| Tuesday, 15th December 2020, 11:27 am

ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് ചിഹ്നം; രജനീകാന്തിന്റെ പാര്‍ട്ടി മക്കള്‍ സേവൈ കക്ഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. മക്കള്‍ ശക്തി കഴകമെന്ന പേര് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു.

നേരത്തെ മക്കള്‍ ശക്തി കഴകം എന്ന പേരും ബാബ മുദ്ര ചിഹ്നവുമായാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ പേര് മാറ്റാനും ഓട്ടോറിക്ഷ പുതിയ ചിഹ്നമായി ലഭിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

എന്നാല്‍ പാര്‍ട്ടിയുടെ പേരോ ചിഹ്നമോ സംബന്ധിച്ച് രജനീകാന്തോ, പാര്‍ട്ടി ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് ആ മാസം ആദ്യം രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. ആരാധക കൂട്ടായ്മയായ രജനി മക്കള്‍ മന്റവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം.

‘ജനുവരിയില്‍ പാര്‍ട്ടി തുടങ്ങും. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 31ന്. എല്ലാം മാറും. അത്ഭുതവും അതിശയവും സംഭവിക്കും’- എന്നായിരുന്നു ട്വീറ്റിലൂടെ രജനീകാന്ത് പ്രഖ്യാപിച്ചത്.

കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യം മുന്‍നിര്‍ത്തി പിന്മാറാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചെന്നും എന്നാല്‍, ജനങ്ങള്‍ക്കിടയിലേക്കിറങ്ങി പ്രവര്‍ത്തിച്ചു മരിക്കാനും തയാറെടുത്താണ് തീരുമാനമെന്നും രജനി വ്യക്തമാക്കിയിരുന്നു.

ഡിസംബര്‍ 31 ന് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജനുവരിയില്‍ പുതിയ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും സൂപ്പര്‍ സ്റ്റാര്‍ അറിയിച്ചിരുന്നു. തമിഴ്നാട്ടില്‍ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്ന് രജനി വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajanikanth Makkal Sevai Katchi; autorickshaw to be party symbol

We use cookies to give you the best possible experience. Learn more