| Sunday, 8th December 2024, 10:38 pm

ആ നടന്റെ ഫേസും ഫിഗറും വേറൊരു സൗത്ത് ഇന്ത്യൻ നടനും കിട്ടിയിട്ടില്ല: രാജസേനൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് രാജസേനൻ. രാജസേനൻ – ജയറാം കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും വലിയ വിജയം നേടിയിരുന്നു. എന്നാൽ തൊണ്ണൂറുകളിൽ തിളങ്ങി നിന്നിരുന്ന രാജസേനൻ രണ്ടായിരത്തിന് ശേഷം തുടർ പരാജയങ്ങളും നേരിട്ടിരുന്നു.

നടന്മാരുടെ ഗെറ്റപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് രാജസേനൻ. പ്രേം നസീറിനെ എത്ര ഡള്‍ ആക്കാന്‍ നോക്കിയാലും അദ്ദേഹത്തിന്റെ സൗന്ദര്യം അതുപോലെയുണ്ടാവുമെന്നും അദ്ദേഹത്തിന്റെ ഫിഗറും മുഖത്തിന്റെ ഷേപ്പുമുള്ള മറ്റൊരു നടൻ സൗത്ത് ഇന്ത്യയിൽ പിന്നെയുണ്ടായിട്ടില്ലെന്നും രാജസേനൻ പറയുന്നു. പണ്ട് പലർക്കും നസീറിനോട് അസൂയായിരുന്നുവെന്നും അദ്ദേഹത്തിനുണ്ടായിരുന്ന ആരാധകരെല്ലാം സ്ത്രീകളായിരുന്നുവെന്നും രാജസേനൻ കൂട്ടിച്ചേർത്തു.

‘അഭിനേതാക്കളുടെ ബോഡി ലാംഗ്വേജ് പ്രധാനപ്പെട്ടതാണ്. ചില നടന്മാരെ നമ്മള്‍ എത്ര ഡള്‍ ആക്കാന്‍ നോക്കിയാലും ആവത്തില്ല. ജയറാമിന് കവിള്‍ ഇത്തിരി കൂടുതലാണ് അതുപോലെ വട്ടമുഖമാണ്. അത്യാവശ്യം നല്ല നിറമാണ്. അതിനകത്ത് നമ്മള്‍ എന്ത് ചെയ്താലും, അതിപ്പോള്‍ ഒരു 150 രൂപയുടെ ഉടുപ്പ് ഇട്ട് കൊടുത്താലും പുള്ളി അതിടുമ്പോള്‍ അയ്യായിരം രൂപയുടെ ഉടുപ്പായി മാറും.

ഇതേ പ്രശ്‌നം നസീര്‍ സാറിനും ഉണ്ടായിരുന്നു. നസീര്‍ സാറും സത്യന്‍ മാഷും ഉണ്ടാവുന്ന ഒരു സീന്‍ എടുത്താല്‍ നമുക്കത് മനസിലാവും. സത്യന്‍ സാര്‍ ചുമ്മാ ഒരു മുണ്ടും ഒരു തോര്‍ത്തും ഉടുത്താല്‍ കര്‍ഷകനായി മാറും. എന്നാല്‍ നസീര്‍ സാറിനൊക്കെ എന്ത് എടുത്ത് കൊടുത്താലും തിളങ്ങുന്ന ആ ഒരു ചന്ദ്രന്റെ മുഖവും ആ സൗന്ദര്യവും അതുപോലെ ഉണ്ടാവും.

ഏത് ആംഗിള്‍ എടുത്താലും പളുങ്ക് പോലെയല്ലേ ഇരിക്കുന്നത്. നസീര്‍ സാറിന്റെ നിറത്തിന്റെ ഒരു പ്രശ്‌നം കൂടെയുണ്ട്. വല്ലാത്തൊരു കളര്‍ അല്ലേ അദ്ദേഹത്തിന്. പിന്നെ പുള്ളിയുടെ മുഖത്തിന്റെ ഒരു ഷേപ്പും എടുത്ത് പറയണം. എനിക്ക് തോന്നുന്നത് ഒരു സൗത്ത് ഇന്ത്യന്‍ നടന്മാര്‍ക്കും പുള്ളിയുടെ ഒരു ഫേസും ഫിഗറും കിട്ടിയിട്ടില്ല എന്നാണ്.

നെഞ്ചത്ത് കുറച്ച് രോമം കുറവാണെന്ന് പറഞ്ഞ് പണ്ടൊക്കെ ചില ചെറുപ്പക്കാര്‍ അദ്ദേഹത്തെ കളിയാക്കിയിട്ടുണ്ട്. അത് കുശുമ്പ് കൊണ്ടാണ്. കാണാന്‍ കൊള്ളാവുന്ന ആണ്‍പിള്ളേരോടൊക്കെ മറ്റുള്ളവര്‍ക്ക് അസൂയയാണ്. നസീര്‍ സാറോടൊക്കെ വലിയ കുശുമ്പായിരുന്നു.

പുള്ളി വടക്കന്‍ പാട്ടിലെ കുഞ്ഞിരാമന്‍ എന്നൊരു കഥാപാത്രം ചെയ്തതിന് ശേഷം വര്‍ഷങ്ങളോളം ഇവിടുത്തെ യുവ തലമുറ അദ്ദേഹത്തെ കുഞ്ഞിരാമന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അതൊക്കെ അസൂയയായിരുന്നു. കാരണം അദ്ദേഹത്തെ പെണ്ണുങ്ങളായിരുന്നു ആരാധിച്ചിരുന്നത്,’ രാജസേനന്‍ പറയുന്നു.

Content Highlight: Rajasenan About Prem Nazir’s Getup

Video Stories

We use cookies to give you the best possible experience. Learn more