Entertainment
അത് കുറച്ച് പിശക് സിനിമയാണ്, റീമേക്ക് ചെയ്താൽ ഇന്നും ചെയ്യാവുന്ന കിടിലൻ ത്രില്ലർ സബ്ജെക്ട്: രാജസേനൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 07, 11:01 am
Saturday, 7th December 2024, 4:31 pm

മലയാളത്തിൽ നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് രാജസേനൻ. രാജസേനൻ – ജയറാം കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും വലിയ വിജയം നേടിയിരുന്നു. എന്നാൽ തൊണ്ണൂറുകളിൽ തിളങ്ങി നിന്നിരുന്ന രാജസേനൻ രണ്ടായിരത്തിന് ശേഷം തുടർ പരാജയങ്ങളും നേരിട്ടിരുന്നു.

രാജസേനന്റെ സിനിമകളിൽ പതിവായി പരാമർശിക്കപ്പെടാറുള്ളത് തൊണ്ണൂറുകൾക്ക് ശേഷം ജയറാം നായകനായി എത്തിയ ചിത്രങ്ങളാണ്. എന്നാൽ അതിന് മുമ്പും താൻ സിനിമകൾ ചെയ്തിട്ടുണ്ടെന്നും അവയിൽ പാവം ക്രൂരൻ എന്ന സിനിമ കുറച്ച് പിശകാണെന്നും രാജസേനൻ പറയുന്നു. അതൊരു ത്രില്ലർ സിനിമയാണെന്നും ഇന്നും റീമേക്ക് ചെയ്യാവുന്ന ഒരു സബ്ജക്ടാണ് ആ സിനിമയുടേതെന്നും രാജസേനൻ പറഞ്ഞു. കേരള വിഷനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ തൊണ്ണൂറ് സിനിമകളെ കുറിച്ചൊക്കെ ആളുകൾ പറയാറുണ്ട്. എന്നാൽ അതിനൊക്കെ മുമ്പ് ഒരു അഞ്ചാറ് സിനിമകളുണ്ട്. ആഗ്രഹം, പാവം ക്രൂരൻ എന്നൊക്കെ പറഞ്ഞിട്ട്. അതിൽ പാവം ക്രൂരൻ എന്നുപറയുന്നത് കുറച്ച് പിശക് സിനിമയാണ്.

അത് വലിയ ത്രില്ലറാണ്. ഈ കാലഘട്ടത്തിൽ എനിക്ക് വേണമെങ്കിൽ റീമേക്ക് ചെയ്യാവുന്ന ഒരു സബ്ജെക്ട് കൂടിയാണ് ആ സിനിമ.

എനിക്ക് 25 വയസുള്ളപ്പോൾ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത സിനിമയാണത്. ഒരു മസാല പടമാണ് അതെന്ന് പറയാൻ പറ്റില്ല. ഒരു ലൈഫുള്ള സിനിമയാണ് പാവം ക്രൂരൻ. അതിനെ മസാലയായി പറയുകയാണെങ്കിൽ ഇപ്പോഴുള്ള പല സിനിമകളെയും മസാലയായി പറയേണ്ടി വരും. അന്നതിനെ വേണമെങ്കിൽ മസാല എന്നുപറയാം. പക്ഷെ ഞാൻ അതിനോട് യോജിക്കുന്നില്ല,’രാജസേനൻ പറയുന്നു.

1984 ൽ ഇറങ്ങിയ ക്രൈം ത്രില്ലർ ചിത്രമാണ് പാവം ക്രൂരൻ. ടി.ജി.രവി, ശങ്കർ, ക്യാപ്റ്റൻ രാജു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സിനിമ ക്രൈം ത്രില്ലറായാണ് ഒരുക്കിയത്.

Content Highlight: Rajasenan About Pavam Crooran Movie