| Saturday, 3rd June 2023, 3:56 pm

ഞാന്‍ ആദ്യം മനസിലാക്കിയത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം; ബി.ജെ.പിയില്‍ ചേര്‍ന്നത് മോദിയുടെ വ്യക്തിപ്രഭാവം കണ്ട്: രാജസേനന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും രാജ്യത്തിന്റെ ഉയര്‍ച്ചയും കണ്ടായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നതെന്ന് മലയാള സംവിധായകനും നടനുമായ രാജസേനന്‍.

ബി.ജെ.പി പ്രത്യയശാസ്ത്രത്തിനോട് ഇഷ്ടമുണ്ടായിരുന്നെന്നത് സത്യമാണെന്നും എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വലിയ പാളിച്ചകള്‍ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃത്വത്തില്‍ പാളിച്ചകള്‍ ഉണ്ടെന്നും രാജസേനന്‍ കൂട്ടിച്ചേര്‍ത്തു.

‘ആ പ്രത്യയശാസ്ത്രത്തിനോട് ഇഷ്ടമുണ്ടായിരുന്നെന്നത് സത്യമാണ്. എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എവിടെയെക്കെയോ വലിയ വലിയ പാളിച്ചകള്‍ സംഭവിക്കുന്നുണ്ട്. സംസ്ഥാന നേതൃത്വത്തില്‍ പാളിച്ചകള്‍ ഉണ്ടെന്നതിന് സംശയമില്ല,’ അദ്ദേഹം പറഞ്ഞു.

കലാകാരനെന്ന നിലക്കും ബി.ജെ.പി പ്രവര്‍ത്തകനെന്ന നിലയിലും അവഗണന ഉണ്ടായിട്ടുണ്ടെന്നും ആശയപരമായി ബി.ജെ.പിയില്‍ യോജിപ്പില്ലായ്മ തുടങ്ങിയിട്ട് കുറേ കാലമായെന്നും അദ്ദേഹം പറഞ്ഞു.

‘ആശയപരമായി ബി.ജെ.പിയില്‍ യോജിപ്പില്ലായ്മ തുടങ്ങിയിട്ട് കുറേ കാലമായി. പക്ഷെ നമ്മള്‍ ഒരു പ്രവര്‍ത്തകനായി നില്‍ക്കുമ്പോള്‍ ചില കാര്യങ്ങള്‍ പറയേണ്ടിവരും. അങ്ങനെ പറഞ്ഞിട്ടുമുണ്ട്,’ രാജസേനന്‍ പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കാനാണ് എം.വി ഗോവിന്ദന്‍ പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘സി.പിഐ.എമ്മിന്റെ കലാസാംസ്‌കാരിക രംഗം ശക്തമാണ്. അതില്‍ പ്രവര്‍ത്തിച്ച് തുടങ്ങാനാണ് മാഷ് പറഞ്ഞത്. ഒരു രാഷ്ട്രീക്കാരനായി മാറണമെന്നും പാര്‍ട്ടി ടിക്കറ്റ് വേണമെന്നും തോന്നുമ്പോള്‍ പറയണമെന്നാണ് മാഷ് പറഞ്ഞത്,’ രാജസേനന്‍ പറഞ്ഞു.

‘ഞാന്‍ ആദ്യം മനസിലാക്കിയത് കമ്യൂണിസ്റ്റ് ഐഡിയോളജിയാണ്. സഹോദരമാരൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരാണ്. സഹോദരി കമ്മ്യൂണിസ്റ്റുകാരിയാണ്. ബി.ജെ.പിക്ക് ഇന്ന് രാജിക്കത്ത് നല്‍കും,’ അദ്ദേഹം അറിയിച്ചു.

Contenthighlight: Rajasenan about his resignation from bjp party

Latest Stories

We use cookies to give you the best possible experience. Learn more