പ്രദീപ് രംഗനാഥന്റെ സംവിധാനത്തില്‍ ജയം രവി നായകനാവുന്ന ‘കോമാളി’യുടെ ട്രെയ്ലറിനെതിരെ രജനികാന്ത് ആരാധകര്‍. #BoycottComali എന്ന ഹാഷ് ടാഗുമായാണ് രജനി ആരാധകര്‍ ട്വിറ്ററില്‍ സിനിമക്കെതിരെ രംഗത്തെത്തിയത്.
16 വര്‍ഷം ‘കോമ’ അവസ്ഥയില്‍ കഴിഞ്ഞ വ്യക്തി, ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ സംഭവിക്കുന്ന രസങ്ങളാണ് സിനിമയുടെ കഥയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഇതിനകം 25 ലക്ഷത്തിലേറെ ആളുകളാണ് ട്രെയിലര്‍ യൂട്യൂബില്‍ കണ്ടത്.
രണ്ടേകാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറിന്റെ അവസാന ഭാഗമാണ് രജനീകാന്ത് ആരാധകരെ ചൊടിപ്പിച്ചത്. 16 വര്‍ഷത്തെ ‘ഇടവേള’യ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന നായകന്‍, ജീവിത പരിസരങ്ങളില്‍ വന്ന മാറ്റങ്ങളിലെല്ലാം അത്ഭുതം കൂറുന്നുണ്ട്.
ട്രെയ്ലറിന്റെ അവസാനഭാഗത്ത് ഇതേതാണ് വര്‍ഷമെന്ന് അടുത്തുനില്‍ക്കുന്ന യോഗി ബാബുവിന്റെ കഥാപാത്രത്തോട് നായകന്‍ ചോദിക്കുന്നു. 2016 എന്നാണ് യോഗി ബാബുവിന്റെ മറുപടി. നായകന്റെ സംശയം മാറ്റാനായി മുറിയിലുള്ള ടെലിവിഷന്‍ ഓണാക്കുകയാണ് യോഗി ബാബു. അതില്‍ രജനീകാന്തിന്റെ പ്രസംഗമാണ് നടക്കുന്നത്. തന്റെ രാഷ്ട്രീയ പ്രവേശനം ഉറപ്പാണെന്നാണ് രജനീകാന്ത് ചാനല്‍ ദൃശ്യത്തില്‍ പറയുന്നത്. എന്നാല്‍ ഈ ദൃശ്യം കാണുന്ന ജയം രവി, ‘ഇത് 96 ആണെന്നും ആരെയാണ് പറ്റിക്കാന്‍ ശ്രമിക്കുന്നതെന്നും’ ചോദിക്കുന്നു. ഇതാണ് രാജനീകാന്ത് ആരാധകരെ ചൊടിപ്പിച്ചത്.
1996ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജയലളിതയ്ക്കെതിരെ രജനി നടത്തിയ ഒരു പരാമര്‍ശം നേരത്തെ വിവാദമായിരുന്നു.. ‘ഒരിക്കല്‍ക്കൂടി ജയലളിത തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ദൈവത്തിന് പോലും തമിഴ്നാടിനെ രക്ഷിക്കാനാവില്ല’ എന്നായിരുന്നു അന്ന് രജനിയുടെ പ്രസ്താവന. ആ പ്രസ്താവനയാണ് ‘കോമാളി’യിലെ നായകന്‍ പുതിയ പ്രസംഗം കാണുമ്പോഴും ഓര്‍ക്കുന്നത്.
ഈ തമാശ നിലവാരമില്ലാത്തതാണെന്നും രംഗം സിനിമയില്‍ നിന്ന് നീക്കണമെന്നുമൊക്കെ ട്വിറ്ററില്‍ ആവശ്യം ഉയരുന്നുണ്ട്. രജനീകാന്തിന്റെ പേര് പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും ആളുകള്‍ പറയുന്നു. എന്നാല്‍ ‘കോമാളി’യുടെ അണിയറപ്രവര്‍ത്തകര്‍ ഇതിനെകുറിച്ച് പ്രതികരിച്ചിട്ടില്ല.
ചിത്രത്തില്‍ കാജല്‍ അഗര്‍വാളും സംയുക്ത ഹെഗ്ഡെയുമാണ് നായികമാര്‍. രവികുമാര്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജയം രവിയുടെ ഇരുപത്തിനാലാമത്തെ ചിത്രമാണ് കോമാളി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കാജലിന്റെയും ജയം രവിയുടെയും നിരവധി ഗെറ്റപ്പുകളിലെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.