അപ്പോൾ ആ വെള്ളത്തിൽ ചാടിയാൽ ചെവിയിൽ വെള്ളം കയറി പഴുക്കുമായിരുന്നു, ആ സീൻ ഒറ്റ ഷോട്ടിൽ ഓക്കേ ആക്കി: രാജസേനൻ
Entertainment
അപ്പോൾ ആ വെള്ളത്തിൽ ചാടിയാൽ ചെവിയിൽ വെള്ളം കയറി പഴുക്കുമായിരുന്നു, ആ സീൻ ഒറ്റ ഷോട്ടിൽ ഓക്കേ ആക്കി: രാജസേനൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th June 2023, 11:56 pm

മേലേപ്പറമ്പിൽ ആൺ വീടെന്ന ചിത്രം എപ്പോൾ കണ്ടാലും മലയാളികൾക്ക് പുതുമയുള്ളതാണ്. ചിത്രത്തിലെ ഡയലോഗുകൾ എല്ലാം ഇന്നും പ്രേക്ഷകർ ഏറ്റുപറയുന്നുണ്ട്. സംവിധായകൻ രാജസേനൻ മേലേപ്പറമ്പിൽ ആൺവീടെന്ന എവർഗ്രീൻ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ്.

ചിത്രത്തിൽ കുളത്തിൽ ചാടുന്ന രംഗം ഷൂട്ട് ചെയ്യുമ്പോൾ നടൻ ജഗതി ശ്രീകുമാറിന് ചെവിയിൽ ഇൻഫെക്ഷൻ ഉണ്ടായിരുന്നെന്ന് രാജസേനൻ പറഞ്ഞു. ക്യാമറ ആംഗിൾ മാറ്റി ഷൂട്ട് ചെയ്താൽ ഭംഗി ഉണ്ടാകില്ലെന്ന് ജഗതി പറഞ്ഞെന്നും ജഗതി തന്നെ വെള്ളത്തിൽ ചാടാൻ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാജസേനൻ.

‘മേലേപ്പറമ്പിൽ ആൺ വീട് എന്ന ചിത്രത്തിൽ അമ്പിളി ചേട്ടൻ കുളത്തിൽ ചാടുന്ന രംഗമുണ്ട്. അപ്പോൾ അദ്ദേഹത്തിന്റെ ചെവിക്ക് ഇൻഫെക്ഷൻ ഉണ്ടായിരുന്നു. വെള്ളത്തിൽ ചാടിയാൽ വെള്ളം കയറി ചെവി പഴുക്കുമായിരുന്നു. അത് കേട്ടിട്ട് എനിക്ക് വിഷമമായി. ഞാൻ എന്നാലും മനസില്ലാ മനസോടെ ക്യാമറയുടെ ആംഗിൾ മാറ്റി ഷൂട്ട് ചെയ്യാമെന്ന് ആനന്ദകുട്ടനോട് പറഞ്ഞു.

കുട്ടേട്ടൻ (വിജയ രാഘവൻ) ക്യാമറ ആംഗിൾ മാറ്റുന്ന കാര്യം കേട്ടപ്പോൾ തന്നെ ‘ഓ ആ സീൻ പോയല്ലോ’ എന്നാണ് പറഞ്ഞത്. എങ്കിലും ആർട്ടിസ്റ്റിനു വയ്യാത്തതുകൊണ്ട് മാറ്റി ചെയ്യാമെന്ന് തീരുമാനിച്ചു. ‘സേനാ അത് വേറെ ആംഗിളിൽ ചെയ്താൽ കിട്ടില്ല. ഞാൻ ഒരു കാര്യം ചെയ്യാം, കുളത്തിൽ ചാടാം. പക്ഷെ ഒറ്റ ഷോട്ടിൽ തന്നെ ഓക്കേ ആക്കണം. ഞാൻ ചാടുമ്പോൾ വെള്ളം ആണ്, ഇളക്കം തട്ടിയേക്കും എന്നാലും നിങ്ങൾ ഒറ്റ ഷോട്ടിൽ തീർക്കാൻ നോക്കണം എന്ന് അമ്പിളിച്ചേട്ടൻ (ജഗതി ശ്രീകുമാർ) പറഞ്ഞു. അപ്പോൾ ആനന്ദകുട്ടൻ ചേട്ടൻ പറഞ്ഞു അതൊക്കെ ഓക്കേ ആക്കാമെന്ന്. കാരണം പുള്ളി ഫൈറ്റ് ഒക്കെ ഷൂട്ട് ചെയ്യുന്ന ആളല്ലേ. പുള്ളി മിടുക്കനാണ്. ആ വിശ്വാസവും എനിക്കുണ്ടായിരുന്നു.

ക്യാമറ പഴയ സ്ഥലത്തു തന്നെ കൊണ്ടുവന്ന് വെച്ചു. എല്ലാവരും നോക്കി നിൽക്കുകയാണ്. ഒറ്റ ടേക്കിൽ ഓക്കേ ആക്കുകയും വേണം. അമ്പിളിച്ചേട്ടൻ ഒറ്റ ചാട്ടം കുളത്തിലേക്ക്. അത് കൃത്യമായി ക്യാമറയിൽ പിടിക്കുകയും ചെയ്‌തു. ഒറ്റ ടേക്കിൽ അത് ഓക്കേ ആക്കി,’ രാജസേനൻ പറഞ്ഞു.

Content Highlights: Rajasenan on Jagathi Sreekumar