'ഇനിയും കാത്തിരിക്കാന്‍ വയ്യ'; രജനീകാന്തിനോട് ഉടന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കണമെന്ന് ഫാന്‍സ് അസോസിയേഷന്‍
national news
'ഇനിയും കാത്തിരിക്കാന്‍ വയ്യ'; രജനീകാന്തിനോട് ഉടന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കണമെന്ന് ഫാന്‍സ് അസോസിയേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th October 2020, 9:21 pm

ചെന്നൈ: രജനീകാന്തിനോട് ഉടന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഫാന്‍സ് അസോസിയേഷനായ രജനീ മക്കള്‍ മണ്‍ട്രം. ആവശ്യമുന്നയിച്ചുകൊണ്ട് വിവിധ ജില്ലകളില്‍ ആരാധകര്‍ പോസ്റ്ററുകള്‍ പതിച്ചു. ലക്ഷകണക്കിന് ജനങ്ങള്‍ക്ക് മുന്‍പില്‍ ഇരുകൈയ്യും വിടര്‍ത്തി നില്‍ക്കുന്ന രജനീകാന്താണ് പോസ്റ്ററുകളില്‍.

രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിനായി കാതോര്‍ത്തിരിക്കുകയാണെന്നും ഇനിയും കാത്തിരിക്കാന്‍ വയ്യെന്നും പോസ്റ്ററില്‍ പറയുന്നു. ചെന്നൈയില്‍ ഡി.എം.കെ ആസ്ഥാനത്തിന് മുന്നിലും രജനീകാന്തിന്റെ പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്.

രജനീകാന്ത് അഭിനയ ജീവിതത്തിന്റൈ 45ാം വര്‍ഷം പൂര്‍ത്തിയാക്കിയ ആഗസ്റ്റില്‍ രജനിയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അന്ന് താരത്തിനെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് മധുരയിലും കാഞ്ചീപുരത്തും ആരാധകര്‍ പോസ്റ്ററും കട്ടൗട്ടുകളും സ്ഥാപിച്ചിരുന്നു.

കഴിഞ്ഞ രണ്ട് ദശകങ്ങളായി രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സൂചിപ്പിക്കാറുള്ളതാണ്. 2017ല്‍ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ കമല്‍ഹാസനുമായി ചേര്‍ന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലായിരിക്കും രജനികാന്ത് പ്രവര്‍ത്തിക്കുകയെന്നുള്ള തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസം നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രജനീകാന്തിനോട് ആരാധകര്‍ വീണ്ടും ആവശ്യമുയര്‍ത്തിയിരിക്കുന്നത്.

കമലഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം തെരഞ്ഞെടുപ്പില്‍ സജീവമാകാന്‍ തീരുമാനിച്ചതായി അറിയിച്ചിരുന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള ചുമതല പാര്‍ട്ടി കമലഹാസനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

കമലഹാസനും വിജയ്‌യും രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമാകുമ്പോള്‍ പ്രധാന എതിരാളിയായി രജനീകാന്ത് രംഗത്തെത്തുമോയെന്നാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajanikanth should announce political party soon says Fans Association