനൽ കിട്ടാത്തെ വന്നപ്പോൾ ഞാൻ തന്നെ പാടിയ പാട്ടാണ്. പല പാട്ടുകളും നോക്കി. ചെകുത്താൻ കയറിയ വീട് എന്ന് തന്നെ ഞങ്ങൾക്ക് കിട്ടണം. അവസാനം ഞാൻ തന്നെ പാടുകയായിരുന്നു. എന്റെ ശബ്ദമാണ് ആ ടേപ്പിലൂടെ കേൾക്കുന്നത്,’ രാജ സേനൻ പറഞ്ഞു.

Content Highlights: Rajasenan on Jagathy Sreekumar