ചെന്നൈ: രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ ഡിസ്ചാര്‍ജ് ചെയ്തതായി റിപ്പോര്‍ട്ട്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തതെന്ന് അപ്പോളോ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ആശങ്കപ്പെടുന്ന രീതിയില്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഒരാഴ്ച അദ്ദേഹത്തിന് പൂര്‍ണ്ണവിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഡിസംബര്‍ 25 നാണ് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രജനിയെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രജനിയുടെ പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ സെറ്റില്‍ എട്ടു പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡിസംബര്‍ 22 ന് നടത്തിയ കൊവിഡ് പരിശോധനയില്‍ രജനീകാന്തിന് കൊവിഡ് നെഗറ്റീവായിരുന്നു.
അന്നു മുതല്‍ തന്നെ വീട്ടില്‍ ഐസൊലേഷനിലായിരുന്നു അദ്ദേഹം. എന്നാല്‍ രാവിലെയോടെ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കൊവിഡ് ലക്ഷണങ്ങളൊന്നും അദ്ദേഹത്തിന് ഇല്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള ആദ്യ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം ഒഴിച്ചാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.
ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചുകൊണ്ട് രജനീകാന്ത് കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. ഡിസംബര്‍ 31ന് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.