'വെടിവെച്ചത് സാമൂഹ്യദ്രോഹികള്‍ അക്രമിച്ചതിനെ തുടര്‍ന്ന്'; തൂത്തുക്കുടി വെടിവെപ്പില്‍ പൊലീസിനെ ന്യായീകരിച്ച് രജനീകാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൂത്തുക്കുടി: വേദാന്ത കമ്പനിയുടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്ത പതിമൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തിയ പൊലീസ് നടപടിയെ ന്യായീകരിച്ച് തമിഴ് താരം രജനീകാന്ത്. പൊലീസിന് നേരെ ആക്രമണം ഉണ്ടായപ്പോഴാണ് പൊലീസ് വെടിവച്ചതെന്ന് രജനീകാന്ത് പറഞ്ഞു.

സാമൂഹ്യ ദ്രോഹികളാണ് ആക്രമണം നടത്തിയതെന്നും എല്ലാത്തിനും സമരം നടത്തിയാല്‍ തമിഴ്‌നാട് ചുടുകാടാവുമെന്നും അദ്ദേഹം പറഞ്ഞു. തൂത്തുകുടിയിലെ പൊലീസ് ആക്രമണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോടായിരുന്നു രജനീകാന്തിന്റെ പ്രതികരണം.

വേദാന്ത റിസോഴ്‌സസിന്റെ കീഴിലുള്ള സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രദേശവാസികള്‍ ദീര്‍ഘകാലമായി സമരത്തിലായിരുന്നു. നൂറാം ദിവസത്തെ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നത്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു സമരത്തിന് നേരെയുള്ള പൊലീസ് വെടിവെപ്പ് ഉണ്ടായത്. വെടിവെയ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതില്‍ 17 വയസുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു. പിറ്റേന്ന് നടന്ന പ്രതിഷേധപ്രകടനത്തിനിടെയും പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

പൊലീസ് വാനിന് മുകളില്‍ നിന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടി വയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്ലാന്റ് അടച്ച് പൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടു.