ആളുകൾ ഇഷ്ടപ്പെടുന്ന സിനിമകളോട് നമുക്കൊരു ഇഷ്ടക്കുറവ് ഉണ്ടാവും, ഉദാഹരണം ആ ചിത്രം: രാജസേനൻ
Entertainment
ആളുകൾ ഇഷ്ടപ്പെടുന്ന സിനിമകളോട് നമുക്കൊരു ഇഷ്ടക്കുറവ് ഉണ്ടാവും, ഉദാഹരണം ആ ചിത്രം: രാജസേനൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th August 2024, 8:00 am

മലയാളത്തിലെ ഒരു ഹിറ്റ്‌ കോമ്പോയായിരുന്നു ജയറാം – രാജസേനൻ. മേലെപ്പറമ്പിൽ ആൺവീട്, ആദ്യത്തെ കണ്മണി, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ തുടങ്ങി ഈ കൂട്ടുകെട്ടിൽ പിറന്ന സിനിമകളിൽ ഭൂരിഭാഗവും വലിയ വിജയമായിരുന്നു. 2006ൽ ഇറങ്ങിയ കനക സിംഹാസനമായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം.

രഘുനാഥ് പാലേരിയുടെ രചനയിൽ ജയറാം, ശോഭന, ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു മേലെപ്പറമ്പിൽ ആൺവീട്. ഇന്നും വലിയ റിപ്പീറ്റ് വാല്യൂവുള്ള രാജസേനൻ ചിത്രമാണ് മേലെപ്പറമ്പിൽ ആൺവീട്.

എന്നാൽ ഒരു സംവിധായകൻ എന്ന നിലയിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ ചിത്രം ഡാർലിങ് ഡാർലിങ് ആണെന്നും മേലെപ്പറമ്പിൽ ആൺവീട് എടുക്കുമ്പോൾ താൻ സംവിധായകനായി വരുന്നേയുള്ളൂവെന്നും രാജസേനൻ പറയുന്നു. അഞ്ചു വർഷത്തിന് ശേഷമാണ് മേലെപ്പറമ്പിൽ ആൺവീട് ചെയ്യുന്നതെങ്കിൽ ഇനിയും നന്നായേനെയെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു രാജസേനൻ.

‘ടെക്നിക്കലി ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന എന്റെ സിനിമ ഡാർലിങ് ഡാർലിങ്ങാണ്. കഥയുടെ ഒരു രീതിയും മേക്കിങ്ങുമെല്ലാം വെച്ച് എനിക്കൊരു 70 ശതമാനം ഇഷ്ടപ്പെട്ട ചിത്രമാണത്.

മേലെപ്പറമ്പിൽ ആൺവീട് ഞാൻ ചെയ്യുന്ന സമയത്ത് ഒരു സംവിധായകൻ എന്ന നിലയിൽ ഇങ്ങനെ വളർന്ന് വരുന്നേയുള്ളൂ. മേലെപ്പറമ്പിൽ ഞാൻ എടുത്ത സമയത്തിനും ഒരു അഞ്ചു വർഷം കഴിഞ്ഞാണ് ചെയ്യുന്നതെങ്കിൽ ടെക്നിക്കലി അതിനേക്കാൾ മനോഹരമായേനെ ആ സിനിമ.

അങ്ങനെ ആളുകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ചില സിനിമകളോട് നമുക്കൊരു ഇഷ്ടകുറവുണ്ടാവും. സംവിധായകൻ എന്ന നിലയിൽ എനിക്ക് നന്നാക്കാവുന്ന ഒന്ന് രണ്ട് സീക്വൻസുകൾ മേലെപ്പറമ്പിൽ ആൺവീടിലുണ്ട്. നേരെ മറിച്ച് ഡാർലിങ് ഡാർലിങ്ങിൽ അതില്ല. ഒരു എഴുപത് ശതമാനം, അതിന്റെ സ്റ്റോറി, ടെക്നിക്കൽ സൈഡ്, മേക്കിങ്ങെല്ലാം സൂപ്പറാണ്,’രാജസേനൻ പറയുന്നു.

Content Highlight: Rajasenan About Meleparambil Aanveedu Movie