മലയാളത്തിൽ നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് രാജസേനൻ. രാജസേനൻ – ജയറാം കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും വലിയ വിജയം നേടിയിരുന്നു. എന്നാൽ തൊണ്ണൂറുകളിൽ തിളങ്ങി നിന്നിരുന്ന രാജസേനൻ രണ്ടായിരത്തിന് ശേഷം തുടർ പരാജയങ്ങളും നേരിട്ടിരുന്നു.
ഇത്ര വർഷത്തെ കരിയറിൽ മോഹൻലാലിനൊപ്പം ഒരു സിനിമ പോലും രാജസേനൻ ചെയ്തിട്ടില്ല. എന്നാൽ മോഹൻലാലുമായി രണ്ട് സിനിമകളെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും അതിൽ ഒന്നായിരുന്നു കോളേജ് കുമാരനെന്നും രാജസേനൻ പറയുന്നു. പക്ഷെ നിർമാതാവ് സുരേഷ് കുമാർ ആ ചിത്രത്തിൽ നിന്ന് പിന്മാറിയപ്പോൾ സംവിധായകൻ തുളസിദാസ് സിനിമ ഏറ്റെടുത്തെന്നും എന്നാൽ അദ്ദേഹം അതൊരു ആക്ഷൻ സിനിമയാക്കി ഒരുക്കിയപ്പോൾ പരാജയപ്പെട്ടുവെന്നും രാജസേനൻ പറഞ്ഞു. മാസ്റ്റർ ബിന്നിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ സമയത്ത് ഞാൻ മോഹൻലാലുമായി രണ്ടുമൂന്നു പ്രൊജക്റ്റ് ചർച്ച ചെയ്തിട്ടുണ്ട്. കോളേജ് കുമാരൻ എന്ന ഞാൻ ഇട്ട ടൈറ്റിലുമായാണ് ഞങ്ങളന്ന് മോഹൻലാലിൻറെ അടുത്ത് പോകുന്നത്. അതൊക്കെ ഓക്കെയായി. പക്ഷെ പിന്നീട് നിർമാതാവ് സുരേഷ് കുമാർ അതിൽ നിന്ന് പിന്മാറി.
കോളേജ് കുമാരൻ എന്ന ടൈറ്റിൽ സംവിധായകൻ തുളസിദാസ് എന്നോട് ചോദിച്ചിരുന്നു. അതാണ് ഇപ്പോൾ കാണുന്ന തുളസിദാസ് സംവിധാനം ചെയ്ത കോളേജ് കുമാരൻ. കഥ ഏകദേശം അങ്ങനെ തന്നെയായിരുന്നു. പക്ഷെ ഞാൻ പ്ലാൻ ചെയ്തത് കോളേജിനകത്ത് ഒരു ഫാമിലിയുടെ തമാശകളും കളിയുമൊക്കെയായിരുന്നു. നല്ല ഹ്യൂമറായിട്ടാണ് അത് ചെയ്തത്.
തുളസി അതെടുത്തിട്ട് ഒരു ആക്ഷൻ സിനിമയാക്കി. എനിക്ക് തോന്നുന്നത് അതൊരു ആക്ഷൻ ഓറിയന്റഡ് ആയതാണ് ആ സിനിമയുടെ പരാജയത്തിന് കാരണം. രണ്ടിന്റെയും രചന നിർവഹിച്ചത് സുരേഷ് പൊതുവാൾ ആയിരുന്നു. മോഹൻലാലിന് വേണ്ടി പ്ലാൻ ചെയ്ത ഇൻട്രോ പോലും അങ്ങനെയല്ലായിരുന്നു,’രാജസേനൻ പറയുന്നു.
മോഹൻലാൽ, വിമല രാമൻ, സിദ്ധിഖ്, നെടുമുടി വേണു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തി 2008 ൽ റിലീസായ ചിത്രമാണ് കോളേജ് കുമാരൻ. തുളസി ദാസ് സംവിധാനം ചെയ്ത സിനിമയിൽ ക്യാപ്റ്റൻ ശ്രീകുമാർ എന്ന വേഷത്തിലാണ് മോഹൻലാൽ എത്തിയത്. ബോക്സ് ഓഫീസിൽ പരാജയപ്പെട്ട ഒരു മോഹൻലാൽ ചിത്രമാണ് കോളേജ് കുമാരൻ.
Content Highlight: Rajasenan About Mohnalal’s College Kumaran Movie