| Friday, 26th April 2013, 11:30 am

അടിയന്തരാവസ്ഥ കാലത്ത് കൊല്ലപ്പെട്ട രാജനെ കക്കയം ഡാമില്‍ താഴ്ത്തിയെന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അടിയന്തരാവസ്ഥക്കാലത്ത് പോലീസ് ഉരുട്ടിക്കൊന്ന രാജന്റെ മൃതദേഹം കക്കയം ഡാമില്‍ താഴ്ത്തിയെന്ന് വെളിപ്പെടുത്തല്‍. കോഴിക്കോട്ടെ പ്രമുഖ കോണ്‍ഗ്രസ് നേതാവും അടിയന്തരാവസ്ഥ കാലത്തെ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായ കെ. കരുണാകരന്റെ വിശ്വസ്തനുമായിരുന്ന കെ. സാദിരിക്കോയയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.[]

മീഡിയാ വണ്‍ ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. അടിയന്തരാവസ്ഥ കാലത്ത് കോഴിക്കോടെ കാര്യങ്ങള്‍ നിയന്ത്രിച്ചത് സാദിക്കോരയായിരുന്നു. രാജന്‍ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസം താന്‍ കക്കയം ക്യാമ്പില്‍ പോയിരുന്നെന്നും സാദിരിക്കോയ ചാനലിനോട് വെളിപ്പെടുത്തി.

രാജന്‍ കേസില്‍ ആരോപണവിധേയരായിരുന്ന ടി.വി മധുസൂദനന്‍, ലക്ഷ്മണ എന്നിവരുമായി സര്‍വീസിലുണ്ടായ ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായാല്‍ പോലീസുകാര്‍ സമരത്തിനിറങ്ങുമെന്ന ഊമക്കത്ത് അക്കാലത്ത് പ്രചരിച്ചതായും സാദിരിക്കോയ പറഞ്ഞു.

രാജനെ പോലീസ് പിടികൂടിയ അന്ന് രാത്രി കൊന്നിരുന്നുവെന്ന് അന്നത്തെ കോഴിക്കോട് ഇന്റലിജന്‍സ് ഓഫീസര്‍ കെ.ജി.കെ കുറുപ്പ് വെളിപ്പെടുത്തിയിരുന്നു.

അതേസമയം, അടിയന്തരാവസ്ഥ കാലത്ത് രാജനും വര്‍ക്കല വിജയനുമല്ലാതെ മറ്റ് രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടതായും ചാനല്‍ വെളിപ്പെടുത്തുന്നു. തൃശൂര്‍ സ്വദേശി അബ്ദുല്ല, മഞ്ചേരി സ്വദേശി ഹമീദ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍.

ദാമോദരന്‍ എന്ന പോലീസുകാരനെ കുത്തിയ കേസില്‍ നാദാപുരം സ്വദേശിയായ അബ്ദുറഹ്മാനെ കൊന്നതായി മുന്‍ ക്രൈംബ്രാഞ്ച് എസ്.ഐ ഹസ്സന്‍ കോയ വെളിപ്പെടുത്തിയിരുന്നു. അബ്ദുറഹ്മാനെ  കൊന്ന് കല്ലുവെട്ട് കുഴിയില്‍ താഴ്ത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍.

എന്നാല്‍ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് അബ്ദുറഹ്മാനല്ല ചെറുതുരുത്തി സ്വദേശി അബ്ദുല്ലയാണെന്ന് വെളിപ്പെടുകയായിരുന്നു. അബ്ദുല്ലയെ 35 വര്‍ഷം മുമ്പ് കാണാതായിരുന്നു. ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്ന ഹമീദിനെ ലോക്കപ്പില്‍ വെച്ച് കാണാതായെന്നായിരുന്നു വിവരം. ഇരുവരെയും കൊന്നതാണെന്ന് ഇപ്പോഴാണ് വെളിപ്പെടുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more