മലയാള സിനിമാ മേഖലയിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍. ഹാസ്യ താരമായും സ്വഭാവനടനായും വില്ലന്‍ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. സിനിമ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടന്‍ ജഗതി ശ്രീകുമാറിന് ഉണ്ടായ വാഹനാപകടം. അപകടത്തിന് ശേഷം ജഗതി ഇപ്പോൾ സിനിമയിൽ സജീവമല്ല.
മലയാളത്തിലെ മിക്ക സംവിധായകരോടൊപ്പവും വർക്ക് ചെയ്ത ഒരാളാണ് ജഗതി ശ്രീകുമാർ. ജഗതിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ രാജസേനൻ. മേലേപ്പറമ്പിൽ ആൺവീട്, ആദ്യത്തെ കണ്മണി തുടങ്ങിയ രാജസേനൻ സിനിമകളിലെല്ലാം ജഗതി പ്രധാനവേഷത്തിൽ എത്തിയിരുന്നു.
മേലേപ്പറമ്പിൽ ആൺവീട് എന്ന സിനിമയിലെ ജഗതി ശ്രീകുമാറിന്റെ ഡയലോഗുകൾ ഇന്നും പ്രേക്ഷകർ ഉപയോഗിക്കാറുണ്ടെന്നും മറ്റൊരു സിനിമയായ സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ.ബി.എഡിൽ അദ്ദേഹം നായകന്മാരിൽ ഒരാളായിരുന്നുവെന്നും രാജസേനൻ പറയുന്നു.
സിനിമയിൽ ജയറാമും മണിയൻപിള്ള രാജുവും ജഗതിയും ചേർന്നുള്ള ഒരു ഗാനരംഗം പിടിച്ചുനിർത്തുന്നത് അദ്ദേഹത്തിന്റെ പ്രകടനമാണെന്നും രാജസേനൻ കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മേലേപ്പറമ്പിൽ ആൺവീട്’ എന്ന സിനിമയിൽ നിഷ്കളങ്കനായ ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ അദ്ദേഹം ഗംഭീരമാക്കി. സിനിമ റിലീസായിട്ട് ഏകദേശം മുപ്പതുവർഷം കഴിയുന്നു. അതിലെ പല സംഭാഷണങ്ങളും ഇന്നും പ്രേക്ഷകർ ട്രോളിനായി ഉപയോഗിക്കാറുണ്ട്. അതിൽ മുൻപന്തിയിൽ അമ്പിളിച്ചേട്ടന്റെ ഡയലോഗുകൾ തന്നെയാണ്. എന്റെ ഗർഭം ഇങ്ങനെയല്ല, “പാന്റ് പാന്റ് .. തുടങ്ങി ഒട്ടനവധി സംഭാഷണങ്ങൾ ഇന്നും രാഷ്ട്രീയപരമായും സിനിമാറ്റിക് ആയിട്ടുമൊക്കെ ആവർത്തിക്കുന്നു.
പിന്നീടും ഞങ്ങളൊന്നിച്ച് സിനിമകൾ വന്നുകൊണ്ടേയിരുന്നു. ‘സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ.ബി.എഡ്’ എന്ന സിനിമയിൽ മൂന്ന് ഹീറോകളാണ്, ജയറാം, അമ്പിളിച്ചേട്ടൻ, മണിയൻപിള്ള രാജു.
ഈ മൂന്നുപേരും ചേർന്നുള്ള ഒരു പ്ലേ ആണ് ആ സിനിമ. വേഷം മാറി വരുന്ന ഉമ്മച്ചന്റെ കഥാപാത്രം റീലുകളിൽ ഇന്നും സജീവമാണ്. ഒരേ വേഷത്തിൽ മൂന്നുപേരും എത്തുന്ന ഒരു പാട്ടുസീനുണ്ട്. അവിടെയൊക്കെ അദ്ദേഹത്തിന്റെ പെർഫോമൻസ് അസാധ്യമാണ്.
ആ സീക്വൻസ് മൊത്തം പിടിച്ചുനിർത്തുന്നത് അദ്ദേഹത്തിന്റെ അവതരണത്തിലാണ്.
തുടർച്ചയായി നാല് സിനിമകൾ ചെയ്തപ്പോൾ തന്നെ ഞങ്ങൾക്കിടയിലെ സൗഹൃദം കൂടുതൽ വളർന്നു,’രാജസേനൻ പറയുന്നു.
Content Highlight: Rajasenan About Jagathy Sreekumar