| Saturday, 7th December 2024, 8:07 am

സത്യൻ അന്തിക്കാടിന്റെ ആ സൂപ്പർ ഹിറ്റ് സിനിമ ഞാനാണ് സംവിധാനം ചെയ്തതെന്ന് കരുതുന്നവരുണ്ട്: രാജസേനൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് രാജസേനൻ. രാജസേനൻ – ജയറാം കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും വലിയ വിജയം നേടിയിരുന്നു. എന്നാൽ തൊണ്ണൂറുകളിൽ തിളങ്ങി നിന്നിരുന്ന രാജസേനൻ രണ്ടായിരത്തിന് ശേഷം തുടർ പരാജയങ്ങളും നേരിട്ടിരുന്നു.

തന്റെ ചില സിനിമകൾ മറ്റ് സംവിധായകരുടെ പേരിലും വേറെ സംവിധായകരുടെ സിനിമകൾ തന്റെ പേരിലും അറിയപ്പെടുന്നുണ്ടെന്ന് പറയുകയാണ് രാജസേനൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഇരട്ടക്കുട്ടികളുടെ അച്ഛനും തന്റെ ആദ്യത്തെ കണ്മണി എന്ന സിനിമയും മാറിപോകുന്നവരുണ്ടെന്നും  അദ്ദേഹം പറയുന്നു.

അതുപോലെ റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത പുതുക്കോട്ടയിലെ പുതുമണവാളൻ എന്ന സിനിമ താൻ സംവിധാനം ചെയ്തതാണെന്ന് കരുതുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള വിഷനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ചില സിനിമകൾ മറ്റ് സംവിധായകരുടെ പേരിൽ അറിയപ്പെടുന്നുണ്ട്. അതുപോലെ വളരെ പ്രശസ്തരായ മറ്റ് ചില സംവിധായകരുടെ സിനിമകൾ എന്റെ പേരിലും അറിയപ്പെടുന്നുണ്ട്. ഏറ്റവും മികച്ച ഉദാഹരണം, സത്യേട്ടന്റെ( സത്യൻ അന്തിക്കാട്) ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമ എന്റെ പേരിൽ അറിയപ്പെടുന്നതാണ്.

എന്നോട് പലരും പറഞ്ഞിട്ടുമുണ്ട്, ഇരട്ടക്കുട്ടികളുടെ അച്ഛൻ നന്നായിട്ടുണ്ടെന്ന്. ഞാൻ അവരോട് ചോദിക്കുക ഇരട്ടക്കുട്ടികളുടെ അച്ഛനാണോ ഉദ്ദേശിച്ചത് അതോ ആദ്യത്തെ കണ്മണിയാണോ എന്നാണ്. ചിലർ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന പേര് മാറിപറയാറുണ്ട്. കാരണം രണ്ടും ഏകദേശം ഒരുപോലെയാണല്ലോ.

അതുപോലെ പുതുക്കോട്ടയിലെ പുതുമണവാളൻ എന്ന സിനിമ. അതെന്റെ ക്രെഡിറ്റിലാണ് കിടക്കുന്നത്. റാഫിയും മെക്കാർട്ടിനുമൊക്കെ എന്നെ കാണുമ്പോൾ പറയും, സാർ അത് ഞങ്ങളുടെ കയ്യിൽ നിന്ന് പോയല്ലോ, സാറിന്റെ പേരിലാണ് അത് കിടക്കുന്നതെന്ന്. പിന്നെ എന്റെ വലിയ ഹിറ്റുകളിൽ പലതും റാഫിയും മെക്കാർട്ടിനും ചേർന്നാണ് ഒരുക്കിയത്.

അതുകൊണ്ട് അവരുടെ ഒരു ഫ്ലേവർ ആ സിനിമയിൽ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്റെ ഒരു സിനിമയായിട്ടാണ് പലരും അതിനെ കരുതുന്നത്. പിന്നെ ഒരു സത്യം എന്താണെന്ന് വെച്ചാൽ, അത് ഞാൻ ചെയ്യാനിരുന്ന സിനിമയാണ്. ആ ടൈറ്റിലും ഞാനാണ് നിർദേശിച്ചത്,’രാജസേനൻ പറയുന്നു.

Content Highlight: Rajasenan About Irattakuttikalude achan Movie

We use cookies to give you the best possible experience. Learn more