| Monday, 23rd December 2024, 4:32 pm

അന്ന് ജയറാമിന് കത്തയച്ചപ്പോൾ എന്റെ ആ ചിത്രത്തെ അത്ഭുത സിനിമയെന്ന് വിശേഷിപ്പിച്ചാണ് മറുപടി തന്നത്: രാജസേനൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാൽ – പ്രിയദർശൻ, മമ്മൂട്ടി – ജോഷി കൂട്ടുകെട്ടുകൾ പോലെ മലയാളത്തിലെ മറ്റൊരു ഹിറ്റ്‌ കോമ്പോയായിരുന്നു ജയറാം – രാജസേനൻ.

മേലെപ്പറമ്പിൽ ആൺവീട്, ആദ്യത്തെ കണ്മണി, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ തുടങ്ങി ഈ കൂട്ടുകെട്ടിൽ പിറന്ന സിനിമകളിൽ ഭൂരിഭാഗവും വലിയ വിജയമായിരുന്നു. 2006ൽ ഇറങ്ങിയ കനക സിംഹാസനമായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം.

ജയറാമിന് താൻ ആദ്യം അങ്ങോട്ട് കത്തയക്കുകയായിരുന്നുവെന്നും അതിന് ജയറാം ഉടനെ തന്നെ മറുപടി തന്നെന്നും രാജസേനൻ പറയുന്നു. തന്റെ പാവം ക്രൂരൻ എന്ന സിനിമ കണ്ടിട്ടാണ് ജയറാം മറുപടി തന്നതെന്നും കടിഞ്ഞൂൽ കല്യാണം എന്ന സിനിമയിലൂടെ തങ്ങൾ ആദ്യമായി ഒന്നിച്ചെന്നും രാജസേനൻ പറഞ്ഞു.

‘ജയറാം ആദ്യമായി എനിക്ക് ഡേറ്റ് തരാൻ കാരണം പാവം ക്രൂരൻ എന്ന സിനിമയാണ്. ഞങ്ങൾ കത്തെഴുതിയാണ് പരിചയപ്പെടുന്നത്. നാനയിൽ പുള്ളിയുടെ അഡ്രസ്സ് കണ്ടാണ് ഞാൻ ജയറാമിന് കത്തെഴുതുന്നത്. പത്മരാജനെ പോലൊരു മഹാ ജീനിയസിന്റെ കീഴിൽ ആദ്യ സിനിമ ചെയ്യാൻ കഴിഞ്ഞ തങ്ങൾ ഒരു ഭാഗ്യവാനാണ് എന്നാണ് ഞാൻ ആദ്യം പറഞ്ഞത്.

അടുത്ത ആഴ്ച തന്നെ ജയറാം എനിക്ക് മറുപടി കത്തയച്ചു. പാവം ക്രൂരൻ എന്ന അത്ഭുത സിനിമയുടെ സംവിധായകനല്ലേ ഇത്, എനിക്ക് കിട്ടിയ ആദ്യത്തെ പ്രോത്സാഹന കത്താണിത് നന്ദി, എന്നായിരുന്നു ജയറാമിന്റെ മറുപടി. ദൈവാധീനം എന്ന് പറയുന്ന ഒരു സാധനമുണ്ട്. ഞങ്ങളെ കൊണ്ട് മുട്ടിച്ചതാണ്.

ഒരു മൂന്നോ നാലോ മാസം കഴിഞ്ഞാണ് ഞാൻ ജയറാമിനോട് ഒരു കഥ പറയട്ടെ എന്ന് ചോദിക്കുന്നത്. അതാണ് കടിഞ്ഞൂൽ കല്യാണം. ആ സിനിമ ക്ലിക്കായി. അതിന് സംസ്ഥാന അവാർഡ് കിട്ടി. പിന്നെ അയലത്തെ അദ്ദേഹം വന്നു മേലേപ്പറമ്പിൽ ആൺവീട് വന്നു. ഇതൊന്നും ഒരിക്കലും കത്തെഴുതിയതുകൊണ്ട് കിട്ടിയതല്ല. ഒന്നിച്ച് പ്രവർത്തിക്കാനുള്ള ഒരു നിയോഗമായിരുന്നു അത്,’രാജസേനൻ പറയുന്നു.

Content Highlight: rajasenan About How He Start The Relationship With Jayaram

Latest Stories

We use cookies to give you the best possible experience. Learn more