| Monday, 26th June 2023, 7:51 pm

ശ്രീകൃഷ്ണനെ ലൈവായി കൊണ്ടുവന്ന് സിനിമ എടുത്താൽ എന്താണ് കുഴപ്പം? അത് വിശ്വാസം ഉള്ളവർ കണ്ടോട്ടെ: രാജസേനൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു കലാസൃഷ്ടി ഉണ്ടാക്കാൻ കാലഘട്ടം നോക്കേണ്ട കാര്യമില്ലെന്ന് സംവിധായകൻ രാജസേനൻ. ഏത് കാലഘട്ടത്തിലും ഏത് കഥയും പറയാമെന്നും ശ്രീകൃഷ്‌ണനെ ലൈവായി കൊണ്ടുവന്ന് സിനിമ എടുത്താൽ അത് വിശ്വാസികൾ മാത്രം കാണട്ടെയെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന്‌ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു കലാകാരൻ ഒരു സൃഷ്ടി ഉണ്ടാക്കുമ്പോൾ കാലഘട്ടം ഒക്കെ നോക്കേണ്ടതുണ്ടോ? സിനിമയിൽ കോടിക്കണക്കിന് രൂപ മുടക്കുന്നതുകൊണ്ട് കാലഘട്ടം ഒക്കെ നോക്കിയിട്ട് സിനിമ ഉണ്ടാക്കാം. ഒരു കലാസൃഷ്ടി എന്ന നിലയിൽ ഏത് കാലഘട്ടത്തിലും ഏത് കഥ വേണമെങ്കിലും പറയാം. ശ്രീകൃഷ്ണനെ ലൈവ് ആയി കൊണ്ടുവന്ന് ഒരു സിനിമ എടുത്താൽ എന്താണ് കുഴപ്പം? അത് വിശ്വാസം ഉള്ളവർ കണ്ടോട്ടെ. പക്ഷേ ശ്രീകൃഷ്ണനെ മുൻനിർത്തി ഒരു കഥ ഉണ്ടാക്കുകയാണെങ്കിൽ ‘ഇത് ഒരു യാദൃശ്ചിക സംഭവം’ അല്ലെങ്കിൽ ഫാന്റസിയാണ്, ഹാലൂസിനേഷനാണ്, നിങ്ങൾക്ക് വേണമെങ്കിൽ ഇത് ശ്രീകൃഷ്ണൻ ആയിട്ടെടുക്കാം അല്ലെങ്കിൽ നിങ്ങളുടെ തോന്നലായിട്ടെടുക്കാം എന്നൊക്കെ വേണമെങ്കിൽ പറയാം. ഇത് ശ്രീകൃഷ്ണന്റെ സിനിമയാണ്‌ എന്ന് പറഞ്ഞ്‌ വേണം സിനിമ എടുക്കാൻ.

ഒരു നോവൽ, അത് കാലഘട്ടം അനുസരിച്ച് എഴുതണമെന്ന് നിർബന്ധമില്ല. ഒരു നോവലിസ്റ്റിന് അതിനുള്ള സ്വാതന്ത്ര്യമുണ്ട്, പക്ഷെ ഒരു സിനിമാക്കാരന് ആ സ്വാതന്ത്ര്യമില്ല. ദൃശ്യങ്ങളും കൂടി നൽകുന്നത്കൊണ്ടാകാം ചിലപ്പോൾ ആ സ്വാതന്ത്ര്യമില്ലാത്തത്. ഒരു നോവലിസ്റ്റ് എപ്പോഴും സ്വാതന്ത്ര്യം അനുഭവിക്കുന്നവനാണ്. ഒരു ഫിലിം മേക്കർക്ക് ആ സ്വാതന്ത്ര്യം നൽകുകയാണെങ്കിൽ എപ്പോഴും നല്ല സിനിമകൾ ഉണ്ടാകും. അല്ലെങ്കിൽ ചട്ടക്കൂടുകൾക്കും കാലഘട്ടത്തിനും ഇടയിലായിപ്പോകും സിനിമകൾ. ശരിക്കും കാലഘട്ടത്തിനു അതീതമായിട്ടാണ് സിനിമ എടുക്കേണ്ടത്,’ രാജസേനൻ പറഞ്ഞു.

രാജസേനൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് ഞാനും പിന്നൊരു ഞാനും. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിക്കുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു, മീര നായർ, ആരതി നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം എം.ജയചന്ദ്രനാണ്. ജൂൺ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Content Highlights: Rajasenan on freedom of film makers

We use cookies to give you the best possible experience. Learn more