മലയാളത്തിൽ നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് രാജസേനൻ. രാജസേനൻ – ജയറാം കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും വലിയ വിജയം നേടിയിരുന്നു. എന്നാൽ തൊണ്ണൂറുകളിൽ തിളങ്ങി നിന്നിരുന്ന രാജസേനൻ രണ്ടായിരത്തിന് ശേഷം തുടർ പരാജയങ്ങളും നേരിട്ടിരുന്നു.
സിനിമയിൽ ഒരു തിരിച്ചുവരവ് പ്രയാസമുള്ള കാര്യമല്ലെന്ന് പറയുകയാണ് രാജസേനൻ. നടൻ ദിലീപിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാൽ ഈ അടുത്തകാലത്ത് വന്ന ചില സിനിമകൾ പ്രശ്‌നമുള്ളതാണെന്നും അതിനെ കുറിച്ച് പറഞ്ഞാൽ തന്നെ ട്രോൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ഇപ്പോഴത്തെ ട്രെൻഡ് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്റ്റർ ബിന്നിനോട് സംസാരിക്കുകയായിരുന്നു രാജസേനൻ.
‘സിനിമയിൽ ഒരു തിരിച്ചുവരവ് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഒരു നല്ല സിനിമ ക്ലിക്കായാൽ ആർക്കും തിരിച്ചുവരാം. ദിലീപ് ഇപ്പോൾ ഓരോ പ്രശ്‌നത്തിലൊക്കെയാണല്ലോ. അതിൽ നിന്നെല്ലാം മാറി മുന്നോട്ട് വന്നാൽ ചിലപ്പോൾ തിരിച്ചുവരാം.
പക്ഷെ ഈ അടുത്ത കാലത്ത് വന്ന സിനിമകളുടെ സബ്ജെക്റ്റുകളും പ്രശ്‍നമുള്ളതാണ്. സിനിമ ഇപ്പോൾ പോകുന്ന ട്രെൻഡിൽ നിന്നെല്ലാം മാറും. കഥ വൃത്തിയായി പറയുന്ന സിനിമകൾ ഇനിയും വരും. അതിൽ ഒരു സംശയവും വേണ്ട.
ഇല്ലെങ്കിൽ വെബ് സീരീസും സീരിയലുകളും ഡോമിനേറ്റ് ചെയ്യേണ്ടിവരും. കാരണം വെബ് സീരീസിൽ നല്ല സബ്ജെക്റ്റുകളാണ് വരുന്നത്. സിനിമകളിൽ ചില ടിപ്പിക്കൽ സിനിമകൾ വഴിതെറ്റിക്കുന്നുണ്ട്. പ്രേക്ഷകരെ വഴി തെറ്റിക്കുന്ന കുറച്ച് സിനിമകളുണ്ട്. പേരൊന്നും ഞാൻ പറയുന്നില്ല. അത് പറഞ്ഞാൽ ഇനി അതെടുത്ത് ട്രോൾ ചെയ്ത് കൊല്ലും.
പിന്നെ പുതിയ തലമുറയുമായി സഹകരിക്കാനൊക്കെ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. എനിക്ക് അത്യാവശ്യം ചിട്ടയൊക്കെയുണ്ട്. എന്നെ കുറിച്ചൊക്കെ എല്ലാവർക്കും അറിയാം. ജയറാമൊക്കെ തമാശക്ക് പറയും, രാവിലെ ആറ് മണിക്ക് ഫയലുമായി എന്റെ മുന്നിൽ ഒന്നും വന്നേക്കരുത്, ഞാൻ മടല് വെച്ചടിക്കുമെന്നൊക്കെ. മനുഷ്യന് റസ്റ്റ് വേണ്ടേ എന്നാണ് പുള്ളി ഉദ്ദേശിക്കുന്നത്.