തിയേറ്ററിൽ വിജയമായിട്ടും ഓ.ടി.ടി. റിലീസിന് ശേഷം ട്രോളുകൾ നേരിട്ട സിനിമയാണ് വിനീത് ശ്രീനിവാസൻ ഒരുക്കിയ വർഷങ്ങൾക്ക് ശേഷം. ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീതും ഒന്നിച്ച സിനിമയിൽ ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ് തുടങ്ങിയവർക്ക് പുറമെ നിവിൻ പോളിയും അതിഥി വേഷത്തിൽ എത്തിയിരുന്നു.
ഈയിടെ കണ്ടതിൽ ഏറ്റവും മനോഹരമായ ആറ്റിറ്റ്യൂഡുള്ള ചിത്രമാണ് വർഷങ്ങൾക്ക് ശേഷമെന്ന് പറയുകയാണ് സംവിധായകൻ രാജസേനൻ. പല രംഗങ്ങൾ കണ്ടപ്പോഴും താൻ ഒരുപാട് ചിരിച്ചിരുന്നെന്നും സിനിമയിൽ നിവിൻ പോളിയുടെ കഥാപാത്രം പഴയ സംവിധായകരെ കളിയാക്കുന്ന സീൻ കണ്ടപ്പോൾ തകർന്നുപോയെന്നും അദ്ദേഹം പറയുന്നു.
തന്റെ തലമുറയിലെ സംവിധായകരെ കൊന്ന സിനിമയാണ് അതെന്നും എന്നാൽ അതിന്റെ ന്യായീകരണവും സിനിമയിൽ കാണിക്കുന്നുണ്ടെന്നും രാജസേനൻ കൂട്ടിച്ചേർത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ ഈയടുത്ത് വർഷങ്ങൾക്ക് ശേഷം എന്നൊരു സിനിമ കണ്ടു. ഇത്രയും മനോഹരമായ ഒരു ആറ്റിട്യൂഡുള്ള ഒരു ചിത്രം ഞാൻ ഈ അടുത്തൊന്നും കണ്ടിട്ടില്ല. ഒരു മീറ്റിങ്ങിന് വന്നപ്പോൾ ഞാൻ ശ്രീനിയേട്ടനോട് തന്നെ അതിനെ കുറിച്ച് പറഞ്ഞു. ഏറ്റവും രസകരമായ ഒരു കാര്യം, ഞങ്ങളുടെ തലമുറയിലെ സംവിധായകരെ കൊന്നിരിക്കുന്ന ഒരു സിനിമ കൂടിയാണ് വർഷങ്ങൾക്ക് ശേഷം.
ചില രംഗങ്ങൾ കണ്ട് ഞാനിരുന്നു വലിയ ചിരിയായിരുന്നു. ചിരിച്ച് അടുത്ത സെക്കൻഡിൽ ഞാൻ ആലോചിച്ചു, ശ്ശെടാ.. നമ്മളെയല്ലേ ഈ കൊന്നിരിക്കുന്നതെന്ന്. പക്ഷെ അടുത്ത സെക്കൻഡിൽ അതിന്റെ ന്യായീകരണവും സിനിമയിൽ കാണിക്കുന്നുണ്ട്. തകർന്ന് പോയത്, നിവിന്റെ ഒരു കഥാപാത്രം വന്ന്, അയാളുടെ കഥയൊന്നും എനിക്ക് കേൾക്കേണ്ട എന്ന് പറയുമ്പോഴാണ്. ആരാണ് സംവിധായകൻ എന്ന് ചോദിക്കുമ്പോൾ ചൂണ്ടി കാണിക്കുമല്ലോ, നോക്കുമ്പോൾ എല്ലാവരും നരച്ച മുടിയൊക്കെ ആയിട്ടാണ്. ഇതെന്താ വൃദ്ധ സദനമാണോയെന്നാണ് സിനിമയിൽ പറയുന്നത്( ചിരിക്കുന്നു).
വൃദ്ധ സദനമെന്ന് കേട്ടപ്പോൾ ഞാൻ ഒരു അഞ്ചു മിനിറ്റ് അവിടെ ഇരുന്ന് ചിരിച്ചിരുന്നു. പിന്നെ ഞാൻ ആലോചിച്ചു, നമ്മളെയും കൂടെ ചേർത്താണല്ലോ ഈ പറഞ്ഞിരിക്കുന്നതെന്ന്. പക്ഷെ എന്നിട്ടും നമ്മൾ ചിരിച്ചു എന്നതാണ് ആ സിനിമയുടെ വിജയം,’രാജസേനൻ പറയുന്നു.
Content Highlight: Rajasenan About Nivin Pauly’s Character In Varshangalkk Shesham Movie