| Friday, 13th December 2024, 8:54 am

ആ സിനിമയ്ക്ക് ജയറാം ഒരിക്കലും ചേരില്ല, അതുപോലൊരു ചിത്രം മലയാളത്തിൽ വേറെയില്ല: രാജസേനൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് രാജസേനൻ. രാജസേനൻ – ജയറാം കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും വലിയ വിജയം നേടിയിരുന്നു. എന്നാൽ തൊണ്ണൂറുകളിൽ തിളങ്ങി നിന്നിരുന്ന രാജസേനൻ രണ്ടായിരത്തിന് ശേഷം തുടർ പരാജയങ്ങളും നേരിട്ടിരുന്നു.

തിയേറ്ററിൽ വലിയ ശ്രദ്ധ നേടാതെ പോയ ഒരു രാജസേനൻ ചിത്രമായിരുന്നു മേഘസന്ദേശം. പതിവ് രാജസേനൻ സിനിമകളിൽ നിന്ന് വ്യത്യസ്‍തമായി ഹൊറർ ഴോണറിൽ കഥ പറഞ്ഞ മേഘസന്ദേശത്തിൽ സുരേഷ് ഗോപി, സംയുക്ത വർമ, രാജശ്രീ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്.

മേഘസന്ദേശം പരാജയപ്പെട്ട സിനിമയെല്ലെന്നും തന്റെ സിനിമകളിൽ ഏറ്റവും ഇഷ്ടമുള്ള സിനിമയാണ് അതെന്നും രാജസേനൻ പറയുന്നു. അതൊരിക്കലും ജയറാമിന് പറ്റിയ വേഷമല്ലെന്നും മലയാളത്തിൽ അങ്ങനെയൊരു സിനിമ ഇറങ്ങിയിട്ടില്ലെന്നും രാജസേനൻ പറഞ്ഞു. സുരേഷ് ഗോപിക്ക് പ്രേതത്തെ പേടിയായതിനാൽ അഭിനയിക്കുമ്പോൾ ചെറിയ പേടി ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മേഘസന്ദേശം ഒരിക്കലും പരാജയപ്പെട്ട സിനിമയല്ല. മേഘസന്ദേശം അത്യാവശ്യം കളക്ഷൻ നേടിയ സിനിമയാണ്. എന്റെ സിനിമകളിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഏറ്റവും ആരാധിക്കുന്ന പ്രണയിക്കുന്ന സിനിമയാണ് മേഘസന്ദേശം. കാരണം അതുപോലൊരു ഹൊറർ സിനിമ ഇവിടെ വന്നിട്ടില്ല.

സുരേഷ് ഗോപി ആ സിനിമയുടെ പ്ലസാണ്. ആ സിനിമയ്ക്ക് ഒരിക്കലും ജയറാം ചേരില്ല. കാരണം മേഘസന്ദേശത്തിൽ സുരേഷ് ഗോപിയുടെ ചില പ്രസൻസും സ്റ്റൈലുമൊക്കെയുണ്ട്. നടിയോട് കയർത്ത് സംസാരിക്കുന്ന ചില സീനുകളൊക്കെ അതിമനോഹരമാണ്. അതിൽ ഒരു സംശയവുമില്ല. ആകെ ഷൂട്ട് ചെയ്യുന്ന സമയത്ത് ഉണ്ടായിരുന്ന പ്രശ്നം, സുരേഷ് ഗോപിക്ക് പ്രേതത്തെ വലിയ പേടിയായിരുന്നു എന്നതാണ്.

ഞാനിത് എങ്ങനെ അഭിനയിക്കുമെന്നൊക്കെ പുള്ളിക്കൊരു പ്രശ്നം ഉണ്ടായിരുന്നു. ഓരോ ഷോട്ട് എടുത്ത് കഴിഞ്ഞാലും പുള്ളി വന്ന് പറയുമായിരുന്നു, ഇത് കുറച്ച് പ്രശ്നമാണെന്ന്. റോസി എന്ന കഥാപാത്രത്തിന്റെ കൂടെയാണ് നിൽക്കുന്നത്, റോസി പ്രേതമാണ് എന്ന തോന്നലാണ്. പിന്നെ കുറെ തീയൊക്കെ ഇട്ട് പേടിപ്പിക്കുന്ന ഒരു ഷൂട്ടായിരുന്നു ആ സിനിമയുടേത്,’രാജസേനൻ പറയുന്നു.

Content Highlight: Rajasenan About Meghasandhesham Movie

We use cookies to give you the best possible experience. Learn more