തൊണ്ണൂറുകളില്‍ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്ഥാനം ഉണ്ടായിരുന്ന സംവിധായകനാണ് രാജസേനന്‍. മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ കൂട്ടുകെട്ടുകള്‍ പോലെ മലയാളികള്‍ ആഘോഷിച്ച ഒന്നായിരുന്നു രാജസേനനും ജയറാമും ഒന്നിക്കുന്ന സിനിമകള്‍. ജയറാമിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റുകള്‍ പലതും രാജസേനന്റെ സംഭാവനയായിരുന്നു.
മിമിക്രിയിൽ നിന്ന് സിനിമയിലെത്തിയ ജയറാമിനോട് ഒരുകാലത്ത് മലയാളികൾക്ക് അസൂയയുണ്ടായിരുന്നുവെന്നും പലരും തിയേറ്ററിൽ ജയറാമിനെ കാണിക്കുമ്പോൾ കൂവുമായിരുന്നുവെന്നും രാജസേനൻ പറയുന്നു. കമൽഹാസനോടും കുഞ്ചാക്കോ ബോബനോടുമെല്ലാം ഇതേ പ്രശ്നം ഉണ്ടായിരുന്നുവെന്നും അവരുടെയെല്ലാം സിനിമകൾക്ക് സ്ത്രീകൾ ഇടിച്ച് കയറുമായിരുന്നുവെന്നും രാജസേനൻ പറയുന്നു. മമ്മൂട്ടിയെ പോലെ ഗ്ലാമറുള്ള നടൻ അമരം എന്ന സിനിമയിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
‘പ്രേം നസീറിനോട് സ്ത്രീകൾക്കായിരുന്നു ആരാധന കൂടുതൽ. അതുപോലെ കമൽഹാസനോട് ഒരുകാലത്ത് മലയാളികൾക്ക് തീർത്ത തീരാത്ത അസൂയയായിരുന്നു. പ്രേമാഭിഷേകം എന്ന സിനിമയൊക്കെ ഇറങ്ങുമ്പോൾ എന്തൊരു കുശുമ്പായിരുന്നു. പെണ്ണുങ്ങൾ അങ്ങ് ഇടിച്ച് കയറുകയല്ലായിരുന്നോ. ചാക്കോച്ചന്റെ അടുത്തും ഇതേ പ്രശ്നം ഉണ്ടായിരുന്നു. അത് തന്നെയായിരുന്നു ജയറാമിനോട് മലയാളികൾക്ക് ഉണ്ടായിരുന്നത്.
ഇന്നലെ വരെ മിമിക്രി കളിച്ച് നടന്നവൻ നല്ല ഗ്ലാമറയായി അവന്റെ സിനിമകളൊക്കെ ഹിറ്റാക്കുന്നു. അങ്ങനെ പറഞ്ഞ് ജയറാമിനെ ഇത്തിരി ആക്രമിക്കുന്ന ഒരു രീതി അന്ന് സിനിമയിൽ ഉണ്ടായിരുന്നു. ഞാനും ജയറാമും കൂടെ സിനിമകൾ ചെയ്ത തുടങ്ങുന്ന സമയത്ത് ജയറാമിന്റെ ആദ്യത്തെ ഷോട്ടിനൊക്കെ തിയേറ്ററിൽ മുഴുവൻ കൂവലായിരുന്നു. മനഃപൂർവം കൂവുമായിരുന്നു. അത് കുശുമ്പ് തന്നെയാണ് അതിന് മരുന്നൊന്നുമില്ല.
മമ്മൂക്കയെയും മേക്കപ്പിലൂടെ മറ്റൊരാളാക്കി മാറ്റാൻ പ്രയാസമാണ്. വടക്കൻ വീരഗാഥയിലും കുട്ടേട്ടനിലുമെല്ലാം നല്ല ഗ്ലാമറായിട്ട് വരുന്ന ഒരാളാണ് അദ്ദേഹം. അതെ മമ്മൂക്കയെ അമരത്തിൽ ഒരു അരയനായിട്ട് കാണുമ്പോൾ അത്ഭുതപ്പെടുത്തുന്ന ട്രാൻസിഷനാണത്.
ഒരു നടൻ ബോധപൂർവം വിചാരിച്ചാൽ മാത്രമേ അങ്ങനെയൊരു മാറ്റം കൊണ്ടുവരാൻ സാധിക്കൂ,’രാജസേനൻ പറയുന്നു.
Content Highlight: Rajasenan About Jayaram And Mammootty