ചെന്നൈ: തൂത്തുക്കുടിയിലെ വേദാന്ത കമ്പനിയുടെ സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ സമരം നടത്തിയവര്‍ക്കതിരെ വിവാദ പ്രസ്താവന നടത്തിയതില്‍ നടന്‍ രജനീകാന്ത് മാപ്പു പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ വച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ എന്റെ പ്രതികരണം പരുക്കനും ഭീഷണി നിറഞ്ഞുതുമായിരുന്നെന്ന് മാധ്യമസുഹൃത്തുക്കള്‍ പറഞ്ഞു. ഞാന്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു” എന്നായിരുന്നു രജനീകാന്തിന്റെ ട്വീറ്റ്.
പതിമൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തിയ പൊലീസ് നടപടിയെ ന്യായീകരിച്ച് കഴിഞ്ഞ ദിവസമാണ് രജനീകാന്ത് രംഗത്തെത്തിയത്. പൊലീസിന് നേരെ ആക്രമണം ഉണ്ടായപ്പോഴാണ് പൊലീസ് വെടിവച്ചതെന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം.
സാമൂഹ്യ ദ്രോഹികളാണ് ആക്രമണം നടത്തിയതെന്നും എല്ലാത്തിനും സമരം നടത്തിയാല്‍ തമിഴ്നാട് ചുടുകാടാവുമെന്നും അദ്ദേഹം പറഞ്ഞു. തൂത്തുകുടിയിലെ പൊലീസ് ആക്രമണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോടായിരുന്നു രജനീകാന്തിന്റെ പ്രതികരണം. രജനിയുടെ ഈ പ്രസ്താവനയ്ക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വേദാന്ത റിസോഴ്സസിന്റെ കീഴിലുള്ള സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രദേശവാസികള്‍ ദീര്‍ഘകാലമായി സമരത്തിലായിരുന്നു. നൂറാം ദിവസത്തെ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നത്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു സമരത്തിന് നേരെയുള്ള പൊലീസ് വെടിവെപ്പ് ഉണ്ടായത്. വെടിവെയ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതില്‍ 17 വയസുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു. പിറ്റേന്ന് നടന്ന പ്രതിഷേധപ്രകടനത്തിനിടെയും പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
പൊലീസ് വാനിന് മുകളില്‍ നിന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടി വയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്ലാന്റ് അടച്ച് പൂട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിട്ടു.