| Sunday, 15th December 2024, 2:44 pm

എന്തൊരു ബ്രില്ല്യന്റ് സിനിമ, ഫഹദ് എന്താണ് അതിൽ ചെയ്തുവെച്ചിട്ടുള്ളത്, ഗംഭീരം: രാജസേനൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് രാജസേനൻ. രാജസേനൻ – ജയറാം കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും വലിയ വിജയം നേടിയിരുന്നു. എന്നാൽ തൊണ്ണൂറുകളിൽ തിളങ്ങി നിന്നിരുന്ന രാജസേനൻ രണ്ടായിരത്തിന് ശേഷം തുടർ പരാജയങ്ങളും നേരിട്ടിരുന്നു.

പുതിയകാലത്തെ മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ഫഹദ് ഫാസിലിന്റെ സിനിമകൾ തനിക്ക് ഇഷ്ടമാണെന്നും ഫഹദിന്റെ ട്രാൻസ് എന്ന ചിത്രം കണ്ടപ്പോൾ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും രാജസേനൻ പറയുന്നു. ഫഹദിനെ പോലെ ജോജു ജോർജും മികച്ച നടനാണെന്നും പറഞ്ഞ അദ്ദേഹം ഈയിടെ ഇറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തെ കുറിച്ചും സംസാരിച്ചു.

‘ഫഹദിന്റെ സിനിമകൾ എനിക്കൊരുപാട് ഇഷ്ടമാണ്. പുള്ളി ചെറിയൊരു മനുഷ്യനാണ്, മെലിഞ്ഞിട്ട്. ചെറിയൊരു മുഖവുമാണ്. പക്ഷെ ഏത് കഥാപാത്രം കിട്ടിയാലും ആ കഥാപാത്രമായി പുള്ളി മാറും. ട്രാൻസ് എന്നൊരു സിനിമയുണ്ടല്ലോ. എന്തൊരു പടമാണത്, എന്താണ് ഫഹദിന്റെ പെർഫോമൻസ്.

ആ സിനിമ എടുത്തുവെച്ചിരിക്കുന്ന ഒരു രീതിയൊക്കെ എന്തൊരു ബ്രില്ല്യന്റാണ്. അത് ചെയ്തിരിക്കുന്ന മെത്തേഡ് ഗംഭീരമാണ്. അങ്ങനെയുള്ള ചില അപൂർവ സിനിമകൾ ഇപ്പോൾ ഇറങ്ങുന്നുണ്ട്. അതുപോലെ നമ്മുടെ ജോജു ജോർജ്. അദ്ദേഹത്തിന്റെയും സ്റ്റോറി സെലക്ഷൻസൊക്കെ നല്ലതാണ്.

വിനീത് ശ്രീനിവാസന്റെ സിനിമകൾ നല്ല സിനിമകളാണ്. അതിൽ ഒരു സംശയവുമില്ല. ഈയിടെ പുള്ളിയുടെ വർഷങ്ങൾക്ക് ശേഷം എന്ന സിനിമ ഞാൻ കണ്ടു. എനിക്കത് വല്ലാതെ ഇഷ്ടപ്പെട്ടു. എന്നെ പോലുള്ള പഴയ സംവിധായകരെ കൊന്ന് തരിപ്പണമാക്കുന്ന സിനിമയാണ്. ഞാൻ കുറെ സീനുകൾ കണ്ട് കമഴ്ന്ന് കിടന്നു ചിരിച്ചപ്പോഴാണ് ഇത് നമുക്കിട്ടാണല്ലോ എന്നോർക്കുന്നത്.

സ്വന്തം അച്ഛനെയും പുള്ളി ട്രോളിയിട്ടുണ്ട്. പക്ഷെ ഞാൻ ആ സിനിമയ്ക്ക് ഗംഭീര അഭിപ്രായമെഴുതി. അതിന് എത്രയോപേർ എന്നെ കൊന്ന് കൊലവിളിച്ചു. എന്തിനാണ് ആ സിനിമയെ ഇത്രയും മോശമായിട്ട് പറയുന്നതെന്ന് എനിക്ക് മനസിലായിട്ടില്ല. അതായത് നല്ല കളക്ഷൻ നേടിയിട്ടും നന്നായി ഓടിയിട്ടും ഒ.ടി.ടിയിൽ എത്തിയപ്പോൾ മുഴുവൻ വിമർശനം. എനിക്ക് മനസിലാവുന്നില്ല,’രാജസേനൻ പറയുന്നു.

Content Highlight: Rajasenan About Fahad Fazil And Trance Movie

We use cookies to give you the best possible experience. Learn more