ഇത് നമ്മളുദ്ദേശിച്ച കല്‍ക്കിയല്ല, ബുക്കിങ്ങില്‍ അബദ്ധം പിണഞ്ഞ് ആരാധകര്‍
Film News
ഇത് നമ്മളുദ്ദേശിച്ച കല്‍ക്കിയല്ല, ബുക്കിങ്ങില്‍ അബദ്ധം പിണഞ്ഞ് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th June 2024, 5:45 pm

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കല്‍ക്കി 2898 എ.ഡി. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. ദീപിക പദുകോണ്‍, അമിതാഭ് ബച്ചന്‍, ദിശാ പഠാനി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഉലകനായകന്‍ കമല്‍ ഹാസനാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 600 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. ആരാധകരുടെ തള്ളിക്കയറ്റം കാരണം ബുക്ക്‌മൈഷോ വെബ്‌സൈറ്റ് ക്രാഷാവുകയും ചെയ്തു. എന്നാല്‍ പ്രഭാസിന്റെ ആരാധകര്‍ക്ക് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. പ്രഭാസിന്റെ കല്‍ക്കിയാണെന്ന് കരുതി ചില ഫാന്‍സ് 2019ല്‍ പുറത്തിറങ്ങിയ മറ്റൊരു കല്‍ക്കിയുടെ ടിക്കറ്റാണ് ബുക്ക് ചെയ്തത്.

തെലുങ്ക് സൂപ്പര്‍താരം ഡോ. രാജശേഖര്‍ നായകനായ കല്‍ക്കി ഈയാഴ്ച റീ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. വളരെ കുറച്ച് തിയേറ്ററുകളില്‍ മാത്രമേ ചിത്രം റീ റിലീസ് ചെയ്യുന്നുള്ളൂ. എന്നാല്‍ പ്രഭാസിന്റെ കല്‍ക്കിയാണെന്ന് കരുതി ഈ കല്‍ക്കിക്ക് ആളുകള്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും ഇതിനോടകം ഏഴ് തിയേറ്ററുകളിലെ ഷോ ഹൗസ്ഫുള്ളാവുകയും ചെയ്തിട്ടുണ്ട്.

പല തിയേറ്ററുകളിലും ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനുള്ള ഓപ്ഷന്‍ ഇല്ലാത്തതിനാല്‍ ആരാധകര്‍ പെട്ടിരിക്കുകയാണ്. എന്തായാലും ഇങ്ങനെയൊരു സമയത്ത് പഴയ കല്‍ക്കി റീ റിലീസ് ചെയ്യാന്‍ പ്രൊഡ്യൂസര്‍ കാണിച്ച ബുദ്ധിയെ പലരും പ്രശംസിച്ചിക്കുന്നുണ്ട്.

അതേസമയം, ബുക്കിങ് തുടങ്ങി 24 മണിക്കൂറാകുമ്പോഴേക്ക് രണ്ട് ലക്ഷത്തിലധികം ടിക്കറ്റുകളാണ് കല്‍ക്കിയുടേതായി വിറ്റുപോയത്. പ്രീ സെയിലും മറ്റ് ബുക്കിങ്ങുകളും കൂട്ടി നോക്കുമ്പോള്‍ ആദ്യ ദിനം തന്നെ 100 കോടിക്ക് മുകളില്‍ കളക്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാഹുബലി 2വിന് ശേഷം പ്രഭാസിന്റെ നാല് ചിത്രങ്ങളാണ് ആദ്യ ദിനം തന്നെ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുള്ളത്. കല്‍ക്കിയിലൂടെ താരത്തിന്റെ ഗംഭീര തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Rajasekhar’s Kalki goes housefull as Prabhas fans mistake it for Kalki 2898 AD