ആ സിനിമയ്ക്ക് ഗംഭീര അഭിപ്രായമെഴുതിയപ്പോൾ എന്നെ കൊന്ന് കൊലവിളിച്ചു, നല്ല സിനിമയെ എന്തിനാണ് വിമർശിക്കുന്നതെന്ന് മനസിലാവുന്നില്ല: രാജസേനൻ
Entertainment
ആ സിനിമയ്ക്ക് ഗംഭീര അഭിപ്രായമെഴുതിയപ്പോൾ എന്നെ കൊന്ന് കൊലവിളിച്ചു, നല്ല സിനിമയെ എന്തിനാണ് വിമർശിക്കുന്നതെന്ന് മനസിലാവുന്നില്ല: രാജസേനൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th December 2024, 9:02 pm

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഈ വര്‍ഷം തിയേറ്ററിലെത്തിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നിവിന്‍ പോളി, നീരജ് മാധവ് തുടങ്ങി വന്‍ താരനിര ഒന്നിച്ച ചിത്രമായിരുന്നു ഇത്.

സിനിമ ബോക്സ് ഓഫീസില്‍ നിന്ന് 80 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒ.ടി.ടിയില്‍ എത്തിയതോടെ നിരവധി ട്രോളുകളെയും വിമര്‍ശനങ്ങളെയും നേരിട്ടിരുന്നു. സോണി ലിവിലൂടെയായിരുന്നു ചിത്രം ഇറങ്ങിയത്.

വർഷങ്ങൾക്ക് ശേഷത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ രാജസേനൻ. വർഷങ്ങൾക്ക് ശേഷം തനിക്ക് നന്നായി ഇഷ്ടമായെന്നും തന്നെ പോലുള്ള പഴയ സംവിധായകരെ കളിയാക്കുന്ന സിനിമയായിട്ടും താനത് നന്നായി ആസ്വദിച്ചെന്നും രാജസേനൻ പറയുന്നു. എന്നാൽ ആ സിനിമയെ കുറിച്ച് നല്ല അഭിപ്രായം പങ്കുവച്ചപ്പോൾ ആളുകൾ തന്നെ ട്രോളിയെന്നും വർഷങ്ങൾക്ക് ശേഷത്തിനെ എന്തിനാണ് ഇങ്ങനെ വിമർശിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും രാജസേനൻ പറഞ്ഞു.

‘ഇപ്പോൾ ചില നല്ല സിനിമകളും ഇറങ്ങുന്നുണ്ട്. നമുക്ക് അങ്ങനെ ചെറുതാക്കി പറയാനാവില്ല. വിനീത് ശ്രീനിവാസന്റെ സിനിമകൾ നല്ല സിനിമകളാണ്. അതിൽ ഒരു സംശയവുമില്ല. ഈയിടെ പുള്ളിയുടെ വർഷങ്ങൾക്ക് ശേഷം എന്ന സിനിമ ഞാൻ കണ്ടു. എനിക്കത് വല്ലാതെ ഇഷ്ടപ്പെട്ടു.

എന്നെ പോലുള്ള പഴയ സംവിധായകരെ കൊന്ന് തരിപ്പണമാക്കുന്ന സിനിമയാണ്. ഞാൻ കുറെ സീനുകൾ കണ്ട് കമഴ്ന്ന് കിടന്നു ചിരിച്ചപ്പോഴാണ് ഇത് നമുക്കിട്ടാണല്ലോ എന്നോർക്കുന്നത്. സ്വന്തം അച്ഛനെയും പുള്ളി ട്രോളിയിട്ടുണ്ട്. പക്ഷെ ഞാൻ ആ സിനിമയ്ക്ക് ഗംഭീര അഭിപ്രായമെഴുതി. അതിന് എത്രയോപേർ എന്നെ കൊന്ന് കൊലവിളിച്ചു.

എന്തിനാണ് ആ സിനിമയെ ഇത്രയും മോശമായിട്ട് പറയുന്നതെന്ന് എനിക്ക് മനസിലായിട്ടില്ല. അതായത് നല്ല കളക്ഷൻ നേടിയിട്ടും നന്നായി ഓടിയിട്ടും ഒ.ടി.ടിയിൽ എത്തിയപ്പോൾ മുഴുവൻ വിമർശനം. എനിക്ക് മനസിലാവുന്നില്ല,’രാജസേനൻ പറയുന്നു.

Content Highlight: Rajasenan About Negative Review Of Varshangalkk Shesham Movie