|

കാവേരി വിഷയം: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കറുത്ത ബാന്‍ഡേജ് അണിഞ്ഞ് കളിക്കാന്‍ അനുവദിക്കണം, കേന്ദ്രം തമിഴ്‌നാടിന്റെ കോപത്തിനിരയാവുമെന്നും രജനീകാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കാവേരി വിഷയത്തില്‍ പ്രതിഷേധിക്കാന്‍ ഐ.പി.എല്‍ മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കറുത്ത ബാന്‍ഡേജ് അണിഞ്ഞ് കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്ന് തമിഴ് നടന്‍ രജനീകാന്ത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചില്ലെങ്കില്‍ കേന്ദ്രം തമിഴ്‌നാടിന്റെ മൊത്തം കോപത്തിന് ഇരയാവുമെന്നും രജനീകാന്ത് മുന്നറിയിപ്പ് നല്‍കി. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കറുപ്പണിഞ്ഞ് കളിച്ചാല്‍ ഇന്ത്യ മുഴുവന്‍ കാണുമെന്നും വിഷയം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാമെന്നും രജനീകാന്ത് പറഞ്ഞു. തന്റെ ചിത്രങ്ങള്‍ കര്‍ണാടകയില്‍ റിലീസ് ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ അത് ചിത്രത്തിന്റെ നിര്‍മ്മാതാക്കളും സര്‍ക്കാരും നോക്കേണ്ട കാര്യമാണ്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചതാണെന്ന് വിശ്വസിക്കുന്നില്ലെന്നും അവര്‍ ബോര്‍ഡ് രൂപീകരണം നീട്ടിക്കൊണ്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായി തുടരുന്ന കാവേരി സമരത്തില്‍ പിന്തുണയുമായി മറ്റ് സൂപ്പര്‍ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
തമിഴ് സൂപ്പര്‍ താരം വിജയ്, വിശാല്‍, എം. നാസര്‍ തുടങ്ങിയവരാണ് സമരത്തില്‍ പങ്കെടുത്ത് രംഗത്തെത്തിയിരിക്കുന്നത്.


Read Also: റേഡിയോ ജോക്കിയുടെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍


കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രം പരാജയപ്പെട്ടെന്നാരോപിച്ച് തമിഴ്‌നാട്ടില്‍ സമരം ശക്തമായിത്തന്നെ തുടരുകയാണ്. വിഷയത്തില്‍ വ്യാഴാഴ്ച തമിഴ്‌നാട്ടില്‍ നടന്ന ബന്ദ് റെയില്‍ ഗതാഗതത്തെപ്പോലും ബാധിച്ചിരുന്നു.

ബോര്‍ഡ് രൂപീകരണത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വവും കഴിഞ്ഞ ദിവസം നിരാഹാരമിരുന്നിരുന്നു. ചൊവ്വാഴ്ച രാവിലെ 8 മണിക്കാണ് പളനിസ്വാമിയും പനീര്‍സെല്‍വവും അപ്രതീക്ഷിതമായി നിരാഹാരമിരുന്നത്. വൈകിട്ട് 5 മണിവരെ നിരാഹാരം തുടര്‍ന്നു. നിരവധി പാര്‍ട്ടി അണികളും സമരത്തില്‍ അണിചേര്‍ന്നിരുന്നു.


Read Also: ‘എന്നെ ഇത്രയും നാള്‍ സഹിച്ചതിന് നസ്രിയയ്ക്ക് ഒരായിരം നന്ദി’; പുരസ്‌കാര വേദിയില്‍ വികാരധീനനായി ഫഹദ്- വീഡിയോ


കാവേരി വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി നാളെയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. “തമിഴ്‌നാടിന്റെ ജല ദൗര്‍ലഭ്യം ഞങ്ങള്‍ക്ക് മനസിലാവുന്നു. ഞങ്ങളത് പരിഹരിക്കും” എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞിരുന്നു.

ഫെബ്രുവരി 16ന് സുപ്രീം കോടതി തമിഴ്‌നാടിന്റെ ജലവിഹിതം 192 ടി.എം.സിയില്‍ നിന്ന് 177.25 ടി.എം.സിയായി കുറച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയ്ക്ക് 14.75 ടി.എം.സി ജലം അധികം നല്‍കിയത് ബി.ജെ.പിയുടെ രാഷ്ട്രീയമാണെന്ന് തമിഴ്‌നാട് ആരോപിച്ചിരുന്നു.

ഫെബ്രുവരി 16ലെ സുപ്രീം കോടതി വിധി പ്രകാരം ആറാഴ്ചക്കുള്ളില്‍ കേന്ദ്രം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ പരാജയപ്പെട്ടതാണ് ഇപ്പോഴുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണം.