| Tuesday, 4th July 2023, 11:21 am

ഞാൻ വിശ്വാസിയാണ്, പക്ഷെ ഹനുമാൻ വന്ന് സീറ്റിൽ ഇരിക്കുമെന്നതിനോട് യോജിക്കുന്നില്ല : രാജസേനൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താൻ വിശ്വാസിയാണെങ്കിലും അന്ധവിശ്വാസമില്ലെന്ന് സംവിധായകൻ രാജസേനൻ. ആദിപുരുഷ് എന്ന ചിത്രം റിലീസ് ചെയ്തപ്പോൾ തിയേറ്ററിൽ ഹനുമാനായി സീറ്റൊഴിച്ചിട്ടതിനോട് തനിക്ക് യോജിക്കാനാകില്ലെന്നും അത്തരം കാര്യങ്ങൾ മറ്റ് സംസ്ഥാനങ്ങളിലാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാജസേനൻ.

‘ഞാൻ അന്ധവിശ്വാസം ഉള്ള ആളല്ല. ഈശ്വര വിശ്വാസം ഉണ്ട്. എന്നും പറഞ്ഞ്‌ ഹനുമാൻ വന്ന് സീറ്റിൽ ഇരിക്കും എന്ന് പറയുന്നതിനോടൊന്നും ഞാൻ യോജിക്കുന്നില്ല. അതൊക്കെ ഒരു പ്രൊമോഷൻ ടെക്നിക്കാണ്. കേട്ടാൽ തന്നെ അറിഞ്ഞൂടെ. ഇതൊന്നും കേരളത്തിൽ സംഭവിക്കില്ല, അതൊക്കെ മറ്റ് സംസ്ഥാനങ്ങളിലാണ്. ഇതൊക്കെ വിശ്വസിക്കുന്ന പല സംസ്ഥാനങ്ങളും ഉണ്ട്, അവിടെയാണ് ഇതൊക്കെ സംഭവിക്കുന്നത്.

ഒരു സിനിമ ഇറങ്ങുമ്പോൾ അതിൽ ഒരു മതത്തെ കൊണ്ടുവരേണ്ട കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇസ്‌ലാമിന് അവരുടേതായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സിനിമ ചെയ്യാം, ക്രിസ്ത്യാനിക്കും ചെയ്യാം, ഹിന്ദുക്കൾക്കും ചെയ്യാം. അങ്ങനെയുള്ള സിനിമകൾ ധാരാളമുണ്ട്. ഫിലിം ഫെസ്റ്റിവലുകൾക്കൊക്കെ പോകുമ്പോൾ അത്തരം പടങ്ങൾ ഒത്തിരി കണ്ടിട്ടുണ്ട്. അവിടെയൊന്നും ഈ പ്രശ്നങ്ങളില്ല. ഫിലിം ഫെസ്റ്റിവലിന് വരുന്ന ഓഡിയന്സിന് സിനിമ ക്രിസ്ത്യാനികളുടെയെന്നോ ഹിന്ദുക്കളുടെയെന്നോ, മുസ്‌ലിങ്ങളെന്നോ ഒന്നുമില്ല. പബ്ലിക് തിയേറ്ററുകളിൽ ഇത് കച്ചവടമായി പോകുമ്പോഴാണ് പ്രശ്നം വരുന്നത്. പിന്നെ ടാർഗറ്റ് ചെയ്തെടുത്താലാണ് ഈ പ്രശ്നം വരുന്നത്.

അഭിമുഖത്തിൽ കശ്മീർ ഫയൽസ്, കേരള സ്റ്റോറി എന്നീ ചിത്രങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ഈ രണ്ട് ചിത്രങ്ങളും താൻ കണ്ടിട്ടില്ലെങ്കിൽ പോലും അത് രണ്ടും ചില യാഥാർഥ്യങ്ങളും അതിശയോക്തികളും മുന്നോട്ട് വെക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘കശ്മീർ ഫയൽസ്, കേരള സ്റ്റോറി എന്നീ രണ്ട് പടങ്ങളും ഞാൻ കണ്ടിട്ടില്ല. എങ്കിലും ഒന്ന് പറയാൻ പറ്റും, ഈ രണ്ട് പടങ്ങളും ചില യാഥാർഥ്യങ്ങളും അതിശയോക്തികളും മുന്നോട്ട് വെക്കുന്നുണ്ട്. സിനിമ ഒരിക്കലും ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് മാത്രമുള്ള മീഡിയം അല്ല. അവിടെ ഹിന്ദുത്വമോ അല്ലെങ്കിൽ മറ്റെന്ത് പറഞ്ഞാലും യാഥാർത്ഥ്യങ്ങളോടൊപ്പം അതിശയോക്തിയും ഉണ്ടാകും,’ രാജസേനൻ പറഞ്ഞു.

content Highlights: Rajasenan on Adipurush movie

We use cookies to give you the best possible experience. Learn more