ഞാനും പിന്നൊരു ഞാനും എന്ന സിനിമയുടെ റിലീസ് ദിനത്തില്‍ പെണ്‍വേഷത്തിലാണ് സംവിധായകന്‍ രാജസേനന്‍ തിയേറ്ററിലെത്തിയത്. ആ സ്ത്രീ വേഷത്തിന് നിരവധി ട്രോളുകള്‍ വന്നിട്ടുണ്ടെന്ന് പറയുകയാണ് രാജസേനന്‍. ഒരു ട്രോളില്‍ തന്റെ ജാതി വരെ ചോദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രോളിനെയൊന്നും കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും ട്രോളുകളുണ്ടെങ്കിലേ പല കാര്യങ്ങള്‍ ആളുകള്‍ അറിയുകയുള്ളൂവെന്നും രാജസേനന്‍ പറഞ്ഞു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്ത്രീ വേഷം നന്നായെന്ന് പലരും അഭിപ്രായപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
‘സ്ത്രീ വേഷത്തില്‍ വന്നത് പ്രൊമോഷന്‍ ലക്ഷ്യമിട്ട് കൊണ്ടു തന്നെയാണ്. പക്ഷേ ആ സ്ത്രീ വേഷം സിനിമയിലുണ്ട്. ഞാനും പിന്നൊരു ഞാനും എന്ന് പറയുന്നത് ഏകദേശം അതാണ്. പക്ഷേ സിനിമയിലത് വരുന്നത് പ്രത്യേക സീക്വെന്‍സിലാണ്. ആ സീക്വന്‍സ് കുറച്ച് ഹെവിയാണ്. ഏഴ് വര്‍ഷം കഴിഞ്ഞ് സിനിമയിലേക്ക് തിരിച്ച് വന്നൊരാളാണ്. അങ്ങനൊരാള്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ എന്തെങ്കിലും ഗിമ്മിക്ക് വേണമല്ലോ. അത് വെറുതെ പോരാ. സിനിമയുമായി ബന്ധമുള്ള ഗിമ്മിക്ക് തന്നെ വേണം. അതിനാണ് അങ്ങനൊരു വേഷം.
ട്രോളുകള്‍ എന്തിനാണെന്ന് അറിയില്ല. ഒരുപാട് നന്നായത് കൊണ്ടാണോയെന്ന് അറിയില്ല. നന്നായിരുന്നു എന്നൊക്കെയാണ് പറയുന്നത്. എനിക്കറിയില്ല. പെണ്ണിനെ പോലെ തന്നെയുണ്ടായിരുന്നുവെന്ന് സിനിമ കണ്ടവരും പറയുന്നുണ്ട്. പിന്നെ ചില രാഷ്ട്രീയ പ്രശ്‌നങ്ങളൊക്കെ ഉണ്ട്. ഒരു ഒന്നര മാസം മുമ്പ് വരെ വേറൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ മറ്റൊന്നിലേക്ക് വന്നു. അങ്ങനെയാകുമ്പോള്‍ ചില പ്രതികാര ബുദ്ധികളൊക്കെയുണ്ടാകും.
ട്രോള്‍ ഞാന്‍ നന്നായി പ്രതീക്ഷിച്ചിരുന്നു. ആ ലൈവില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. ട്രോള്‍ നന്നായി വരുമെന്ന്. ട്രോള്‍ ചെയ്യുന്നതിനെയൊന്നും നമുക്ക് കുറ്റപ്പെടുത്താന്‍ സാധിക്കില്ല. ട്രോളൊക്കെ ഉണ്ടെങ്കിലേ പല കാര്യങ്ങളും പത്ത് പേരെങ്കിലും അറിയുള്ളൂ. എല്ലാം പോസിറ്റീവായി തന്നെ പോയിക്കഴിഞ്ഞാല്‍ ശ്രദ്ധിക്കില്ല.
പക്ഷേ ഇതില്‍ രസകരമായ ട്രോളുകള്‍ ഉണ്ട്. ഞാന്‍ നന്നായി പൊട്ടിച്ചിരിച്ച ട്രോളുകളുണ്ട്. എന്നാല്‍ ഇത്തിരി തറ ട്രോള്‍സുമുണ്ട്. അതും വേണം. എല്ലാം വേണം. ഇപ്പോഴും ഉണ്ട് ട്രോള്‍. രാജസേന്നന്റെ ജാതിയേതാണെന്ന് ചോദിച്ച്. ആ ട്രോളിന് നല്ല വ്യൂവര്‍ഷിപ്പുണ്ട്. അതില്‍ ഞാന്‍ പൊട്ടിച്ചിരിച്ച കുറച്ച് ഏരിയ ഉണ്ട്, അതെനിക്ക് പറയാന്‍ ബുദ്ധിമുട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
നേരത്തെ പല വാക്കുകള്‍ സിനിമയില്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നെന്നും ഇപ്പോള്‍ സ്ഥിതി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കാരണം നേരത്തെയൊക്കെ സിനിമകളില്‍ കോപ്പ് എന്ന വാക്ക് കട്ട് ചെയ്തിട്ടുണ്ട്. എന്റെ സിനിമയില്‍ സ്ഥിരമായി വരുന്ന വാക്കാണ് കോപ്പ്. ഇപ്പോള്‍ സിനിമയില്‍ ഏത് വാക്ക് വേണമെങ്കിലും ഉപയോഗിക്കാം. എന്റെ സിനിമയില്‍ അങ്ങനൊരു വാക്കുണ്ടായിരുന്നു.
വലിയൊരു ക്രൈം ചെയ്തയാളെ ഇന്ദ്രന്‍സ് വിളിക്കുന്നൊരു വാക്കുണ്ടായിരുന്നു. അത് ഡബ്ബ് ചെയ്തു. ഇരിക്കട്ടെയെന്ന് കരുതി. പക്ഷേ ഞാന്‍ ഇന്ദ്രനെ വിളിച്ച് വീണ്ടുമത് മാറ്റി ഡബ്ബ് ചെയ്യിച്ചു. എനിക്ക് എന്തോ പ്രശ്‌നം പോലെ തോന്നി. കാരണം സിനിമ കാണാന്‍ അച്ഛനും അമ്മയും മക്കളും ഒരുമിച്ച് ഇരിക്കുന്നതല്ലേ എന്ന് തോന്നി,’ രാജസേനന്‍ പറഞ്ഞു.